തിരുവനന്തപുരം: അര്‍ജൻ്റീനയില്‍ നിന്ന് ഏപ്രില്‍ ഒന്നിന് 147 പേരുമായി പുറപ്പെട്ട കപ്പലിലെ യാത്രക്കാര്‍ക്ക് ഹാൻ്റ വൈറസ് അണുബാധ സ്ഥിരീകരിച്ചത് ലോകം ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. പൊതുവേ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരാത്ത വൈറസ് ഇക്കുറി മനുഷ്യര്‍ക്കിടിയില്‍ പകര്‍ന്നതാണ് ആശങ്കയുടെ പ്രധാന കാരണം. ഹാൻ്റ വൈറസിലെ ആന്‍ഡീസ് സ്‌ട്രെയിനാണ് രോഗബാധയ്ക്ക് കാരണം. കപ്പലിലുണ്ടായിരുന്ന എട്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ മൂന്നു പേര്‍ മരിച്ചു. കപ്പലില്‍ രണ്ടു ഇന്ത്യക്കാരുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്‌ധരുടെ നിര്‍ദേശം. ലോകത്തിൻ്റെ ഏത് ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധയും പൊതുവേ കേരളത്തില്‍ സ്ഥിരീകരിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, അന്താരാഷ്ട്ര യാത്ര ചെയ്യുന്നവരുട എണ്ണത്തിലെ വര്‍ധനവ്, അശാസ്ത്രീയമായ നഗരവത്കരണം, വര്‍ധിച്ച ജനസാന്ദ്രത, വിദേശത്ത് ജോലിചെയ്യുന്നവരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെ ഉയര്‍ന്ന സംഖ്യ തുടങ്ങിയവയാണ് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിക്കുന്നതിന് പിന്നിലെ കാരണങ്ങളെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ എ. അല്‍ത്താഫ് പറഞ്ഞു.
ഹാൻ്റ വൈറസ്
എലി, അണ്ണാന്‍, മുയല്‍ തുടങ്ങി കരണ്ടുതിന്നുന്ന മൃഗങ്ങളില്‍ കാണുന്ന ഒരു കൂട്ടം വൈറസാണ് ഹാൻ്റ വൈറസ്. ഹാൻ്റാവിറിഡെ കുടുംബത്തില്‍പ്പെടുന്ന ഈ വൈറസുകളിലെ ചില വിഭാഗങ്ങള്‍ മനുഷ്യരില്‍ അസുഖമുണ്ടാക്കും. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാണുന്ന ഹാൻ്റ വൈറസ്, ഹാൻ്റാവൈറസ് കാര്‍ഡിയോ പള്‍മണറി സിന്‍ഡ്രോം (എച്ച്സിപിഎസ്) എന്ന ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും.
അസുഖം മൂര്‍ച്ഛിച്ചാല്‍ രോഗിയുടെ മരണത്തിനുവരെ കാരണമായേക്കാം. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി സ്ഥിരീകരിച്ചിട്ടുള്ള ഒരേയൊരു ഹാൻ്റാ വൈറസായ ആന്‍ഡീസ് ഈ കൂട്ടത്തില്‍ വരുന്നവയാണ്. കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ അടക്കം തകരാറിലാക്കുന്ന ഹെമറേജിക് ഫീവര്‍ വിത്ത് റീനല്‍ സിന്‍ഡ്രോമിന് കാരണമാവുന്ന വൈറസുകളാണ് ഏഷ്യയിലും യൂറോപ്പിലും കാണുന്നത്. എന്നാല്‍, യൂറോപ്പിലും ഏഷ്യയിലും ഇതുവരെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
വൈറസ് ബാധ എങ്ങനെ
മൃഗങ്ങളുടെ തുപ്പല്‍, വിസര്‍ജ്യം എന്നിവയുമായി മനുഷ്യര്‍ സമ്പർക്കത്തില്‍ വരുമ്പോഴാണ് വൈറസ് പകരുന്നത്. വൈറസ് ബാധയുള്ള മൃഗങ്ങളുടെ കടിയേല്‍ക്കുന്നതിലൂടെയും ചിലപ്പോള്‍ അസുഖം ബാധിച്ചേക്കാം. വൈറസ് മനുഷ്യൻ്റെ ശ്വാസകോശത്തില്‍ എത്തുന്നതോടെയാണ് അണുബാധയുണ്ടാവുന്നത്. ഒന്നു മുതല്‍ എട്ടാഴ്ച്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ശ്രദ്ധിക്കാം
എലി ശല്യം പല വീടുകളും ഓഫിസുകളിലും കൂടുതലാണ്. എലികളെ നിയന്ത്രിക്കുക എന്നതാണ് വൈറസ് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. എലിയുടെ വിസര്‍ജ്യവുമായി സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. മാലിന്യ സംസ്‌കരണം കൃത്യമാണെന്ന് ഉറപ്പുവരുത്താം. പറമ്പ്, അടഞ്ഞു കിടക്കുന്ന മുറി തുടങ്ങി എലി കൂടുതല്‍ കാണാന്‍ സാധ്യതയുള്ള ഇടങ്ങള്‍ വൃത്തിയാക്കിയ ശേഷം കൈകാലുകള്‍ വൃത്തിയായി കഴുകണം. കൃഷിയിടങ്ങളില്‍ പോയതിന് ശേഷവും ശുചിത്വം പാലിക്കണം. കൈ കഴുകിയതിന് ശേഷം മാത്രം മുഖത്തു പിടിക്കുക.
ലക്ഷണങ്ങളും ചികിത്സയും
പനി, ചുമ, കഫക്കെട്ട്, ജലദോഷം, തുമ്മല്‍, തൊണ്ടവേദന തുടങ്ങി ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളാണ് വൈറസ് ബാധയ്ക്കും പ്രകടമാവുന്നത്. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടണം. ഹാൻ്റ വൈറസ് ബാധയ്ക്ക് മരുന്നില്ല. ലക്ഷണങ്ങളുടെ ചികിത്സയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചികിത്സ വൈകിയാല്‍ ന്യുമോണിയയിലേക്കും കിഡ്‌നി, ലിവര്‍ തുടങ്ങിയ ആന്തരിക അവയവയങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്കും രോഗം മൂര്‍ച്ഛിച്ചേക്കാം.
മരണനിരക്ക്
പ്രതിവര്‍ഷം ലോകത്ത് 10,000 മുതല്‍ 1,00,000 ആളുകള്‍ ഹാൻ്റ വൈറസ് ബാധിതരാവുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഏകദേശം 40 ശതമാനമാണ് വൈറസ് ബാധിതരിലെ മരണനിരക്കെന്ന് ഡോ. അല്‍ത്താഫ് വ്യക്തമാക്കുന്നു.
മുന്‍പും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്
ഹാൻ്റ വൈറസ് രാജ്യത്ത് മുന്‍പും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് ഡോ. അല്‍ത്താഫ് പറഞ്ഞു. 2006-ല്‍ ആന്ധ്രാ പ്രദേശിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. 2014-ല്‍ തിരുവനന്തപുരത്ത് ഹാൻ്റ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുമായി മൂന്നു രോഗികള്‍ എത്തിയിരുന്നെങ്കിലും പരിശോധനയില്‍ വൈറസ് സ്ഥരീകരിച്ചിരുന്നില്ല.
വൈറല്‍ രോഗങ്ങളുടെ വ്യാപനം തടയാന്‍ ആശുപത്രികളും ശ്രദ്ധിക്കണം
പലപ്പോഴും ആശുപത്രികളില്‍ വച്ചാണ് വൈറസ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതെന്നാണ് ഡോ. അല്‍ത്താഫിൻ്റെ വിലയിരുത്തൽ. രോഗികളും ആരോഗ്യപ്രവര്‍ത്തകരും ശുചിത്വം കൃത്യമായി പാലിക്കുക, ഒപി മുറികളില്‍ വായൂസഞ്ചാരം ഉറപ്പുവരുത്തുക, പരിശോധനാ മുറിയില്‍ എയര്‍ കണ്ടീഷന്‍ ഒഴിവാക്കുകയോ ഹെപ്പാ ഫില്‍റ്റര്‍ ഉള്ളവ സ്ഥാപിക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം തടയാനാവും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.









