വേനൽ ചൂടും പാമ്പുകളും: കേരളത്തിൽ ഉഷ്ണതരംഗം മരണക്കെണിയാകുന്നു

0
31

കനത്ത ചൂടിൽ സംസ്ഥാനം വെന്തുരുകുന്നതിനിടയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ സൂര്യാഘാതമേറ്റ് ഒരു മരണവും പാമ്പുകടിയേറ്റുള്ള ഒന്നിലധികം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ചൂട് വർധിക്കുന്നത് പാമ്പുകളെ തണുപ്പുള്ള ഇടങ്ങളും വെള്ളവും തേടി ജനവാസ മേഖലകളിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂർ ചക്കരക്കൽ സ്വദേശിയായ 37 വയസ്സുകാരൻ സനൽ കുമാർ വ്യാഴാഴ്ചയാണ് കിണർ കുഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യ സൂര്യാഘാത മരണമാണിത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരം പ്രകാരം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സനൽ കുമാറിന്റേത് സൂര്യാഘാത മരണമാണെന്ന് സൂചിപ്പിക്കുന്നു.

സനൽ കുമാറിന്റെ മരണം സംബന്ധിച്ച ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ, “സനൽ കുമാറിന്റെ ശരീരതാപനില 107 (ഫാരൻഹീറ്റ്) ആയിരുന്നു. ഇത് അസ്വാഭാവികമാം വിധം ഉയർന്ന നിലയാണ്. സാധാരണ ശരീരതാപനില 98 ഡിഗ്രിയാണ്. പനിയുള്ള ഒരാൾക്ക് ഇത് 102 അല്ലെങ്കിൽ 103 ഡിഗ്രി വരെയാകാം. അദ്ദേഹത്തിന് നേരിട്ട് സൂര്യപ്രകാശമേറ്റിരുന്നു. എംആർഐ റിപ്പോർട്ട് ഉൾപ്പെടെയുള്ള മറ്റെല്ലാ ഘടകങ്ങളും പ്രാഥമികമായി വിരൽ ചൂണ്ടുന്നത് സൂര്യാഘാതം മൂലമാണ് സനൽ കുമാർ മരിച്ചതെന്നാണ്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് മുൻപായി ആരോഗ്യ വകുപ്പ് ഒരു ഡെത്ത് ഓഡിറ്റ് കൂടി നടത്തുന്നതാണ്.”

കഠിനമായ വേനൽക്കാലത്ത് വിഷപ്പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിലെ അപകടം എത്രമാത്രം എന്ന് വ്യക്തമാക്കുന്നതായിരുന്നു കേരളത്തിൽ ഈ ആഴ്ച തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട പാമ്പുകടി കേസുകൾ. ഞായറാഴ്ച തൃശ്ശൂരിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം തറയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് സഹോദരങ്ങൾക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു. ഒരു കുട്ടി മരിക്കുകയും മറ്റൊരാൾ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയുമാണ്. ഇവരുടെ വീടിന്റെ പരിസരത്ത് നിന്ന് നിരവധി പാമ്പിൻ കുഞ്ഞുങ്ങളെ വനംവകുപ്പ് കണ്ടെത്തി

.
ചൂടിൽ നിന്ന് രക്ഷതേടി വീടിനുള്ളിലെ തറയ്ക്കടിയിൽ അഭയം പ്രാപിച്ച പാമ്പിന്റെ കടിയേറ്റ് മറ്റൊരു ആൺകുട്ടിയും മരണപ്പെട്ടു. “വേനൽച്ചൂട് പാമ്പുകളെ വീടുകൾക്ക് സമീപമുള്ള തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ആകർഷിക്കുന്നു. എലികളുടെ സാന്നിധ്യവും പാമ്പുകളെ ഇവിടേക്ക് എത്തിക്കുന്നു. ഇത് പാമ്പുകളുടെ പ്രജനന കാലം കൂടിയായതിനാൽ കുഞ്ഞുങ്ങളെ കൂട്ടമായി കാണാൻ സാധ്യതയുണ്ട്,” മുഹമ്മദ് അൻവർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്.

പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഐ.എം.ഡി ഹീറ്റ് വേവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ ഉയർന്ന ഈർപ്പം കാരണം 40 ഡിഗ്രി ചൂട് അനുഭവപ്പെടുന്നത് ഏകദേശം 45 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയായാണ്.

 

രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ പൊതുജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നിർദ്ദേശിച്ചു. “ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം. അനാവശ്യ യാത്രകളും പുറം ജോലികളും ഈ സമയങ്ങളിൽ ഒഴിവാക്കേണ്ടതാണ്. മുറികളിലും തൊഴിലിടങ്ങളിലും കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണം,” മുഖ്യമന്ത്രി നിർദേശിക്കുന്നു.

മഴയിൽ ഉണ്ടായ 42 ശതമാനം കുറവും ഉയർന്ന ഈർപ്പവുമാണ് ഇത്തവണത്തെ ചൂട് ഇത്ര കഠിനമാക്കാൻ കാരണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഏപ്രിൽ 27ന് ശേഷം ഒറ്റപ്പെട്ട മഴ ലഭിക്കുന്നതോടെ ചൂടിന് നേരിയ ശമനമുണ്ടാകാൻ സാധ്യതയുണ്ട്. മുമ്പ് 2016ലും 2024ലും സംസ്ഥാനത്ത് താപനില 40 ഡിഗ്രിക്ക് മുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഉയർന്ന ആർദ്രതയും മഴയുടെ വലിയ കുറവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതായി ഡോ. അഭിലാഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here