നാറ്റോ സഖ്യകക്ഷികളെ തരംതിരിച്ചുകൊണ്ടുള്ള പട്ടിക ട്രംപ് തയ്യാറാക്കിയതായി റിപ്പോർട്ടുകൾ

0
50

ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണച്ചവർക്ക് പ്രതിഫലവും വിട്ടുനിന്നവർക്ക് ശിക്ഷയും നൽകാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി നാറ്റോ (NATO) സഖ്യകക്ഷികളെ ‘നല്ലവരെന്നും’ (Nice) ‘മോശക്കാരെന്നും’ (Naughty) തരംതിരിച്ചുകൊണ്ടുള്ള പട്ടിക ട്രംപ് തയ്യാറാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സഖ്യകക്ഷികൾ നൽകുന്ന പ്രതിരോധ സംഭാവനകളും യുദ്ധത്തിലെ നിലപാടും അടിസ്ഥാനമാക്കിയാണ് ഈ നീക്കം.

നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഈ മാസം ആദ്യം വാഷിംഗ്ടൺ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയതെന്ന് ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നോട്ടുവെച്ച ആശയത്തിന്റെ തുടർച്ചയായാണ് ഈ പട്ടികയെ കാണുന്നത്. മാതൃകാപരമായ സഖ്യകക്ഷികൾക്ക് അമേരിക്കയിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്നും അല്ലാത്തവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ശിക്ഷാ നടപടികൾ എന്തൊക്കെ?

പട്ടികയിൽ മോശം വിലയിരുത്തൽ ലഭിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടികൾ അമേരിക്ക സ്വീകരിച്ചേക്കാം. ആ രാജ്യങ്ങളിലുള്ള യുഎസ് സൈനികരെ പിൻവലിക്കുകയോ അമേരിക്കൻ പ്രതിരോധ സാങ്കേതികവിദ്യ കൈമാറുന്നത് തടയുകയോ ചെയ്തേക്കാം. എന്നാൽ ഇത്തരം നീക്കങ്ങൾ സഖ്യകക്ഷികളെക്കാൾ കൂടുതൽ ദോഷം ചെയ്യുന്നത് അമേരിക്കയ്ക്ക് തന്നെയാകുമെന്ന് യൂറോപ്യൻ നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. സൈനികരെ മാറ്റുന്നത് പോലുള്ള തീരുമാനങ്ങൾ അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളെയാകും ബാധിക്കുക.

പോളണ്ടും റൊമാനിയയും പട്ടികയിൽ മുൻപിൽ

വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങൾക്ക് ട്രംപിന്റെ പട്ടികയിൽ മികച്ച സ്ഥാനം ലഭിക്കാനാണ് സാധ്യത. നാറ്റോയിൽ ഏറ്റവും കൂടുതൽ പ്രതിരോധ വിഹിതം നൽകുന്ന രാജ്യമാണ് പോളണ്ട്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങൾക്കായി അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകിയ രാജ്യമാണ് റൊമാനിയ.

അതേസമയം ഭൂരിഭാഗം നാറ്റോ രാജ്യങ്ങളും ഗൾഫ് മേഖലയിലെ സംഘർഷത്തിൽ ചേരാൻ വിസമ്മതിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചു. ഹോർമുസ് ഇടുക്ക് തുറക്കാൻ നാറ്റോ പിന്നീട് സഹായം വാഗ്ദാനം ചെയ്തെങ്കിലും അത് തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് ആരിസോണയിൽ നടന്ന ചടങ്ങിൽ പറഞ്ഞു. “രണ്ട് മാസം മുമ്പ് എനിക്ക് നിങ്ങളുടെ സഹായം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ അത് വേണ്ട. ആവശ്യമുള്ളപ്പോൾ നിങ്ങൾ ഒന്നിനും കൊള്ളാത്തവരായിരുന്നു,” ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ആരെയും ആവശ്യമില്ലെന്നും മറ്റുള്ളവർക്കാണ് അമേരിക്കയെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറിപ്പുകയുന്ന നാറ്റോ ബന്ധം

റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ട്രംപ് കുറിച്ചത് ഇങ്ങനെയായിരുന്നു: ‘നമുക്ക് ആവശ്യമുള്ളപ്പോൾ നാറ്റോ കൂടെയുണ്ടായിരുന്നില്ല, ഇനിയും ആവശ്യമുണ്ടായാൽ അവർ ഉണ്ടാകുകയുമില്ല’. ഫെബ്രുവരിയിൽ ഇറാൻ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ട്രംപും നാറ്റോയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഗ്രീൻലൻഡ് വാങ്ങാനുള്ള താൽപ്പര്യവും യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ വിഹിതം കുറയുന്നതിനെതിരെയുള്ള വിമർശനവും ഇതിന് ആക്കം കൂട്ടി. സഖ്യകക്ഷികളെ വിശ്വസിക്കാതെ അമേരിക്ക സ്വന്തം നിലയിൽ കരുത്താർജ്ജിക്കേണ്ടതിന്റെ ആവശ്യകതയാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് ട്രംപ് വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here