ആവേശത്തോടെ വോട്ട് ചെയ്യുക; ബംഗാളിലെ യുവാക്കളോടും സ്ത്രീകൾകളോടും പ്രധാനമന്ത്രിയുടെ ആഹ്വാനം

0
27

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചതോടെ പശ്ചിമ ബംഗാളും തമിഴ്‌നാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലും ഒരൊറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോൾ, പശ്ചിമ ബംഗാളിൽ ഏപ്രിൽ 29 വരെ ഒരു ഘട്ടം കൂടി വോട്ടെടുപ്പ് ബാക്കിയുണ്ട്.

മാസങ്ങൾ നീണ്ടുനിന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾക്ക് പിന്നാലെ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യപ്പെട്ടതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കമായത്.

 

ബംഗാളിൽ രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതോടെ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണ ആവേശത്തോടെ പങ്കുചേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടു. “പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഈ ജനാധിപത്യ ഉത്സവത്തിൽ എല്ലാ പൗരന്മാരും പൂർണ്ണ ആവേശത്തോടെ പങ്കുചേരണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച് എന്റെ യുവ സുഹൃത്തുക്കളോടും പശ്ചിമ ബംഗാളിലെ സ്ത്രീകളോടും വൻതോതിൽ വോട്ട് രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു,” എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.

 

ഭരണകക്ഷിയായ മമതാ ബാനർജി സർക്കാരിനെതിരെ അഴിമതി, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനിടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ, നിലവിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റപ്പെട്ടവരുടെ വോട്ടവകാശത്തെയും പൗരത്വത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നതോടെ ബംഗാൾ പോരാട്ടം ഇപ്പോൾ കടുത്ത ധ്രുവീകരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

 

വ്യാപകമായ അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും മമതാ സർക്കാരിന് വലിയ തലവേദനയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയും സ്ത്രീ സുരക്ഷയും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായിരുന്നു. വോട്ടർ പട്ടിക പുതുക്കൽ നടപടിക്ക് ശേഷം നിരവധി പേരുടെ പേരുകൾ ഒഴിവാക്കപ്പെട്ടത് ജനങ്ങളുടെ വോട്ടവകാശത്തിന്മേലുള്ള കടന്നുകയറ്റമായി പ്രതിപക്ഷം ആരോപിച്ചിരുന്നു.

 

തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായന്മാരും പുതുമുഖങ്ങളും നേർക്കുനേർ വരുന്ന ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഭരണം നിലനിർത്താൻ ലക്ഷ്യമിടുന്ന ഡി.എം.കെ (DMK) സഖ്യത്തിന്റെ അമരക്കാരനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടരുമ്പോൾ, എടപ്പാടിയിൽ നിന്ന് പ്രതിപക്ഷ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് എ.ഐ.എ.ഡി.എം.കെ (AIADMK) തലവൻ എടപ്പാടി കെ. പളനിസ്വാമിയാണ്. ഡി.എം.കെയുടെ അടുത്ത തലമുറയുടെ മുഖമായി ഉദയനിധി സ്റ്റാലിൻ മാറുമ്പോൾ, തന്റെ ആദ്യ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്.

പ്രധാനമായും ഡി.എം.കെ നയിക്കുന്ന സഖ്യവും, അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്ന എ.ഐ.എ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here