അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ യുദ്ധത്തിൽ അനിശ്ചിതകാല വെടിനിർത്തൽ പ്രഖ്യാപിച്ച ദിവസം തന്നെ ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമിച്ചത് മൂന്ന് കപ്പലുകളാണ്. ഇറാന്റെ ഈ ആക്രമണത്തിന് തൊട്ടുമുൻപ് ഇതേ മേഖലയിൽ നിന്ന് ഒരു ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തിരുന്നു.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആണ് ഈ ആക്രമണങ്ങൾ നടത്തിയത്. വാർത്താ ഏജൻസിയായ എപിയും മറ്റ് ഇറാനിയൻ വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നത് ആക്രമിക്കപ്പെട്ട രണ്ട് കപ്പലുകൾ ഇറാനിലേക്ക് കൊണ്ടുപോയതായും മൂന്നാമത്തേത് ഇറാൻ തീരത്ത് “അടുപ്പിച്ചിരിക്കുകയാണെന്നുമാണ്.”
മാരിടൈം ഡാറ്റാ സ്ഥാപനമായ ‘മറൈൻ ട്രാഫിക്’ നൽകുന്ന വിവരങ്ങൾ പ്രകാരം ആക്രമിക്കപ്പെട്ട കപ്പലുകൾ ഇവയാണ്, ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകുകയായിരുന്ന എപാമിനോണ്ടസ്, എംഎസ്‌സി ഫ്രാൻസെസ്ക എന്ന കപ്പൽ ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തേക്ക് പോകുകയായിരുന്നു.യൂഫോറിയ കപ്പൽ ജിദ്ദയിലേക്കാണ് പോയിരുന്നത്.
ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തതോടെ ഇസ്‌ലാമാബാദിൽ നടക്കാനിരുന്ന സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പങ്കെടുക്കുമെന്ന് ട്രംപ് സ്ഥിരീകരിച്ചിട്ടും ഇറാൻ ചർച്ചയ്ക്ക് എത്താൻ തയ്യാറായില്ല. “ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് യുദ്ധപ്രഖ്യാപനമാണ്. വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതും ജീവനക്കാരെ ബന്ദികളാക്കുന്നതും അതിലും വലിയ നിയമലംഘനമാണ്,” ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി എക്‌സിൽ കുറിച്ചു. ” ഉപരോധങ്ങളെ എങ്ങനെ മറികടക്കണമെന്നും തങ്ങളുടെ താൽപ്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്നും ഭീഷണികളെ എങ്ങനെ പ്രതിരോധിക്കണമെന്നും ഇറാന് കൃത്യമായി അറിയാം.”
കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഈ ആക്രമണങ്ങളിലൂടെ സംഘർഷം ഏത് തലത്തിലേക്കാണ് നീങ്ങുന്നത്? ഇതിനെക്കുറിച്ച് 3 പോയിന്റുകളിൽ താഴെ വിശദീകരിക്കുന്നു:
1. സംഘർഷം വർധിപ്പിക്കാനുള്ള ഇറാന്റെ നീക്കം
വെടിനിർത്തൽ കരാർ ഇല്ലാതായാൽ ഇറാൻ വീണ്ടും ബോംബാക്രമണങ്ങൾ നേരിടേണ്ടി വരും. ഇത് ഇറാന്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദോഷകരമായി ബാധിക്കും. എങ്കിലും തങ്ങൾ പിന്നോട്ടില്ലെന്നും ഓരോ നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്. ചർച്ചകൾക്ക് തയ്യാറാവാതിരുന്നിട്ടും ട്രംപ് വെടിനിർത്തൽ നീട്ടിയത് തങ്ങളുടെ തന്ത്രങ്ങളുടെ വിജയമാണെന്ന് ഇറാൻ കരുതുന്നു. ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ തങ്ങൾ ഭയപ്പെടുന്നില്ലെന്ന് തെളിയിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
വെടിനിർത്തൽ കാലയളവിൽ മുമ്പും കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തിട്ടുണ്ടെങ്കിലും വെടിനിർത്തൽ നീട്ടിയ ദിവസം തന്നെ നടത്തിയ ഈ മൂന്ന് ആക്രമണങ്ങളിലൂടെ വ്യക്തമായ ഒരു സന്ദേശം ഇറാൻ നൽകുന്നുണ്ട്. ഭീഷണിക്ക് മുന്നിൽ ചർച്ചയ്ക്കില്ലെന്ന് ഐ.ആർ.ജി.സി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ “നാമാവശേഷമാക്കും” എന്ന മുന്നറിയിപ്പുകളെ തങ്ങൾ ഭയപ്പെടുന്നില്ലെന്ന് പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കുകയാണ് ഇറാൻ ഇപ്പോൾ ചെയ്യുന്നത്.
മറുഭാഗത്തെ അപേക്ഷിച്ച് കൂടുതൽ പ്രത്യാഘാതങ്ങൾ സഹിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. യുദ്ധം കാരണം എല്ലാ മേഖലകളിലും വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. ഐ.ആർ.ജി.സിക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു ഇടക്കാല തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതില്ല. എന്നാൽ ട്രംപിന് അത് നേരിടേണ്ടതുണ്ട്.
2. സംഘർഷവേദി ഹോർമുസ് കടലിടുക്ക്!
ഇറാനെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ വിലപേശൽ ശേഷി ഹോർമുസ് കടലിടുക്കാണ്. ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ സമ്മർദ്ദത്തിലാക്കാൻ ഇതിലൂടെ ഇറാന് സാധിക്കുന്നു. ചർച്ചകൾക്ക് മുമ്പായി ഇറാന്റെ ഈ കരുത്ത് ചോർത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. അതുകൊണ്ടാണ് വെടിനിർത്തൽ നിലനിൽക്കുമ്പോൾ തന്നെ ട്രംപ് ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ചത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ സമ്മർദ്ദത്തിലാകുന്നത് വരെ തങ്ങൾക്ക് ഈ ഉപരോധം അതിജീവിക്കാൻ കഴിയുമെന്ന് ഇറാൻ വിശ്വസിക്കുന്നു.
2026ൽ ആഗോള സാമ്പത്തിക വളർച്ച 3.1 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധിമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ചർച്ചയിലൂടെ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കപ്പെടുക ട്രംപിന്റെയും സഖ്യകക്ഷികളുടെയും സമ്പദ്‌വ്യവസ്ഥ സമ്മർദ്ദത്തിലായി അവർ പിൻവാങ്ങുന്നതിന് മുമ്പ് സ്വന്തം തുറമുഖങ്ങളിലെ ഈ ഉപരോധം സഹിച്ചുനിൽക്കാൻ ഇറാന് സാധിക്കുമോ എന്നത് ആശ്രയിച്ചാണ്.
3. അമിതവിശ്വാസത്തിന്റെ അപകടസാധ്യത
ഇറാന്റെ തന്ത്രങ്ങൾ നിലവിൽ അവർക്ക് ഗുണകരമാണെന്ന് തോന്നാമെങ്കിലും, ഇതിൽ വലിയ അപകടസാധ്യതയുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുമ്പോൾ ഇറാൻ ചർച്ചകളിൽ നിന്ന് വിട്ടുനിന്നാൽ അന്താരാഷ്ട്ര തലത്തിൽ അവർ ഒറ്റപ്പെട്ടേക്കാം. ഉപരോധങ്ങൾ നീക്കി സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കണമെങ്കിൽ ഇറാന് ലോകരാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. നയതന്ത്രപരമായി ഒറ്റപ്പെട്ടാൽ ഇത് അസാധ്യമാകും.






