കടുത്ത വെയിലാണ്. ചുട്ടുപൊള്ളുന്ന ചൂടും. ചൂടില്‍ വെന്ത്, വിയർത്തു കുളിച്ചിരിക്കുമ്പോള്‍ നല്ല തണുപ്പുള്ള ഒരു ബോട്ടില്‍ വെള്ളം കിട്ടിയാല്‍ എങ്ങനെയിരിക്കും? അതും ഒരു കിടിലൻ എനർജി ഡ്രിങ്ക് ആയാലോ? ശരീരം ഒന്ന് തണുത്ത് അല്‍പ്പം ഉന്മേഷമൊക്കെ ലഭിക്കുമല്ലേ?
മന്തിയോ ബിരിയാണിയോ പോലെ അത്യാവശ്യം ഹെവിയായ ഭക്ഷണം കഴിച്ച്, പിന്നാലെ ഇത്തരം എനർജി ഡ്രിങ്ക് അകത്താക്കുന്നത് പലർക്കും ഇഷ്‌ടമുള്ള കാര്യമാണ്. കഴിച്ച ഭക്ഷണം ദഹിക്കാനെന്ന് പറഞ്ഞാണ് നമ്മളിത് കുടിക്കുന്നത്. എന്നാല്‍ ഈ എനർജി ഡ്രിങ്കുകള്‍ നമുക്ക് ഗുണമല്ല തരുന്നത്, മറിച്ച് നല്ല എട്ടിന്‍റെ പണിയാണ്.
സമീപകാല പഠനങ്ങള്‍ പറയുന്നത്, യുവാക്കളിലെ കരള്‍ രോഗത്തിന് കാരണമാകുന്നത് പ്രധാനമായും എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗമാണ് എന്നാണ്. എനർജി ഡ്രിങ്കുകള്‍ കുടിക്കുന്നത് നമ്മെ വേഗത്തില്‍ രോഗിയാക്കുന്നില്ല. ഒരു സ്ലോ പോയ്‌സണ്‍ പോലെ കരളിനെ പതിയെ കാർന്ന് തിന്നുകയാണ് ചെയ്യുന്നത്. പക്ഷേ യുവാക്കളില്‍ ഏറിയ പങ്കും പ്രാരംഭ ലക്ഷണങ്ങള്‍ കൂടുതലായി കാണുന്നു എന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നല്‍കുന്നു.
എനർജി ഡ്രിങ്കുകള്‍ കരളിന്‍റെ ഘാതകർ
എനർജി ഡ്രിങ്കുകൾ കരളിന്‍റെ ആരോഗ്യത്തിൽ ചെലുത്തുന്ന ദോഷകരമായ സ്വാധീനത്തെക്കുറിച്ച് സമീപകാല മെഡിക്കൽ പഠനങ്ങൾ എടുത്തുകാണിച്ചിട്ടുണ്ട്. ബിഎംജെ കേസ് റിപ്പോർട്ട്സ് എന്ന ജേണലിൽ വ്യാപകമായി പറഞ്ഞ ഒരു സംഭവം, മുമ്പ് ആരോഗ്യവാനായ ഒരു വ്യക്തിയിൽ അമിത എനർജി ഡ്രിങ്ക് ഉപയോഗവുമായി ബന്ധപ്പെട്ട അക്യൂട്ട് ഹെപ്പറ്റൈറ്റിസ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഈ ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള നിയാസിൻ (വിറ്റാമിൻ ബി3) ആണ് ഈയൊരു അവസ്ഥയിലേക്ക് നയിക്കുന്നത്. നിയാസിൻ വലിയ അളവിൽ ഹെപ്പറ്റോടോക്‌സിക് ആണെന്ന് വിദഗ്‌ധർ പറയുന്നു.
മദ്യത്തിനൊപ്പമോ അനാരോഗ്യകരമായ ഭക്ഷണ പദാർഥങ്ങള്‍ക്കൊപ്പമോ ഇത്തരം ഡ്രിങ്കുകള്‍ പതിവായി കുടിക്കുന്നവർ പ്രത്യേകം ഓർക്കുക. ഈ പാനീയങ്ങൾ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വരാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നല്‍കുന്നു.
“കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കരൾ പ്രവർത്തനരഹിതമായ ചെറുപ്പക്കാരായ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ, മദ്യം, ഉയർന്ന അളവില്‍ പഞ്ചസാരയുള്ള പാനീയങ്ങൾ എന്നിവയുടെ ഉപയോഗമാണ് പ്രധാന കാരണം. പലപ്പോഴും നിരുപദ്രവകരമെന്ന് കരുതപ്പെടുന്ന എനർജി ഡ്രിങ്കുകളിൽ ഉയർന്ന അളവിൽ കഫീൻ, പഞ്ചസാര, കരളിന്മേൽ വലിയ സമ്മർദം ചെലുത്തുന്ന കെമിക്കൽ അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്” -ഡൽഹിയിലെ ബിഎൽകെ-മാക്‌സ് ഹോസ്‌പിറ്റലിലെ എച്ച്പിബി, ലിവർ ട്രാൻസ്പ്ലാന്‍റേഷൻ വിഭാഗം ചെയർമാനും തലവനുമായ ഡോ. അഭിദീപ് ചൗധരി പറഞ്ഞു.
മദ്യം എപ്പോഴും കരള്‍ രോഗത്തിനുള്ള പ്രധാന കാരണമാണ്. എനർജി ഡ്രിങ്കുകള്‍ മദ്യവുമായി സംയോജിപ്പിക്കുമ്പോഴോ അമിതമായി കഴിക്കുമ്പോഴോ, അവ കരളിനെ തകരാറിലാക്കുന്നു. പഞ്ചസാര പാനീയങ്ങൾ ഫാറ്റി ലിവർ രോഗത്തിന് കാരണമാകുന്നു. “മദ്യവും എനർജി ഡ്രിങ്കും ഒന്നിച്ചാല്‍ ഒരു കൊടുംകാറ്റ് തന്നെ സൃഷ്‌ടിക്കപ്പെടും. ഇത്തരം കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. കരൾ കേടുപാടുകൾ ഒരു നിശ്ചിത പരിധിക്കപ്പുറം പോകുകയാണെങ്കിൽ, കരൾ മാറ്റിവയ്ക്കൽ പലപ്പോഴും ജീവൻ രക്ഷിക്കാനുള്ള ഏക മാർഗമായി മാറുന്നു,” -ഡോ. ചൗധരി പറഞ്ഞു.
കഫീന് പുറമെ ടോറിൻ, ഹെർബൽ ഉത്തേജകങ്ങൾ തുടങ്ങിയ വസ്‌തുക്കളും അടങ്ങിയിട്ടുണ്ട്. കാലക്രമേണ, ഈ ബയോകെമിക്കൽ ഓവർലോഡ് കരളിന്‍റെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് ഡോക്‌ടർമാർ പറഞ്ഞു. “ഇന്ന്, കരൾ രോഗികളില്‍ ചില വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ഒരുകാലത്ത് പ്രായമായവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് 20 നും 30 നും ഇടയിൽ പ്രായമുള്ള രോഗികൾ ധാരാളമുണ്ട്.” -ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ എൽടിഎസ്‌ഐയുടെ നിയുക്ത പ്രസിഡന്‍റും ലിവർ ട്രാൻസ്പ്ലാന്‍റ്, ഹെപ്പറ്റോബിലിയറി ആൻഡ് പാൻക്രിയാറ്റിക് സർജറി മേധാവിയുമായ ഡോ. നീരവ് ഗോയൽ പറഞ്ഞു.
“ഈ പാനീയങ്ങൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും വീക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പല യുവാക്കൾക്കും അപകടസാധ്യതകളെക്കുറിച്ച് അറിയില്ല, കൂടാതെ ഈ പാനീയങ്ങൾ ഒരു സാധാരണ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കുന്നു,” -ഡോ. ഗോയൽ പറഞ്ഞു.
“കരൾ പ്രതിരോധശേഷിയുള്ള ഒരു അവയവമാണ്, പക്ഷേ ഈ ദോഷകരമായ വസ്‌തുക്കള്‍ തുടർച്ചയായി ഉപയോഗിക്കുന്നത് ക്രമേണ നാശത്തിലേക്ക് നയിക്കുന്നു. ഫാറ്റി ലിവർ മുതൽ വീക്കം, ഫൈബ്രോസിസ്, സിറോസിസ് വരെ ഉണ്ടാകുന്നു. സമയബന്ധിതമായി പരിഹരിച്ചാൽ പ്രാരംഭ ഘട്ടത്തിലുള്ള കരൾ രോഗം പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതിനാൽ അവബോധം നിർണായകമാണ്,” -എൽടിഎസ്‌ഐ സെക്രട്ടറിയും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെപ്പറ്റോളജി സീനിയർ കൺസൾട്ടന്‍റുമായ ഡോ. ചാൾസ് പനക്കൽ പറഞ്ഞു.
എനർജി ഡ്രിങ്കുകൾ സുരക്ഷിതമാണെന്ന ധാരണ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുടിക്കുമ്പോള്‍ നാവിന് രുചി തോന്നാമെങ്കിലും കരളിന് അത് അത്ര സുഖകരമായിരിക്കില്ല. എനർജി ഡ്രിങ്കുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് യുവ തലമുറയെ ബോധവാൻമാരാക്കാൻ മാതാപിതാക്കളും അധ്യാപകരുമെല്ലാം ശ്രദ്ധചെലുത്തേണ്ടതാണ്. കരളിനെ കരുതാം, ആരോഗ്യത്തോടെ ജീവിക്കാം.







