തൃശൂര്‍ പൂരത്തിൻ്റെ ആചാരങ്ങളും ചടങ്ങുകളും മുടങ്ങാൻ പാടില്ലെന്ന് പാറമേക്കാവ് ദേവസ്വം,

0
58

തൃശൂര്‍: പൂരത്തിൻ്റെ ശോഭ കുറയ്ക്കണോ അതോ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തണോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന ഏത് തീരുമാനവും ദേവസ്വം അംഗീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൻ്റെയും നാളെ നടക്കാനിരിക്കുന്ന അടിയന്തര യോഗത്തിൻ്റെയും തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ്.

പൂരത്തിൻ്റെ ആചാരങ്ങളും ചടങ്ങുകളും മുടങ്ങാൻ പാടില്ലെന്നതാണ് ദേവസ്വത്തിൻ്റെ ആഗ്രഹം. നൂറ്റാണ്ടുകളായുള്ള പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകാനാണ് ദേവസ്വം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിക്കെട്ട് നിർമാണത്തിൽ ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസുകളും പാലിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഫോടനത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തോടും ദേവസ്വം പൂർണ്ണമായി സഹകരിക്കും. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖകളും വിവരങ്ങളും കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരുവമ്പാടി ദേവസ്വവും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പൂരത്തിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം ദേവസ്വം മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഉണ്ടാകും.

അന്വേഷണം അനിവാര്യം, എല്ലാവരും ഒരുമിച്ച് നില്‍ക്കണെമന്ന് സുരേഷ് ഗോപി

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൻ്റെ കാരണം അറിയേണ്ടത് അനിവാര്യമെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപി. കൂടുതൽ സഹായങ്ങൾ നൽകാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണെം. നഷ്ടപരിഹാരം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുടെ കരുതലാണ്. പെസോ അധികൃതർ ഉടൻ സംഭവസ്ഥലത്തെത്തും. മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സ്‌ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിവരികയാണ്. കൂടുതൽ വ്യക്തതയ്ക്കായി കൂടുതൽ കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരും. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 13 പേർ കൊല്ലപ്പെട്ട സംഭവം അതീവ ദാരുണമാണ്. നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഈ അപകടം തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടയിലെ കറുത്ത അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് പുരയിൽ സ്ഫോടനം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങളിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ ധനസഹായം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.

തൃശൂർ പൂരം വിശ്വാസികളുടെയും നാടിൻ്റെയും വികാരമാണ്. എന്നാൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ പൂരത്തിൻ്റെ ആഘോഷങ്ങളിൽ എന്ത് മാറ്റം വരുത്തണം എന്നത് സംബന്ധിച്ച് ദേവസ്വങ്ങളും സർക്കാരും ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൃശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്‌ട പ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. അഞ്ച് മൃതശരീരങ്ങളുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു, മൂന്നെണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎൻഎ ടെസ്റ്റ് വേഗത്തിലാക്കുമെന്നും പൂരം നടത്തിപ്പിൽ ദേവസ്വം ബോർഡുമായി കൂടിയാലോചന നടത്തുമെന്നും കെ രാജൻ പറഞ്ഞു.

നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോർട്ടം ചെയ്‌തു. 15 ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ് മോർട്ടം ചെയ്യാനുള്ളത്. തുടർന്ന് ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തും. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള മെഡിക്കൽ കോളജ് സംവിധാനം കേന്ദ്രീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ഒരാളെ ഇപ്പോൾ സർജറിക്കു വിധേയമാക്കും. തിരിച്ചറിയാനാകാത്ത ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂരം മുൻവർഷങ്ങളിൽ വളരെ സുരക്ഷിതമായി സംസ്ഥാനത്ത് നടത്തിയതാണെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ നിയമവിദഗ്ധരുമായി ആലോചിച്ച് കൂടുതൽ നിയന്ത്രണങ്ങളും ശക്തമായ സുരക്ഷ മാനദണ്ഡങ്ങളും ഏർപ്പെടുത്തുന്ന കാര്യം സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തിയുള്ള ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമാണ് സർക്കാർ എക്കാലത്തും മുൻഗണന നൽകുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ജനവാസ മേഖലകളിലെ വെടിക്കെട്ട് പുരകളുടെ നിർമാണം, സൂക്ഷിക്കേണ്ട വെടിമരുന്നിൻ്റെ അളവ് എന്നിവയിൽ കർശന പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും. സുരക്ഷ വീഴ്ചകൾ എവിടെയെങ്കിലും കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അപകടസ്ഥലത്തുനിന്നും ഏഴ് പേരുടെ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം ഇന്നലെ പൂർത്തിയാക്കി മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാൻ സാധിക്കാത്ത അവശിഷ്ടങ്ങൾ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും പോസ്റ്റ്മോർട്ടത്തിലേക്ക് കടക്കുക. അപകടസ്ഥലത്ത് പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന ഊർജിതമാക്കി. ദ്രുതഗതിയിൽ വിവരങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചതായും മന്ത്രി അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം സർക്കാർ ഉടൻ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രത്യേക അനുമതി ലഭിച്ചതിന് ശേഷമേ മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപനമുണ്ടാകൂ. മുൻപ് കൊല്ലത്തെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന കർശന സുരക്ഷ മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകും: സിപിഎം

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകും. പാർട്ടിയും അവരോടൊപ്പമാണ്. പൂരം നടത്തിപ്പ് എല്ലാവരുടെയും യോജിച്ചുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ ഒരുതരത്തിലുള്ള വിദ്വേഷ പ്രചാരണവും ഈയൊരു ഘട്ടത്തിൽ ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂർ മുണ്ടത്തിക്കോട്ട് തൃശൂർ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ദുരന്തത്തെക്കുറിച്ച് ഗൗരവകരമായ പ്രതികരണങ്ങളാണ് അദ്ദേഹം നടത്തിയത്:

സുരക്ഷാ വീഴ്‌ച പരിശോധിക്കണമെന്ന് പ്രതിപക്ഷം

മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും ഇക്കാര്യത്തിൽ സുരക്ഷാ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

പൂരം വേണ്ടെന്നോ വെടിക്കെട്ട് വേണ്ടെന്നോ താൻ പറയുന്നില്ലെന്നും, എന്നാൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇത്തരം കാര്യങ്ങൾ നടത്താവൂ എന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ചതും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here