ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ ആരോഗ്യത്തെക്കാൾ മുൻഗണന നമ്മൾ പലപ്പോഴും നൽകുന്നത് ജോലിക്കും മറ്റ് ഉത്തരവാദിത്തങ്ങൾക്കുമാണ്. എന്നാൽ, ആരോഗ്യം എന്നത് വെറും രോഗമില്ലാത്ത അവസ്ഥ മാത്രമല്ല; അത് ശാരീരികവും മാനസികവുമായ ഉന്മേഷത്തിന്റെ ആകെത്തുകയാണ്.
നമ്മുടെ ശരീരം ആരോഗ്യകരമാണോ എന്ന് തിരിച്ചറിയാൻ ചില വിചിത്രമായ ലക്ഷണങ്ങൾ സഹായിക്കുമെന്ന് വ്യക്തമാക്കുകയാണ് ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നും എയിംസിൽ നിന്നും പരിശീലനം നേടിയ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേത്തി. ശരീരം ആരോഗ്യകരമാണെന്ന് വ്യക്തമാക്കുന്ന 10 അസാധാരണ ലക്ഷണങ്ങൾ ഇവയാണ്.
1. മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നത്
ചെറിയ മുറിവുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഉണങ്ങുന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രതിരോധ സംവിധാനവും രക്തചംക്രമണവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നാണ് ഇതിനർത്ഥം.
2. കൃത്യമായ ഇടവേളകളിലെ വിശപ്പ്
ഓരോ മൂന്ന് നാല് മണിക്കൂർ കൂടുമ്പോഴും നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ മെറ്റബോളിസം (ഉപാപചയ പ്രവർത്തനം) കൃത്യമാണെന്ന് മനസിലാക്കാം.
3. നല്ല നഖങ്ങൾ
പിങ്ക് നിറത്തിലുള്ള, മിനുസമാർന്ന നഖങ്ങൾ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്നതിന്റെ ലക്ഷണമാണ്.
4. പെട്ടെന്ന് വിയർക്കുന്നത്
വ്യായാമം ചെയ്യുമ്പോഴോ മറ്റോ പെട്ടെന്ന് വിയർക്കുന്നത് ശരീരത്തിന്റെ കാര്യക്ഷമമായ കൂളിങ് സിസ്റ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് കായികക്ഷമതയുള്ള (ആളുകളിൽ സാധാരണമാണ്.
5. സ്ഥിരമായി സ്വപ്നങ്ങൾ കാണുന്നത്
നിങ്ങൾ സ്ഥിരമായി സ്വപ്നങ്ങൾ കാണുന്നുണ്ടെങ്കിൽ അത് ‘റെം സ്ലീപ്പ്’ എന്ന ആഴത്തിലുള്ള ഉറക്കത്തിന്റെ ലക്ഷണമാണ്. തലച്ചോറിന്റെ വിശ്രമത്തിനും ഉന്മേഷത്തിനും ഇത് അത്യന്താപേക്ഷിതമാണ്.
6. വൃത്തിയുള്ള നാവ്
കട്ടിയുള്ള വെളുത്ത പാടുകളില്ലാത്ത, പ്രകൃതിദത്തമായ പിങ്ക് നിറത്തിലുള്ള നാവ് ആരോഗ്യകരമായ ദഹനവ്യവസ്ഥയുടെയും കുടലിന്റെ സന്തുലിതാവസ്ഥയുടെയും തെളിവാണ്.
7. ഭക്ഷണത്തിന്റെ മണം ഏൽക്കുമ്പോൾ വിശക്കുന്നത്
ഭക്ഷണത്തിന്റെ മണം കിട്ടുമ്പോൾ വിശപ്പ് തോന്നുന്നത് നിങ്ങളുടെ ശരീരത്തിലെ ദഹന എൻസൈമുകൾ കൃത്യമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്.
8. വിശക്കുമ്പോഴുണ്ടാകുന്ന മൂഡ് വ്യതിയാനങ്ങൾ
ഭക്ഷണം വൈകുമ്പോൾ ചെറിയ രീതിയിൽ ദേഷ്യമോ അസ്വസ്ഥതയോ തോന്നുന്നത്, ശരീരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കുകയും ഊർജത്തിനായി സൂചന നൽകുകയും ചെയ്യുന്നു എന്നതുകൊണ്ടാണ്.
9. തുടർച്ചയായ തുമ്മൽ
അടുപ്പിച്ചു പലതവണ തുമ്മുന്നത് ശ്വാസകോശത്തിലെ അനാവശ്യ ഘടകങ്ങളെ പുറന്തള്ളാൻ പ്രതിരോധ സംവിധാനം സജീവമായി ഇടപെടുന്നു എന്നതിന്റെ ലക്ഷണമാണ്.
10. കൃത്യസമയത്തെ ഉറക്കം
എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ നിങ്ങൾക്ക് ഉറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ ആന്തരിക ഘടികാരം കൃത്യമാണെന്ന് ഉറപ്പിക്കാം.
ഇത്തരം ലക്ഷണങ്ങൾ കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും, മറിച്ച് ഇവ നിങ്ങളുടെ ശരീരം പൂർണ ആരോഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ തെളിവുകളാണെന്നും ഡോ. സൗരഭ് സേത്തി ഓർമ്മിപ്പിച്ചു. ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.







