തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 12 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കൃത്യമായ പോളിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ. മുൻ തെരഞ്ഞെടുപ്പുകളിൽ ദിവസങ്ങൾക്കുള്ളിൽ കണക്കുകൾ പുറത്തുവിട്ടിരുന്നു. 79.63 ശതമാനമെന്ന ഏകദേശ കണക്ക് മാത്രമാണ് ഇതുവരെ നൽകിയത്.
കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകൾ തുറന്നെന്ന ആരോപണത്തെത്തുടർന്ന്, സീൽ ചെയ്ത മുറികൾ തുറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി.
കണക്കിലെ പൊരുത്തക്കേടുകൾ
കഴിഞ്ഞ ഒൻപതിനാണ് സംസ്ഥാനത്ത് പോളിങ് നടന്നത്. 78.27 ശതമാനം പോളിങ് നടന്നതായി പിറ്റേന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ 79.63 ശതമാനമാണ് പോൾ ചെയ്തതെന്ന് അടുത്ത ദിവസം കമ്മിഷൻ വ്യക്തമാക്കി. കേരളത്തിൽ 53,984 സർവീസ് വോട്ടർമാരാണുള്ളത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന സർവീസ് വോട്ടുകൾ വോട്ടെണ്ണുന്ന അടുത്ത മാസം നാലിന് രാവിലെ വരെ സ്വീകരിക്കും. പോളിങ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭൂരിഭാഗം സർവീസ് വോട്ടുകളും എത്താറുണ്ട്. ഇതുകൂടി ചേർത്താണ് സാധാരണ അന്തിമ കണക്ക് പ്രസിദ്ധീകരിക്കുക.
സർവീസ് വോട്ടുകളും ഉദ്യോഗസ്ഥരുടെ വോട്ടുകളും അന്തിമമാക്കിയ ശേഷം കണക്കുകൾ കൃത്യമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ രത്തൻ യു കേൽക്കർ ഇടിവി ഭാരതിനോട് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ശേഷമേ സംസ്ഥാനത്തെ പോളിങ് കണക്കുകൾ പുറത്തുവിടൂ. കമ്മിഷൻ്റെ കണക്കുപ്രകാരം പതിനായിരത്തിലേറെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായിട്ടില്ല. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ദുരൂഹത ആരോപിച്ച് കോൺഗ്രസ്
പോളിങ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നും ക്രമക്കേടിന് ശ്രമമുണ്ടോയെന്ന് സംശയമുണ്ടെന്നും ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ ഇടിവി ഭാരതിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടികളെല്ലാം സംശയാസ്പദമാണ്. മുൻ കാലങ്ങളിൽ വോട്ടിങ് മെഷീൻ സൂക്ഷിച്ചിരുന്ന പോലെയല്ല ഇപ്പോഴുള്ളത്. സിസിടിവിയിലൂടെ മാത്രമേ ഇപ്പോൾ കാണാനാകൂ. ഇതിൻ്റെ ദൃശ്യങ്ങളിൽ തിരിമറി നടത്തുമോയെന്ന ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പണിമുടക്കി സോഫ്റ്റ്‌വെയർ
തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരിൽ നിരവധിപേർക്ക് തപാൽ വോട്ട് ചെയ്യാനായില്ലെന്ന പരാതിക്ക് പിന്നാലെ, തപാൽ വോട്ട് കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്‌വെയറും പണിമുടക്കി. സോഫ്റ്റ്‌വെയർ ലോഗിൻ ചെയ്യാനോ വിവരങ്ങൾ കാണാനോ കഴിയുന്നില്ല.
തപാൽ വോട്ടിന് അപേക്ഷിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളെല്ലാം ജില്ല കേന്ദ്രങ്ങളിൽനിന്ന് അപ്‌ലോഡ് ചെയ്ത് സൂക്ഷിച്ചത് ഈ സൈറ്റിലായിരുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫിസർമാർ, ജില്ല കലക്ടർമാർ തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥർക്കെല്ലാമായാണ് സൈറ്റ് സജ്ജമാക്കിയത്. തെരഞ്ഞെടുപ്പിൻ്റെ വിവരങ്ങൾക്കും നിർദേശങ്ങൾക്കുമൊപ്പം തപാൽ വോട്ട് വിവരങ്ങളും ഇതിലാണ് സൂക്ഷിച്ചിരുന്നത്.









