മുൻ കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമായ ദിനേശ് ത്രിവേദി ബംഗ്ലാദേശിലെ ഇന്ത്യയുടെ അടുത്ത ഹൈക്കമ്മീഷണറായി നിയമിതനായേക്കുമെന്ന് സൂചന. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
2022 സെപ്റ്റംബർ മുതൽ ധാക്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന പ്രണയ് വർമ്മയെ ഏപ്രിൽ 10-ന് ബെൽജിയത്തിലേക്കും യൂറോപ്യൻ യൂണിയനിലേക്കുമുള്ള അംബാസഡറായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിനേശ് ത്രിവേദിയുടെ നിയമനം.
ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഒരു രാഷ്ട്രീയ നേതാവിനെ തന്നെ ഈ പദവിയിലേക്ക് നിയോഗിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു.
ആരാണ് ദിനേശ് ത്രിവേദി?
യുപിഎ ഭരണകാലത്ത് റെയിൽവേ മന്ത്രിയായും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയായും 75-കാരനായ ത്രിവേദി സേവനമനുഷ്ഠിച്ചിരുന്നു. പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാനത്തെ ബാരക്പൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയുമായിരുന്നു.
2021 ഫെബ്രുവരിയിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ ദീർഘകാലത്തെ രാഷ്ട്രീയ പരിചയസമ്പത്ത് കണക്കിലെടുത്താണ് ധാക്കയിലെ നിർണ്ണായകമായ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
പുതിയ നയതന്ത്ര നീക്കങ്ങൾ
1994 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനായ പ്രണയ് വർമ്മ 2022 സെപ്റ്റംബർ 21-നാണ് ധാക്കയിൽഹൈക്കമ്മീഷണറായി ചുമതലയേറ്റത്. ഈ മാസം ആദ്യം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാനും പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവായ ഹുമയൂൺ കബീറും ന്യൂഡൽഹി സന്ദർശിച്ചിരുന്നു. ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമായിരുന്നു ഇത്.
സന്ദർശന വേളയിൽ, പുതിയ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാനും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഇന്ത്യയുടെ താൽപ്പര്യം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചിരുന്നു. കഴിഞ്ഞ 18 മാസമായി നിലനിന്നിരുന്ന നയതന്ത്ര പ്രതിസന്ധി അവസാനിപ്പിച്ച് പുതിയൊരു സഹകരണ പാത വെട്ടിത്തെളിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.







