ബെംഗളൂരു: മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകന്‍ കൈക്കൂലി വാങ്ങിയെന്ന കന്നഡ ടിവി ചാനലിന്റെ സ്റ്റിങ് ഓപറേഷനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. നഗരവികസന ഏജന്‍സിയായ ബിഡിഎയുടെ ഫ്‌ളാറ്റ് നിര്‍മാണ പദ്ധതിയില്‍ യെദ്യൂരപ്പയുടെ മകനും മരുമകനും ചെറുമകനും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നും കൈക്കൂലി പണമായും ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ട് കൈമാറ്റം ചെയ്തതിന്റെയും വാട്ട്‌സ്‌ആപ്പ് ചാറ്റുകളും വീഡിയോ തെളിവുകളുമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
666 കോടി രൂപയുടെ ബിഡിഎ നിര്‍മാണ പദ്ധതിയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും കുടുംബവും കൈക്കൂലി വാങ്ങിയെന്നും സുപ്രിം കോടതി സിറ്റിങ് ജഡ്ജിയോ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസോ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.അന്വേഷണത്തില്‍ നീതി ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവയ്ക്കുകയോ ബിജെപി പുറത്താക്കുകയോ ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റുകളില്‍ പറഞ്ഞു.
666 കോടി രൂപയുടെ ബിഡിഎ ജോലികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ പുറപ്പെടുവിക്കാന്‍ ബിവൈ വിജയേന്ദ്ര 12 കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനും ഒരു ഹോട്ടലിന്റെ ഉടമയുമാണ് ഇതിന് മധ്യസ്ഥത വഹിച്ചതെന്നും കരാറുകാരന്‍ ഹോട്ടല്‍ ഉടമയ്ക്ക് തുക നല്‍കിയതായും ആരോപണമുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ ബിജെപി നേതൃത്വം നിഷേധിച്ചു. മുഖ്യമന്ത്രിയുടെ മകനായതിനാലാണ് വിജയേന്ദ്രയെ ലക്ഷ്യമിടുന്നതെന്നും ബിജെപി ഇതിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ലെന്നും ബിജെപി എംഎല്‍സി എന്‍ രവികുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു.