ഇറാനുമായുള്ള സംഘർഷത്തെക്കുറിച്ച് രാജ്യത്തോട് അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക നിശ്ചയിച്ചിരുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ ഏതാണ്ട് പൂർത്തിയായെന്ന് പറഞ്ഞ ട്രംപ്, അടുത്ത രണ്ട് മൂന്ന് ആഴ്ച കൂടി ആക്രമണം തുടരുമെന്നും സൂചന നൽകി.
- യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്.
- ഇറാൻ്റെ ആണവ പദ്ധതികളെ അപ്രസക്തമാക്കി.
- അടുത്ത രണ്ട് മൂന്ന് ആഴ്ച കൂടി ആക്രമണം തുടരുമെന്നും അദ്ദേഹം.
ഇറാന്റെ നാവിക – വ്യോമ സേനകളെ അമേരിക്കൻ സൈന്യം തകർത്തതായും അവരുടെ ബാലിസ്റ്റിക് മിസൈൽ, ആണവ പദ്ധതികളെ അപ്രസക്തമാക്കിയതായും ട്രംപ് അവകാശപ്പെട്ടു. തന്ത്രപ്രധാന ലക്ഷ്യങ്ങൾ പൂർത്തീകരണത്തോട് അടുക്കുകയാണെന്നും വളരെ വേഗത്തിൽ തന്നെ ഈ ദൗത്യം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുദ്ധം അവസാനിക്കാറായെന്ന് പറയുമ്പോഴും അടുത്ത രണ്ട് മൂന്ന് ആഴ്ച കൂടി ഇറാനിലെ ചില കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്ന സൂചനയും ട്രംപ് നൽകി.
ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് ആവർത്തിച്ചു. “നമ്മൾ കൈവരിച്ച പുരോഗതിയുടെ ഫലമായി, അമേരിക്കയുടെ എല്ലാ സൈനിക ലക്ഷ്യങ്ങളും ഉടൻ തന്നെ പൂർത്തിയാക്കാൻ കഴിയുന്ന ഘട്ടത്തിലാണ് നമ്മളുള്ളതെന്ന് ഇന്ന് രാത്രി എനിക്ക് പറയാൻ സാധിക്കും. വളരെ വേഗത്തിൽ തന്നെ അത് സംഭവിക്കും. അടുത്ത രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെയുള്ള സമയത്തിനുള്ളിൽ നമ്മൾ അവരെ അതിശക്തമായി തന്നെ ആക്രമിക്കും. അവരെ ശിലായുഗത്തിലേക്ക് നമ്മൾ തിരിച്ചയക്കും, അവിടെയാണ് അവരുടെ സ്ഥാനം”- ട്രംപ് പറഞ്ഞു.
ഇറാനിലെ വൈദ്യുതി ഉൽപാദന നിലയങ്ങളെയും ഊർജ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇറാൻ തങ്ങളുടെ വ്യവസ്ഥകൾക്ക് വഴങ്ങിയില്ലെങ്കിൽ രാജ്യം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
നിലവിൽ അഞ്ച് ആഴ്ച പിന്നിടുന്ന യുദ്ധത്തിന്റെ സമയപരിധിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ട്രംപ് ഭരണകൂടം പലപ്പോഴായി വ്യത്യസ്തമായ അഭിപ്രായങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. യുദ്ധം കാരണം ആഗോള വിപണിയിൽ എണ്ണ വിതരണം തടസ്സപ്പെട്ടതും ഇതേ തുടർന്ന് രാജ്യത്ത് പെട്രോൾ വില വർധിച്ചതും അമേരിക്കൻ ജനതയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ധനവില ഉടൻ തന്നെ താഴേക്ക് വരുമെന്ന് ട്രംപ് ഉറപ്പ് നൽകി. അയൽരാജ്യങ്ങളിലെ വാണിജ്യ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളാണ് വില വർധനവിന് കാരണമെന്നും ട്രംപ് ആരോപിച്ചു.
അതേസമയം യുദ്ധം കൃത്യമായി എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഒരു തീയതി നൽകാൻ ട്രംപ് തയ്യാറായില്ല. ആവശ്യമെങ്കിൽ ഇറാന്റെ ഊർജ മേഖലകളെ ഇനിയും ലക്ഷ്യം വെക്കുമെന്നാണ് ട്രംപിൻ്റെ പ്രതികരണം. ഇറാൻ വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യത്തോടുള്ള തന്റെ അതൃപ്തി നേരത്തെ പ്രകടിപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക പ്രസംഗത്തിൽ അദ്ദേഹം അതിനെക്കുറിച്ച് പരാമർശിച്ചില്ല.






