ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

0
74

കിഴക്കൻ ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടലിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂചലത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയത് കടുത്ത പരിഭ്രാന്തി പരത്തി. ഭൂകമ്പത്തെത്തുടർന്ന് നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ 7:48-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫിലിപ്പീൻസ് തീരത്ത് നിന്ന് ഏകദേശം 580 കിലോമീറ്റർ തെക്കും മലേഷ്യയിലെ സബയിൽ നിന്ന് 1,000 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബിറ്റുംഗ് (Bitung), ടെർണേറ്റ് (Ternate) നഗരങ്ങളിൽ 10 മുതൽ 20 സെക്കൻഡ് വരെ നീണ്ടുനിന്ന ശക്തമായ വിറയൽ അനുഭവപ്പെട്ടു.

ഭൂകമ്പത്തിന് പിന്നാലെ സമുദ്രനിരപ്പിൽ മാറ്റം കണ്ടതിനെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. ചെറിയ രീതിയിലുള്ള സുനാമി തിരമാലകൾ തീരങ്ങളിൽ അടിച്ചതായി റിപ്പോർട്ടുകളുണ്ട്. “സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെങ്കിലും, തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്,” എന്ന് ഇന്തോനേഷ്യൻ ദേശീയ ദുരന്ത നിവാരണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം നിരവധി വീടുകൾക്കും ഒരു പള്ളിക്കും ഭാഗികമായോ പൂർണ്ണമായോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായോ എന്ന് കണ്ടെത്താൻ അധികൃതർ വിശദമായ പരിശോധന നടത്തിവരികയാണ്. ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ദുരന്തബാധിതർക്ക് ആവശ്യമായ സഹായമെത്തിക്കാൻ രക്ഷാപ്രവർത്തകർ രംഗത്തുണ്ട്.

സുനാമി തിരമാലകളുടെ അളവ്

വടക്കൻ മലൂക്ക കടലിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ അഞ്ച് തീരദേശ മേഖലകളിൽ സുനാമി തിരമാലകൾ എത്തിയതായി ഇന്തോനേഷ്യൻ കാലാവസ്ഥാ ഏജൻസിയായ ബിഎംകെജി (BMKG) സ്ഥിരീകരിച്ചു. വടക്കൻ സുലവേസിയിലെ നോർത്ത് മിനാഹാസയിലാണ് ഏറ്റവും ഉയർന്ന തിരമാലകൾ രേഖപ്പെടുത്തിയത് (0.75 മീറ്റർ). കടൽക്ഷോഭത്തിന് മൂന്ന് മീറ്റർ വരെ ഉയരമുണ്ടാകാമെന്ന് പ്രാഥമിക മോഡലിംഗിൽ സൂചനയുണ്ടായിരുന്നെങ്കിലും തിരമാലകളുടെ തീവ്രത കുറവാണെന്ന് ബിഎംകെജി ചീഫ് തൗക്കു ഫൈസൽ ഫത്താനി വ്യക്തമാക്കി.

തുടർചലനങ്ങളും ജാഗ്രതയും

പ്രധാന ഭൂചലനത്തിന് പിന്നാലെ മേഖലയിൽ 11 തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശക്തമായത് 5.5 തീവ്രത രേഖപ്പെടുത്തിയതാണ്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ അപകടകരമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് അന്താരാഷ്ട്ര മുന്നറിയിപ്പ് പിൻവലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here