ആന്ധ്രാപദേശ്: തിരുപ്പതി തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള നടപാതയില്‍ എഐ അധിഷ്‌ഠിത നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം തിരുമലയിലേക്കുള്ള അലിപിരി നടപാതയിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. വനമേഖലയായത് കൊണ്ട് തന്നെ ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളാണിത്. ചെന്നൈ ആസ്ഥാനമായുള്ള ‘ധീര’ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്തതാണിവ. 400 മീറ്റർ ചുറ്റളവിലുള്ള കാഴ്‌ചകള്‍ വ്യക്തമായി പകര്‍ത്താന്‍ ഇതിന് കഴിയും.
ക്യാമറയില്‍ ഏതെങ്കിലും വന്യജീവികളുടെ സാന്നിധ്യമുണ്ടായാല്‍ തിരുമലയിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലേക്കും ഇതിനായി വികസിപ്പിച്ചിട്ടുള്ള പ്രത്യേക ആപ്ലിക്കേഷനിലേക്കും തത്‌ക്ഷണം അലര്‍ട്ടുകള്‍ ലഭിക്കും. ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള ലൊക്കേഷനുകളില്‍ വന്യജീവികളെ തുരത്തുന്നതിനുള്ള സൈറണുകളും സ്ഥാപിച്ചിട്ടുണ്ട്. വന്യജീവികള്‍ ക്യാമറകള്‍ക്ക് അരികിലെത്തിയാല്‍ വലിയ ശബ്‌ദത്തില്‍ സൈറണുകള്‍ മുഴങ്ങും. ഇത് പാതയിലൂടെ സഞ്ചരിക്കുന്ന ഭക്തര്‍ക്ക് സുരക്ഷിയിതയിടങ്ങളിലേക്ക് മാറുന്നതിനുള്ള മുന്നറിയിപ്പ് കൂടിയാണ്. സൈറണുകള്‍ മുഴങ്ങുന്നതോടെ വന്യജീവികള്‍ തിരികെ വനത്തിലേക്ക് മടങ്ങുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
നാല് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുക. 110 മുതല്‍ 125 വരെ ക്യാമറകളാണ് പാതയിലുടനീളം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം ഇതിനകം 12 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
നിരീക്ഷണത്തിന് ഇനി ‘ജെറയും’
എഐ ക്യാമറകള്‍ മാത്രമല്ല വന്യജീവികളുടെ ചലനം നിരീക്ഷിക്കുന്നതിന് ആധുനിക ഡ്രോണുകളും ഈ മേഖലയില്‍ വിന്യസിച്ചു. ജെറ എന്ന് പേരിട്ടിരിക്കുന്ന രണ്ട് നൂതന ഡ്രോണുകളാണ് വിന്യസിച്ചിട്ടുള്ളത്. മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി വൈകുന്നേരങ്ങളിലാണ് മേഖലയില്‍ ഡ്രോണ്‍ വിന്യസിക്കുക. പ്രത്യേകിച്ച് വൈകുന്നേരം 6.30 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ വരെയായിരിക്കും മേഖലയില്‍ ഡ്രോണ്‍ വിന്യസിക്കുക. നടപാതയ്‌ക്ക് സമീപത്തെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പ്രവര്‍ത്തിക്കും. ലൈറ്റുകളും ശബ്‌ദ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള ഇതിന് കൃത്യമായി ദൃശ്യങ്ങള്‍ പകര്‍ത്താനും അതോടൊപ്പം വന്യജീവികളെ തുരത്താനും സാധിക്കും.
4 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി തീര്‍ഥാടകരുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ടിടിഡി അഡിഷണല്‍ ഇഒ വെങ്കയ്യ ചൗധരി പറഞ്ഞു. സാങ്കേതിക വിദ്യയുടെ കടന്ന് വരവോടെ തിരുമലയിലേക്കുള്ള പുണ്യയാത്ര ഇപ്പോൾ കൂടുതൽ സുരക്ഷിതമായതിന്‍റെ സന്തോഷത്തിലാണ് ഭക്തരും.
തിരുപ്പതി തീര്‍ഥാടന കേന്ദ്രം: രാജ്യത്തെ ഏറ്റവും ശ്രേഷ്‌ഠവും പവിത്രവുമായ ഇടങ്ങളിലൊന്നായിട്ടാണ് തിരുപ്പതി തീര്‍ഥാടന കേന്ദ്രത്തെ കരുതപ്പെടുന്നത്. എഡി പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിക്കപ്പെട്ടതെന്നാണ് വിശ്വസിക്കുന്നത്. തിരുമല കുന്നുകളിൽ സ്ഥിതി ചെയ്യുന്ന തിരുപ്പതി ക്ഷേത്രം എല്ലാ വർഷവും ആയിരക്കണക്കിന് സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്.






