വാഷിങ്‌ടൺ: ആഗോള സഖ്യകക്ഷികളോട് കൂടിയാലോചിക്കാതെ ഇറാനുമായി യുദ്ധത്തിലേർപ്പെട്ട അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പിന്മാറ്റത്തിനൊരുങ്ങുന്നു. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ലോകരാജ്യങ്ങൾ സഹായിക്കണമെന്നാണ് ട്രംപിൻ്റെ പുതിയ നിലപാട്. അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് സഖ്യകക്ഷികളിൽനിന്ന് പിന്തുണ ലഭിക്കാത്തതിലെ അതൃപ്തി ട്രംപ് പരസ്യമാക്കി.
അമേരിക്ക-ഇസ്രയേൽ നീക്കങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിൽ ട്രംപിന് കടുത്ത അതൃപ്തിയുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസപ്പെട്ടത് സ്വന്തം തീരുമാനപ്രകാരമാണെന്നത് അദ്ദേഹം അംഗീകരിക്കുന്നില്ല. ഇറാനെ പൂർണമായി തകർത്തുവെന്ന് അവകാശപ്പെടുമ്പോഴും സുപ്രധാനമായ കടലിടുക്കിലെ ഗതാഗതം തടസപ്പെടുത്താൻ ഇറാനായി. ഇതോടെ ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള അടുത്ത സഖ്യകക്ഷികൾക്കെതിരെ ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സ്വന്തമായി പോരാടാൻ പഠിക്കണമെന്നും ഇന്ധനം സ്വയം കണ്ടെത്തണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരാൻ വിസമ്മതിച്ച യുകെ അടക്കമുള്ള രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം വിമാന ഇന്ധനം ലഭിക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയിൽനിന്ന് ഇന്ധനം വാങ്ങുകയോ അല്ലെങ്കിൽ ധൈര്യമുണ്ടെങ്കിൽ കടലിടുക്കിൽ പോയി സ്വന്തമാക്കുകയോ ചെയ്യണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ഇസ്രയേലിലേക്ക് സൈനിക സന്നാഹങ്ങളുമായി പോയ അമേരിക്കൻ വിമാനങ്ങൾക്ക് ഫ്രാൻസ് വ്യോമാതിർത്തി തുറന്നുനൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫ്രാൻസ് ഒട്ടും സഹകരിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നാറ്റോക്കെതിരെ വിമർശനവുമായി ഭരണകൂടവും
യുദ്ധത്തിൽ അമേരിക്കക്കും ഇസ്രയേലിനുമൊപ്പം ചേരാത്തതിലും അനന്തരഫലങ്ങളോട് പ്രതികരിക്കാൻ വൈകുന്നതിലും നാറ്റോ സഖ്യകക്ഷികൾക്കെതിരെ ട്രംപ് വിമർശനം കടുപ്പിക്കുകയാണ്. ട്രംപിൻ്റെ ഉന്നത ഉപദേഷ്ടാക്കളും ഉദ്യോഗസ്ഥരും ഇതേ നിലപാടിലാണ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സൻ്റ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും നാറ്റോക്കെതിരെ രംഗത്തെത്തി. അതേസമയം എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡൻ്റ് ശ്രമിക്കുന്നതിൻ്റെ സൂചനകളും പുറത്തുവരുന്നുണ്ട്.
ഇറാനിൽനിന്നുള്ള ഭീഷണി നേരിടാൻ സ്വതന്ത്ര ലോകത്തിന് വേണ്ടി അമേരിക്കയാണ് ഏറ്റവും വലിയ ഭാരം ചുമന്നതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പെൻ്റഗണിൽ പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്നത് അമേരിക്കയുടെ മാത്രം ഉത്തരവാദിത്തമല്ല. ഈ സുപ്രധാന ജലപാതയുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങളും പ്രത്യേകിച്ച് ബ്രിട്ടീഷ് നാവികസേന തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടലിടുക്ക് സംരക്ഷിക്കേണ്ട ചുമതല ഇനി ഫ്രാൻസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കാണെന്ന് ഓവൽ ഓഫിസിൽ ട്രംപ് വ്യക്തമാക്കി. രണ്ടോ മൂന്നോ ആഴ്‌ചകൾക്കുള്ളിൽ ഇറാനെതിരായ ആക്രമണങ്ങൾ അമേരിക്ക അവസാനിപ്പിക്കും. ട്രംപിൻ്റെ പ്രസ്താവനകളെ അമേരിക്കൻ നിക്ഷേപകർ അനുകൂലമായാണ് സ്വീകരിച്ചത്. സൈന്യത്തെ ഉടൻ പിൻവലിക്കുമെന്ന സൂചന വാൾസ്ട്രീറ്റിൽ പ്രതീക്ഷ വർധിപ്പിച്ചു. ഇതോടെ എസ് ആൻഡ് പി 500 സൂചിക 2.9 ശതമാനവും ഡൗ ജോൺസ് സൂചിക 2.5 ശതമാനവും കുതിച്ചുയർന്നു.
യൂറോപ്പിൻ്റെ ആശങ്കയും പ്രതികരണവും
അമേരിക്കയുടെ നിലപാടുകൾ യൂറോപ്യൻ രാജ്യങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. യുക്രെയ്നുള്ള സൈനിക സഹായം വെട്ടിക്കുറച്ചതും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിയും നേരത്തെ തന്നെ നാറ്റോയിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പെയിനും ഫ്രാൻസും അമേരിക്കക്ക് വ്യോമാതിർത്തി വിലക്കിയത്. യുദ്ധം അവസാനിച്ച ശേഷം ഹോർമുസ് കടലിടുക്ക് തുറക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സഖ്യത്തെ സഹായിക്കാമെന്ന് ഇവർ അറിയിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ വ്യക്തമല്ല.
ട്രംപിൻ്റെ വാക്പോരുകളെ നിസ്സാരമാക്കാനാണ് ഫ്രാൻസും യുകെയും ശ്രമിക്കുന്നത്. ഫ്രാൻസിൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഓഫിസ് വ്യക്തമാക്കി. അമേരിക്ക പ്രധാന സഖ്യകക്ഷിയാണെന്നും ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളെ സഹായിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി ഖത്തറിൽ പറഞ്ഞു. ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് യുകെ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അയക്കുന്നുണ്ട്.
യൂറോപ്പിൻ്റെ ഇടപെടൽ അനിവാര്യം
യുദ്ധം തങ്ങളുടേതല്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും മേഖലയിലെ സമാധാനം അവർക്കും അനിവാര്യമാണ്. സിറിയയിലെ ആഭ്യന്തരയുദ്ധം കാരണം 50 ലക്ഷത്തിലേറെ പേർ പലായനം ചെയ്തത് യൂറോപ്പിലേക്കാണ്. ഇറാൻ്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയതും ചെങ്കടലിലെ ഗതാഗതം തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതും യൂറോപ്പിൻ്റെ വ്യാപാര പാതയെ ബാധിക്കും. അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിൽ സമ്മർദം ചെലുത്തേണ്ടത് യൂറോപ്പിൻ്റെ ആവശ്യമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഗൾഫ് രാജ്യങ്ങൾക്ക് മികച്ച പങ്കാളിയാണെന്ന് തെളിയിക്കാൻ യൂറോപ്പിന് ലഭിച്ച അവസരമാണിതെന്ന് ഇൻ്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ് ഡയറക്ടർ യാസ്മിൻ ഫാറൂഖ് വ്യക്തമാക്കി. യുദ്ധത്തിൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറക്കാനും സമുദ്ര സുരക്ഷ ഉറപ്പാക്കാനും യൂറോപ്പ് ശ്രദ്ധ കേന്ദ്രീകരിക്കണം. ട്രംപിൻ്റെ അഹംഭാവത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പരിഹാരമാകും യൂറോപ്പ് ലക്ഷ്യമിടുന്നതെന്ന് യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് ഡയറക്ടർ ജെറമി ഷാപ്പിറോയും നിരീക്ഷിക്കുന്നു.








