കേരളം പോളിങ് ബൂത്തിലേക്ക് പോകാന്‍ ഇനി കേവലം എട്ട് ദിനങ്ങള്‍ മാത്രമാണ് ഉള്ളത്. സംസ്ഥാനമെങ്ങും പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. ദേശീയ സംസ്ഥാന നേതാക്കള്‍ ഇവിടെ തമ്പടിച്ച് കൊണ്ട് തന്നെ പ്രചാരണം കൊഴുപ്പിക്കുകയാണ്. ഭരണം നിലനിര്‍ത്താന്‍ ഇടതും പത്ത് വര്‍ഷത്തെ രാഷ്‌ട്രീയ അപ്രസക്തിയ്ക്ക് അറുതി വരുത്താന്‍ യുഡിഎഫും കിണഞ്ഞ് ശ്രമിക്കുകയാണ്. കേരളത്തില്‍ ഏത് വിധേയനെയും സാന്നിധ്യമറിയിക്കുക എന്നത് അഭിമാന പ്രശ്‌നമായി ബിജെപിയും കരുതുന്നു. എന്നാല്‍ അവരെ വാളയാര്‍ ചുരം കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇടത് വലത് മുന്നണികള്‍. എന്നാല്‍ കൂട്ടുകച്ചവടം മുതല്‍ അഴിമതിയും വികസന മുരടിപ്പും അടക്കം ചൂണ്ടിക്കാട്ടി രക്ഷകരുടെ റോളില്‍ അവതരിക്കാനാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍ഡിഎ ശ്രമം. ഏതായാലും പോരാട്ടം കനക്കുമ്പോള്‍ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ കൂട്ടലും കിഴിക്കലുമായി നെഞ്ചിടിപ്പിലാണ്.









