ശരീരഭാരം നിയന്ത്രിക്കാൻ ഇതാ ഒരു ചീറ്റ് ഷീട്ട്,

0
6

ഈ അടുത്ത കാലത്തായി നിങ്ങൾ ഒരുപാട് പുറത്തുപോയി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ, ആ ഭക്ഷണത്തിന്റെ രുചിയോടൊപ്പം തന്നെ ശരീരഭാരം വർദ്ധിക്കുകന്നതായി തോന്നാറുണ്ടോ? റെസ്റ്റോറന്റ് ഭക്ഷണത്തിന് ശേഷം വണ്ണം കൂടുമെന്ന് ഓർത്ത് നിങ്ങൾ വിഷമിക്കുകയാണെങ്കിൽ ഇനി അതിന്റെ ആവശ്യമില്ല. പോഷകാഹാര വിദഗ്ധയായ റിച്ച ഗംഗാനി, പുറത്തുനിന്നുള്ള ഭക്ഷണത്തിന് ശേഷം വണ്ണം കൂടാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ചീറ്റ് ഷീറ്റ് അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

 

ലഘുവായ അത്താഴം കഴിക്കാം

ഉച്ചയ്ക്ക് അമിതമായി ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ രാത്രിയിൽ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. വയറിന് അല്പം വിശ്രമം നൽകുന്നത് അമിത കലോറി ഭക്ഷണത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും.

ചൂടുവെള്ളമോ ഗ്രീൻ ടീയോ കുടിക്കാം

ദഹനം സുഗമമാക്കാനും കൊഴുപ്പ് കത്തുന്നത് ഉത്തേജിപ്പിക്കാനും ചൂടുവെള്ളമോ ഗ്രീൻ ടീയോ കുടിക്കുന്നത് ശീലമാക്കുക. ഇത്തരത്തിലുള്ള പാനീയങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനപ്രക്രിയ വേഗത്തിലാക്കാനും സഹായിക്കുന്നു.

അല്പനേരം നടക്കാം

ഭക്ഷണം കഴിച്ചതിനുശേഷമുള്ള വയർ വീർക്കുന്ന അസ്വസ്ഥതയും ഭാരവും കുറയ്ക്കാൻ ചെറിയൊരു നടത്തം സഹായിക്കും. കുറഞ്ഞ സമയത്തെ നടത്തം പോലും ദഹനത്തിന് വലിയ ഗുണം നൽകുകയും നിങ്ങൾക്ക് ഉന്മേഷം തോന്നിക്കുകയും ചെയ്യും.

 

കഠിനമായ ഡയറ്റിംഗിന് മുതിരരുത്

കൂടുതൽ ഭക്ഷണം കഴിച്ചല്ലോ എന്നോർത്ത് അതിന് പകരമായി പെട്ടെന്ന് ഭക്ഷണം ഒഴിവാക്കുന്ന ഡയറ്റുകൾ ചെയ്യരുത്. പട്ടിണി കിടക്കുന്നത് ആരോഗ്യകരമായ രീതിയല്ല. പകരം, ശരീരത്തിന്റെ വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം.

 

 

 

ഭക്ഷണം ഒഴിവാക്കരുത്

അമിതമായി ഭക്ഷണം കഴിച്ചതിന് പകരമായി അടുത്ത നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാനും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയിലേക്ക് നയിക്കാനും കാരണമാകും. കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം കഴിക്കുന്നതാണ് ഭാരനിയന്ത്രണത്തിന് ഏറ്റവും നല്ലത്.

“ആദ്യമായി, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം പുറത്തുനിന്നു ഭക്ഷണം കഴിക്കുക. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക. മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കി ഫ്രഷ് ലൈം, കരിക്കിൻ വെള്ളം അല്ലെങ്കിൽ മോര് എന്നിവ തിരഞ്ഞെടുക്കുക. ഭക്ഷണത്തോടൊപ്പം എപ്പോഴും സാലഡോ വെജിറ്റബിൾ സൂപ്പോ ഓർഡർ ചെയ്യുക; ഇത് പെട്ടെന്ന് വയർ നിറയാൻ സഹായിക്കുകയും അതുവഴി കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നതും വിശപ്പ് കുറയ്ക്കാൻ നല്ലതാണ്. പല റെസ്റ്റോറന്റുകളും ഇപ്പോൾ വിഭവങ്ങളുടെ കലോറി അളവ് നൽകാറുണ്ട്, അതിനാൽ ഓർഡർ ചെയ്യുന്നതിന് മുൻപ് അത് വായിച്ചു നോക്കുന്നത് നല്ലതാണ്,” എന്ന് സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്ററ്റിക്സ് റീജിയണൽ ഹെഡ് ആയ റിതിക സമദ്ദാർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഭക്ഷണരീതിയിൽ എപ്പോഴും മിതത്വവും സന്തുലിതാവസ്ഥയും പാലിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ലളിതവും എന്നാൽ ഫലപ്രദവുമായ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം കൂടുമെന്ന പേടിയില്ലാതെ നിങ്ങൾക്ക് പുറത്തുനിന്നുള്ള ഭക്ഷണം ആസ്വദിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here