പുതുച്ചേരിയിൽ ഇന്ത്യ മുന്നണിയിൽ കല്ലുകടി;

0
45

ന്യൂഡൽഹി: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്ത്യ മുന്നണിയിൽ തർക്കം. കോൺഗ്രസും ഡിഎംകെയും ഉൾപ്പെടുന്ന സഖ്യത്തിൽ ആറ് മണ്ഡലങ്ങളിലാണ് ആശയക്കുഴപ്പം തുടരുന്നത്. എന്നാൽ ഈ പ്രതിസന്ധി മുന്നണിയുടെ ഐക്യത്തെയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നാണ് കോൺഗ്രസിൻ്റെ വിശദീകരണം. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ സഖ്യത്തിന് ഈ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്. എൻ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എൻആർ കോൺഗ്രസ് – ബിജെപി സഖ്യമാണ് നിലവിൽ പുതുച്ചേരി ഭരിക്കുന്നത്. ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മുന്നണി ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണ്.

സ്ഥാനാർഥി നിർണയത്തിലെ പ്രതിസന്ധി

പുതുച്ചേരിയിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസമായ മാർച്ച് 23നാണ് കോൺഗ്രസും ഡിഎംകെയും വിസികെയും സീറ്റ് വിഭജനം പൂർത്തിയാക്കിയത്. ആകെയുള്ള 30 സീറ്റിൽ കോൺഗ്രസ് 16 ഇടത്തും ഡിഎംകെ 14 ഇടത്തും മത്സരിക്കാനായിരുന്നു തീരുമാനം. വിസികെ, സിപിഐ എന്നീ കക്ഷികളും ഈ സീറ്റുകളിൽ ഉൾപ്പെടും. എന്നാൽ അവസാന നിമിഷം വരെ വ്യക്തതയില്ലാത്തതിനാൽ കോൺഗ്രസും ഡിഎംകെയും മിക്ക മണ്ഡലങ്ങളിലും പത്രിക നൽകി. കോൺഗ്രസ് 22 സ്ഥാനാർഥികൾക്ക് എ, ബി ഫോമുകൾ നൽകി. ഇത് അനുവദിച്ചതിനേക്കാൾ ആറ് സീറ്റ് കൂടുതലാണ്. ഡിഎംകെ 13 ഇടത്ത് പത്രിക സമർപ്പിക്കുകയും ഒരു സീറ്റ് വിസികെക്ക് നൽകുകയും ചെയ്തു.

വിമത ഭീഷണിയിൽ കോൺഗ്രസ്

ആറ് മണ്ഡലങ്ങളിലെ അനൗദ്യോഗിക സ്ഥാനാർഥികളോട് പത്രിക പിൻവലിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ചിലർ വിമതരായി രംഗത്തുണ്ട്. കാലാപേട്ട്, രാജ്‌ഭവൻ, തിരുഭുവനൈ, കാരക്കൽ സൗത്ത്, മംഗലം, ഒഴുകറൈ എന്നിവിടങ്ങളിലാണ് തർക്കം രൂക്ഷം. പ്രശ്‌നം ഹൈക്കമാൻഡിനെ അറിയിച്ചു. എഐസിസി നിർദേശപ്രകാരം വിമതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ഏപ്രിൽ ഏഴുവരെയാണ് പ്രചാരണ സമയം. കുറഞ്ഞ സമയമുള്ളതിനാൽ തർക്ക മണ്ഡലങ്ങളിൽ ഉൾപ്പെടെ സഖ്യ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കി. എൻഡിഎ ഭരണത്തിലെ വികസന മുരടിപ്പ് പ്രധാന ചർച്ചയാക്കിയാണ് കോൺഗ്രസ് വോട്ടർമാരെ സമീപിക്കുന്നത്.

സീറ്റ് വിഭജനം വൈകിയതാണ് കൂടുതൽ പേർക്ക് പത്രിക നൽകാൻ ഇടയാക്കിയതെന്ന് പുതുച്ചേരിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി അഞ്ജലി നിംബാൽക്കർ വ്യക്തമാക്കി. പാർട്ടി പ്രവർത്തകർ സഖ്യ സ്ഥാനാർഥികൾക്കായി ഒറ്റക്കെട്ടായി രംഗത്തുണ്ട്. 14 സീറ്റുകൾ ഡിഎംകെ ആവശ്യപ്പെട്ടതാണ് സീറ്റ് വിഭജനം വൈകാൻ കാരണം. 2021ൽ 21 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ഇത്തവണയും ഈ നില തുടരാനാണ് പാർട്ടി താത്പര്യം പ്രകടിപ്പിച്ചത്. ഇതിൽ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും.

തമിഴ്‌നാട്ടിലും പ്രതീക്ഷ

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഏപ്രിൽ ഒന്നിന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ 28 സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഏപ്രിൽ 23നാണ് 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ സീറ്റ് വിഭജനം പൂർത്തിയായെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും എഐസിസി സെക്രട്ടറി നിവേദിത് ആൽവ അറിയിച്ചു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിൽ ഡിഎംകെ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ മുന്നണിക്ക് ഗുണം ചെയ്യും. എൻഡിഎ ഭരണത്തിൽ പുതുച്ചേരിയിലെ വികസനം പൂർണമായി സ്തംഭിച്ചു. തൊഴിലില്ലായ്‌മയും ഭരണസ്തംഭനവും അഴിമതിയും വർധിച്ച സാഹചര്യത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്ന് പൂർണമായി തുടച്ചുനീക്കുകയാണ് ഇന്ത്യ മുന്നണിയുടെ പ്രധാന ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here