ചരിത്രമെഴുതാൻ നാസയുടെ ആർട്ടെമിസ് 2 ഒരുങ്ങി,53 വർഷത്തെ കാത്തിരിപ്പിന് വിരാമം;

0
39

വാഷിങ്ടൺ: അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ സുപ്രധാന ദൗത്യമായ ആർട്ടെമിസ് രണ്ടിൻ്റെ വിക്ഷേപണ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. സാങ്കേതിക തകരാറുകൾ കാരണം പലതവണ മാറ്റിവച്ച ദൗത്യം വൈകാതെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽനിന്ന് കുതിച്ചുയരും. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം 53 വർഷത്തെ ഇടവേള പിന്നിട്ടാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് പോകാൻ തയാറെടുക്കുന്നത്.

32 നിലകളുള്ള കൂറ്റൻ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) റോക്കറ്റിലാണ് നാല് യാത്രികർ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. ഓറയൺ പേടകത്തിൽ ചന്ദ്രനെ വലംവച്ച ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. വരും വർഷങ്ങളിൽ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കുന്നതിനും ചൊവ്വാ ദൗത്യങ്ങൾക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പായാണ് നാസ ആർട്ടെമിസ് പദ്ധതിയെ കാണുന്നത്. ആദ്യ ദൗത്യമായ ആർട്ടെമിസ് ഒന്ന് വിജയകരമായി പൂർത്തിയാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഗവേഷകർ. ഇതിന് ശേഷമാണ് മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ആർട്ടെമിസ് രണ്ട് പ്രഖ്യാപിച്ചത്.

യാത്രാസംഘത്തിലെ വൈവിധ്യം

നാസയുടെ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്പേസ് ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരടങ്ങുന്നതാണ് യാത്രാസംഘം. 1968 മുതൽ 1972 വരെ പുരുഷന്മാർ മാത്രം പങ്കെടുത്ത അപ്പോളോ ദൗത്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു വനിതയും അമേരിക്കൻ പൗരനല്ലാത്ത ഒരാളും കറുത്ത വർഗക്കാരനും ഇത്തവണ സംഘത്തിലുണ്ട്. മനുഷ്യചരിത്രത്തിലെ സുവർണരേഖയായി ഈ പ്രപഞ്ച പര്യവേക്ഷണം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി വിക്ടർ ഗ്ലോവർ പ്രതികരിച്ചു. ശാസ്ത്രരംഗത്തെ പെൺകുട്ടികളുടെ മുന്നേറ്റം അതിശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തകരാറുകൾ പരിഹരിച്ചു

കഴിഞ്ഞ ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന വിക്ഷേപണം ഹൈഡ്രജൻ ഇന്ധന ചോർച്ചയെ തുടർന്നാണ് ആദ്യം മാറ്റിവച്ചത്. ഇത് പരിഹരിച്ചെങ്കിലും പിന്നീട് ഹീലിയം പ്രഷറൈസേഷൻ ലൈൻ അടഞ്ഞുപോയത് വലിയ തിരിച്ചടിയായി. ഇതേത്തുടർന്ന് കഴിഞ്ഞ മാസം പേടകം അറ്റകുറ്റപ്പണികൾക്കായി പ്രത്യേക ഹാംഗറിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ തകരാറുകൾ പൂർണമായി പരിഹരിച്ച ശേഷം വിക്ഷേപണത്തറയിൽ തിരികെ എത്തിച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം റോക്കറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മാനേജർമാർ വ്യക്തമാക്കി. വിക്ഷേപണ സമയത്ത് കാലാവസ്ഥയും അനുകൂലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ നിഗമനം. ദൗത്യത്തിനായി വലിയ രീതിയിലുള്ള അധ്വാനം ആവശ്യമായി വന്നുവെന്ന് ലോഞ്ച് ഡയറക്ടർ ചാർളി ബ്ലാക്വെൽ തോംസൺ പറഞ്ഞു.

കഴിഞ്ഞ മാർച്ച് അവസാനത്തോടെ നാസയുടെ പുതിയ മേധാവി ജാരെഡ് ഐസക്മാൻ അപകടസാധ്യതകൾ പരമാവധി കുറയ്ക്കുന്നതിൻ്റെ ഭാഗമായി അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ നിർദേശിച്ചിരുന്നു. ഇന്ധനം നിറച്ചുള്ള പരിശോധനയ്ക്കിടെയാണ് ഹീലിയം പ്രവാഹത്തിൽ തടസം കണ്ടെത്തിയത്. തുടർന്ന് കെന്നഡി സ്പേസ് സെൻ്ററിലെ വിക്ഷേപണത്തറയിൽനിന്ന് പേടകവും റോക്കറ്റും അസംബ്ലി ബിൽഡിങ്ങിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ച് ചോർച്ച കണ്ടെത്തി പരിഹരിച്ച ശേഷമാണ് വിക്ഷേപണത്തിനായി വീണ്ടും സജ്ജമാക്കിയത്. ഏപ്രിൽ ആദ്യത്തെ ആറ് ദിവസങ്ങൾക്കുള്ളിൽ വിക്ഷേപണം നടക്കുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ചരിത്രപരമായ ഈ കുതിച്ചുചാട്ടത്തിനായി ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here