എന്തുകൊണ്ടാണ് ഓരോ ബാങ്ക് ലോക്കറിനും പ്രത്യേകം ഇൻഷുറൻസ് ഇല്ലാത്തത്? വിശദീകരിച്ച് ധനമന്ത്രി

0
43
New Delhi: Union Finance Minister Nirmala Sitharam speaks in the Lok Sabha during the second part of the Budget Session of Parliament in New Delhi on Monday, March 30, 2026. (Photo: IANS/Video Grab/Sansad TV)

ന്യൂഡൽഹി: ബാങ്ക് ലോക്കറിൽ വെക്കുന്ന വസ്തുക്കൾക്ക് ഓരോന്നിനും പ്രത്യേകം ഇൻഷൂറൻസ് നൽകാൻ കഴിയില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ . ലോക്കറുകൾക്കോരോന്നിനും പ്രത്യേകമായല്ല, മറിച്ച് ഏകീകൃതമായ രീതിയിലാണ് നിലവിലെ ഇൻഷൂറൻസ് സംവിധാനമുള്ളത്. ലോക്കറിലെ സാധനം നഷ്ടമായാൽ ലോക്കർ വാടകയുടെ നൂറിരട്ടി തുകയായിരിക്കും ഇൻഷൂറൻസ് ലഭിക്കുക. ലോക്കറിലെ വസ്തുക്കൾ പരിശോധനയ്ക്ക് വിധേയമാക്കാൻ ബാങ്കിന് അധികാരമില്ല. ലോക്കറിലുള്ള വസ്തുക്കളുടെ തൂക്കം രേഖപ്പെടുത്താനോ വില രേഖപ്പെടുത്താനോ നിയമം ബാങ്കുകളെ അനുവദിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ ഉയർന്ന ഉപചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്കറുകളിൽ ഉപഭോക്താക്കൾ വെക്കുന്ന വസ്തുക്കൾ പരിശോധിക്കാനും വില രേഖപ്പെടുത്താനും നിയന്ത്രണം നിലവിലുള്ളതുകൊണ്ട് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ ശരിക്കുള്ള മൂല്യത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുക അസാധ്യമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബാങ്കുകൾ ലോക്കറിലെ വസ്തുക്കൾ പരിശോധിക്കുന്നത് സ്വകാര്യതാലംഘനമായാണ് നിയമം കാണുന്നത്. പരിശോധിച്ചുറപ്പാക്കാത്ത വസ്തുക്കൾക്ക് പ്രത്യേകമായി ഇൻഷൂറൻസ് നൽകാൻ കമ്പനികളും തയ്യാറാകില്ല. ഇതിനാൽ ഏകീകൃതസ്വഭാവത്തിലുള്ള നഷ്ടപരിഹാരമേ നടപ്പാക്കാൻ കഴിയൂ എന്നും മന്ത്രി വിശദീകരിച്ചു.

“ഒരു ക്ലയന്റിന്റെ ലോക്കറിൽ എന്തൊക്കെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുമെന്ന് പരിശോധിക്കുന്നത് ബാങ്കിങ് നിയമങ്ങളുടെ ലംഘനമാണ്. ബാങ്കുകൾ അങ്ങനെ ചെയ്യില്ല,” ധനമന്ത്രി പറഞ്ഞു. കോൺഗ്രസ് എംപിയായ കിർസൻ നാംഡിയോ ആണ് ചോദ്യം ഉന്നയിച്ചത്. ഇതല്ലാതെ മറ്റ് പരിഹാരങ്ങളൊന്നും സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. “ഓരോ ലോക്കറിനും വെവ്വേറെ ഇൻഷൂറൻസ് സാധ്യമല്ല, അതിനാൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ, 100 മടങ്ങ് നഷ്ടപരിഹാരം നൽകണമെന്ന് തീരുമാനിച്ചു. ഇപ്പോൾ, എന്റെ മുന്നിൽ മറ്റ് പരിഗണനകളൊന്നുമില്ല,” അവർ വിശദീകരിച്ചു.

എങ്കിലും ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നത് നല്ലതാണ്; കാരണമുണ്ട്

വാടക നൽകിയാണ് ബാങ്ക് ലോക്കറുകൾ കൊണ്ടുനടക്കേണ്ടത്. സുരക്ഷാപരമായി ബാങ്ക് ലോക്കറുകൾ മികച്ചതാണ്. വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിനെക്കാൾ മികച്ചതാണ് ഈ ഓപ്ഷൻ. വീട്ടിൽ സൂക്ഷിക്കുമ്പോൾ ആ വസ്തുവിന്റെ സുരക്ഷിതത്വം മാത്രമല്ല പ്രശ്നം. സൂക്ഷിക്കുന്ന ഉടമകളുടെ ജീവനു വരെ ഭീഷണി നേരിട്ടേക്കാം. ആക്രമണം നടത്തി കവർച്ച ചെയ്യുന്നത് സാധാരണമാണ്. ഇങ്ങനെ നോക്കുമ്പോൾ ബാങ്ക് ലോക്കറുകൾ സുരക്ഷിതത്വം നൽകുന്നു എന്ന് കാണാം. ബാങ്ക് ലോക്കറുകൾക്ക് സിസിടിവി നിരീക്ഷണം നൽകണമെന്ന് ആർ‌ബി‌ഐ നിർബന്ധം പറയുന്നുണ്ട്. ദൃശ്യങ്ങൾ 180 ദിവസത്തേക്ക് സൂക്ഷിക്കണം എന്നുമുണ്ട്. ലോക്കർ മുറിയിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കുന്നു. തീപിടിത്തം ഉണ്ടായാലും അത്രകണ്ട് ബാധിക്കാത്ത വിധത്തിലുള്ള പ്രതിരോധ അറകളാണ് ലോക്കറിന് വേണ്ടത്. ഇതിനെല്ലാം പുറമെ ലോക്കറിൽ സൂക്ഷിച്ച വസ്തുവിന്റെ അനന്തരാവകാശിയെ നിശ്ചയിച്ച് വെക്കാവുന്നതാണ്. ഉടമയുടെ കാലശേഷം ഇവ യഥാർത്ഥ അവകാശിയിലേക്ക് പോകുമെന്ന് ഉറപ്പാക്കാൻ കഴിയും. ഇക്കാര്യത്തിൽ ഒരു തര്‍ക്കത്തിനും സാധ്യതയില്ല. ഉടമയുടെ മരണമുണ്ടായാൽ, ശരിയായ രേഖകൾ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ ലോക്കറുകൾ നോമിനിക്കോ നിയമപരമായ അവകാശികൾക്കോ വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here