രാമനായി രണ്‍ബീര്‍ സീതയായി സായ് പല്ലവി; രാമായണ ഫസ്റ്റ് ലുക്ക് ഹനുമാന്‍ ജയന്തി ദിനത്തില്‍

0
55

ബോളിവുഡിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. സിനിമയുമായി വരുന്ന ഓരോ അപ്‌ഡേറ്റിലും ആരാധകര്‍ക്ക് ആവേശം വര്‍ധിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ടുഭാഗങ്ങളിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ഈ ചിത്രത്തില്‍ ശ്രീരാമനായി വേഷമിടുന്നത് രണ്‍ബീര്‍ കപൂര്‍ ആണ്. സീതയായി എത്തുന്നത് സായ് പല്ലവിയുമാണ്. ഭാരതത്തിന്‍റെ ഈ ഇതിഹാസ കഥാപാത്രങ്ങള്‍ അഭ്രപാളിയില്‍ എത്തുന്നതിന്‍റെ എങ്ങനെയായിരിക്കുമെന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് പുറത്തു വരുന്നത്. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍ ഹനുമാന്‍ ജയന്തി ദിനമായ ഏപ്രില്‍ രണ്ടിന് പുറത്തുവിടുമെന്നാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രാമനവമി ദിനമായ ഇന്ന്(മാര്‍ച്ച് 27) നമിത് രാമായണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തു വിടുന്ന വിവരം അറിയിച്ചത്. ഈ പ്രഖ്യാപനത്തോടൊപ്പം ഹൃദയംഗമമായ കുറിപ്പും നിര്‍മാതാവ് നമിത് പങ്കുവച്ചിട്ടുണ്ട്.

“നവമി ആശംസകള്‍, നിങ്ങളുടെ വിശ്വാസത്തിനും ക്ഷമയ്ക്കും നന്ദി. ഏപ്രില്‍ 2, ഹനുമാന്‍ ജയന്തി ദിനത്തില്‍ ഞങ്ങള്‍ ഒരുമിച്ച് ചുവട് വയ്പ്പ് നടത്തുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ദീപാവലിയില്‍ 2026 -27 ലും സിനിമാ വിരുന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കിടയിലെത്തുന്നു”,- നമിത് മല്‍ഹോത്ര കുറിച്ചു.

” ഇത് നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ട ഒരു കഥയാണ്. ഞങ്ങള്‍ എടുക്കുന്ന ഓരോ ചുവടും ഉത്തരവാദിത്തവും ആഴത്തിലുള്ള ഭക്തിയും കരുതലും വഴി നയിക്കപ്പെടുന്നു. നമ്മുടെ സ്വന്തം രാമായണത്തെ അതിന്‍റെ യഥാര്‍ഥ ആത്മാവിലും സ്കെയിലിലും അത്യധികം ആത്മാര്‍ത്ഥതയിലും ജീവസുറ്റതാക്കും. ഹനുമാന്‍ ജയന്തിദിനത്തിലും അനുഗ്രഹീതമായ അവസരത്തിലും ലോകെമ്പാടുമുള്ള ആരാധകര്‍ക്കായി ഏപ്രില്‍ രണ്ടിന് സമര്‍പ്പിക്കുന്നു. നിങ്ങളുടെ വിശ്വാസത്തിനും ക്ഷമയ്ക്കും നന്ദി”, നമിത് മല്‍ഹോത്ര കുറിച്ചു.

2026 ല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് രാമായണ. രണ്ടു ഭാഗങ്ങളില്‍ ഈ ചിത്രം വമ്പന്‍ ദൃശ്യവിരുന്നാണ് അണിയറക്കാര്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയോടെ വമ്പന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യയുടെ പുരാണകഥകളെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നതാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.

രാമായണയുടെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് ചിത്രം റിലീസിനെത്തുക. രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബേ (ലക്ഷ്മണൻ), ലാറ ദത്ത (കൈകേയി), കാജൽ അഗർവാൾ (മണ്ഡോദരി), രാകുൽ പ്രീത് സിംഗ് (സൂർപ്പനഖ) എന്നിവർ ഉൾപ്പെടുന്ന ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

5000 വര്‍ഷത്തില്‍ അധികമായി കോടിക്കണക്കിന് പേരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ഇതിഹാസത്തെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാന്‍ പത്ത് വര്‍ഷമായി താന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് നമിത് മല്‍ഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റവും മികച്ച ദൃശ്യ മികവോടെ ചിത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അന്താരാഷ്‌ട്ര തലത്തിലുള്ള സാങ്കേതിക വിദഗ്‌ധരുടെയും ഹോളിവുഡ് പ്രതിഭകളുടെയും സഹകരണത്തോടെയാണ് ചിത്രം ഒരുക്കുന്നത്. പുരാണകഥ പറയുന്നതിനായി വമ്പന്‍ വി എഫ് എക്‌സും ചിത്രത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഇതിഹാസ സംഗീതസംവിധായകരായ ഹാൻസ് സിമ്മറും എ ആർ റഹ്മാനും എ ആര്‍ റഹ്മാനുമാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here