ഖത്തർ: മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഖത്തറിൽ ഏർപ്പെടുത്തിയ താൽക്കാലിക റിമോട്ട് വർക്ക് സംവിധാനം അവസാനിപ്പിച്ചതായി അറിയിച്ചു. 2026 മാർച്ച് മുതൽ പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ റിമോട്ട് വർക്ക് സംവിധാനമാണ് പിൻവലിച്ചത്.
ഇതോടെ രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർ സാധാരണ പോലെ ഓഫീസുകളിൽ നേരിട്ടെത്തി ജോലി പുനരാരംഭിക്കണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തിലാണ് റിമോട്ട് വർക്ക് സംവിധാനം നൽകിയിരുന്നത്.
ഏകദേശം 70 ശതമാനം സർക്കാർ ജീവനക്കാരും ഈ കാലയളവിൽ ഓൺലൈനായാണ് ജോലി ചെയ്തിരുന്നത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബിസിനസ്സ് തടസ്സമില്ലാതെ കൊണ്ടുപോകാനുമാണ് ഖത്തർ ഈ താൽക്കാലിക സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
മാർച്ച് 1 മുതൽ ഖത്തർ റിമോട്ട് വർക്ക് നയം നടപ്പിലാക്കിയത്.
എന്നാൽ നിലവിൽ രാജ്യത്തെ സാഹചര്യങ്ങൾ സുരക്ഷിതവും സ്ഥിരതയുള്ളതുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ താൽക്കാലികമായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കി.
ഓഫീസുകൾ സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ ഖത്തറിലെ ജനജീവിതം പഴയ വേഗതയിലേക്ക് തിരിച്ചെത്തുകയാണ്. കൂടാതെ ഈ പുതിയ ഉത്തരവ് വിദൂര പഠനമോ ജോലിസ്ഥലത്തെ നിയന്ത്രണങ്ങളോ ഉണ്ടായിരുന്ന എല്ലാ സ്വകാര്യ കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകമാണ്.
സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, ചില്ലറ വിൽപ്പന ശാലകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് റിമോട്ട് വർക്ക് സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഈ മേഖലകൾക്കൊപ്പം മറ്റ് ഓഫീസുകളും സജീവമാകുന്നതോടെ വിപണി സാധാരണരീതിയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.







