എച്ച്ഐവി കേസുകളിൽ രണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശ്, ‘ട്രിപ്പിൾ 95’ നടപ്പിലാക്കാനൊരുങ്ങി ‘നാകോ’

0
55

അമരാവതി: ‘മിഷൻ എയ്‌ഡ്‌സ് സുരക്ഷ’ യിലൂടെ 2030 ആകുമ്പോഴേക്കും എച്ച്ഐവി നിയന്ത്രിക്കാൻ കഴിയുമെന്ന് നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (നാകോ) ഡയറക്‌ടർ ജനറൽ ഡോ. രാകേഷ് ഗുപ്‌ത. വിജയവാഡയിൽ നടന്ന സംസ്ഥാനതല ‘സുരക്ഷ സങ്കൽപ്’ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാനെത്തിയ ഡോ. രാകേഷ് ഗുപ്‌ത, ഈനാട് – ഇടിവി ഭാരതുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

“എയ്‌ഡ്‌സ് രോഗത്തിനെതിരെ പോരാടുന്നതിനായി ഞങ്ങൾ ‘ട്രിപ്പിൾ 95’ ലക്ഷ്യങ്ങൾ നടപ്പിലാക്കുകയാണ്. എച്ച്ഐവി ബാധിതരിൽ 95 ശതമാനം പേരും അവരുടെ അവസ്ഥ അറിയണം. അവരിൽ 95 ശതമാനം പേർക്കും ചികിത്സ ലഭിക്കണം. 95 ശതമാനം പേരിലും അസുഖ വ്യാപനം തടയണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതോടെ എച്ച്ഐവി വ്യാപനം ഗണ്യമായി കുറയ്ക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു.

ലക്ഷ്യങ്ങൾ കൈവരിക്കുന്ന ജില്ലകളെ ‘സുരക്ഷ ജില്ലകൾ’ എന്ന് വിളിക്കും. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി പകരുന്നത് തടയുന്ന ജില്ലകൾ, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി എന്നിവയെ ‘സുരക്ഷ പ്ലസ് ജില്ലകൾ’ എന്നും വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“നിലവിലെ സാഹചര്യം വിശകലനം ചെയ്‌ത ശേഷം 18 സംസ്ഥാനങ്ങളിലായി 219 മുൻഗണനാ ജില്ലകളെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആന്ധ്രപ്രദേശിലെ 23 ജില്ലകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 3.1 ലക്ഷം എച്ച്ഐവി കേസുകളുമായി സംസ്ഥാനം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അതിനാൽ ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എച്ച്ഐവി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു രോഗാവസ്ഥയാണെന്നും പൂർണമായ ചികിത്സയോ വാക്‌സിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “എന്നാൽ ചികിത്സ ഫലങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ, എച്ച്ഐവി ഒരു അതിമാരക രോഗമായിട്ടാണ് കണ്ടിരുന്നത്. ഇന്ന്, ആൻ്റി റിട്രോവൈറൽ തെറാപ്പി (എആർടി) ഉപയോഗിച്ച്, രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്” രാകേഷ് ഗുപ്‌ത വിശദീകരിച്ചു.

ഇതിലൂടെ വ്യാപനം ഒരു പരിധി വരെ തടയാൻ കഴിയുന്നു. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നത് തടയുന്നതിൽ പ്രതിരോധ ചികിത്സ ഫലപ്രദമാണ്. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ സ്ത്രീ ലൈംഗിക തൊഴിലാളികൾ, എംഎസ്എം, ട്രാൻസ്ജെൻഡർ, കുടിയേറ്റ തൊഴിലാളികൾ, യുവാക്കൾ എന്നിവരും ഉൾപ്പെടുന്നു. യുവാക്കൾക്കിടയിൽ അവബോധത്തിൻ്റെ അഭാവം ഒരു പ്രധാന ആശങ്കയാണ്.

ഇതിൽ മാറ്റം വരുത്തുന്നതിനായി ഞങ്ങൾ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുന്നു. 1097 ഹെൽപ്പ്‌ലൈൻ വഴി ആളുകൾക്ക് മാർഗനിർദേശം തേടാനും ‘ബ്രേക്ക് ഫ്രീ’ പോർട്ടൽ വഴി അപകടസാധ്യത വിലയിരുത്താനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘മിഷൻ എയ്‌ഡ്‌സ് സുരക്ഷ’ എന്ന പദ്ധതിയുടെ കീഴിൽ, ജില്ലാതലത്തിൽ പദ്ധതികൾ നടന്നുകൊകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“പദ്ധതി ഉറപ്പാക്കുന്നതിനായി വിശദമായ ഒരു കൈപുസ്‌തകം പുറത്തിറക്കിയിട്ടുണ്ട്. കലക്‌ടർമാർ, ഡിഎംഎച്ച്ഒമാർ, എയ്‌ഡ്‌സ് നിയന്ത്രണ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി വർക്ക്ഷോപ്പുകൾ നടത്തുന്നുണ്ട്,” ഡോ. ഗുപ്‌ത പറഞ്ഞു. 2030-ന് മുമ്പ് തന്നെ ആന്ധ്രപ്രദേശ് ‘സുരക്ഷ പ്ലസ്’ പദവി കൈവരിക്കുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here