ആർത്തവ വേദന നിസാരമാക്കരുത്; എൻഡോമെട്രിയോസിസ് ലക്ഷണങ്ങളാകാം,

0
13

ർത്തവം തൊട്ട് മുമ്പുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ ശരീര വേദനകൾ നിസാരമായി കാണരുത്. ഇവ സാധാരണ വേദനകളല്ല. മാറാതെ നിൽക്കുന്ന അടിവയറുവേദന, നടുവേദന തുടങ്ങിയ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും ആർത്തവത്തിൻ്റെ ഭാഗമല്ല. എന്നാൽ പലരും ചെറുപ്പം മുതൽ കേട്ട് വളർന്നത് ഇതെല്ലാം സ്‌ത്രീത്വത്തിൻ്റെയും വളർച്ചയുടെയും ഭാഗമാണെന്നും എല്ലാവരും ഇത്തരം ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെന്നും തുടങ്ങിയ തെറ്റായ ധാരണകൾ ആണ്.

ഇത്തരം വേദനകൾ മുതിർന്നവരോട് പറയുമ്പോൾ അവർ ആദ്യം നിർദേശിക്കുക ചൂടുള്ള ചായ, ഹീറ്റിങ് ബാഗ് തുടങ്ങിയ പൊടികൈകളാണ്. എന്നാൽ ഇവയെല്ലാം പരീക്ഷിച്ചിട്ടും വേദന മാറിയില്ലെങ്കിൽ വേദന സംഹാരി ടാബ്‌ലെറ്റ് കഴിക്കുന്നവരും ഉണ്ട്. ഇതെല്ലാം തത്‌കാല പ്രതിവിധികൾ മാത്രമാണ്. ഭാവിയിൽ വരാനിരിക്കുന്ന വലിയ അസുഖങ്ങളുടെ ലക്ഷണങ്ങളാകാം ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍.

ഇത്തരം വേദനകൾക്ക് ഉടനടി ആശുപത്രികളിൽ പോയി വ്യക്തമായ കാരണം മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഗൈനക്കോളജിസ്റ്റുകൾ പറയുന്നു. ‘വർഷങ്ങളോളം വേദന അനുഭവിക്കുന്ന പല സ്ത്രീകളും അവസാനം ഒട്ടും വേദന സഹിക്കാനാകാതെ വരുമ്പോഴാണ് ആശുപത്രിയില്‍ എത്താറുള്ളതെന്ന്’ പൂന്നൈ മദർഹുഡ് ആശുപത്രിയിലെ കൺസൾട്ടൻ്റ് ഒബ്സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ് ഡോ.പ്രീതിക ഷെട്ടി പറഞ്ഞു.

‘വേദനാജനകമായ ആർത്തവം സ്ത്രീ ആയിരിക്കുന്നതിൻ്റെ ഒരു ഭാഗം മാത്രമാണെന്ന് വിശ്വസിച്ചാണ് പല സ്ത്രീകളും വളരുന്നത്. ഈ വിശ്വാസം പലപ്പോഴും വർഷങ്ങളോളം വൈദ്യസഹായം തേടുന്നതിൽ നിന്ന് അവരെ തടയുന്നു. ചില കേസുകളിൽ വേദനയ്ക്ക് കാരണം അവര്‍ എൻഡോമെട്രിയോസിസ് എന്ന അവസ്ഥയിലേക്ക് പൊയ്‌ക്കോണ്ടിരിക്കുന്നവരാകാമെന്ന്’ ഡോ. പ്രീതിക ഷെട്ടി മുന്നറിയിപ്പ് നൽകി.

എൻഡോമെട്രിയോസിസ്: ഗർഭാശയത്തിൻ്റെ ഉൾപ്പാടയാണ് ‘എൻഡോമെട്രിയം’ എന്നറിയപ്പെടുന്നത്. ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവം ഉണ്ടായി ആർത്തവ രക്തത്തോടൊപ്പം എൻഡോമെട്രിയം എന്ന ഈ പാട കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരം, ഗർഭാശയത്തിൻ്റെ പിൻ ഭിത്തി, കുടൽ എന്നീ ഭാഗങ്ങളിലും ഈ കോശങ്ങൾ കാണപ്പെടും. എന്നാൽ ഗർഭാശയത്തിനുള്ളിലെ ആവരണത്തിൽ നിന്ന് വ്യത്യസ്‌തമായി ഈ കോശം ആർത്തവചക്ര സമയത്ത് രക്തത്തോടൊപ്പം പോകാതെ ശരീരത്തിനുള്ളിൽ പറ്റി പിടിച്ചിരിക്കും.

ഇത് ഹോർമോൺ മാറ്റങ്ങളോട് പ്രതികരിച്ച് കട്ടിയായി ശരീരത്തിനുള്ളിൽ കിടക്കുന്നു. ഇതിൻ്റെ ഫലമായി കഠിനമായ വേദന, വീക്കം എന്നിവ ഉണ്ടാകുന്നു. ഇതിന് പുറമെ ആർത്തവമില്ലാത്തപ്പോഴും പെൽവിക് വേദന, കൂടുതലായുള്ള രക്തസ്രാവം, ലൈംഗിക ബന്ധത്തിനിടയിൽ വേദന, അടിവയറ് വേദന, ഗർഭ ധാരണ ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകാം. ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്‌ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സിടി, എംആർഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്തി ചികിത്സിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here