പഞ്ചസാര കഴിച്ചില്ലെങ്കിലും ഷുഗർ കൂടും; വ്യായാമവും സ്ട്രെസും വില്ലനായേക്കാം

0
6

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് മധുരപലഹാരങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുമാണ്. എന്നാൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ശരീരത്തിലെ ഗ്ലൂക്കോസ് നില ഉയരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

എൻഎച്ച്എസ് ഡോക്ടറായ അമീർ ഖാനാണ് ഭക്ഷണത്തിന് പുറമെ രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്ന അഞ്ച് പ്രധാന കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. ഇവയിൽ ചിലത് ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ശ്രദ്ധിക്കേണ്ടവയാണ്.

 

1. മാനസിക സമ്മർദം

നാം കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോകുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിലേക്ക് പുറത്തുവിടാൻ പ്രേരിപ്പിക്കുന്നു. പെട്ടെന്ന് ഊർജം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ ശരീരം സ്വീകരിക്കുന്ന ഈ രീതി രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും.

2. ഉറക്കക്കുറവ്

ഒരൊറ്റ രാത്രിയിലെ ഉറക്കമില്ലായ്മ പോലും ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുമെന്ന് ഡോ.അമീർ ഖാൻ പറയുന്നു. ഗ്ലൂക്കോസ് കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാതെ രക്തത്തിൽ തന്നെ നിലനിൽക്കാൻ ഇത് കാരണമാകുന്നു. കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നവരിൽ പോലും വിട്ടുമാറാത്ത ഉറക്കക്കുറവ് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

 

3. വ്യായാമം

അമിതമായ വ്യായാമം അല്ലെങ്കിൽ കഠിനമായ വെയ്റ്റ് ട്രെയിനിങ് നടത്തുമ്പോൾ താൽക്കാലികമായി രക്തത്തിലെ പഞ്ചസാര ഉയരാം. പേശികൾക്ക് കൂടുതൽ ഇന്ധനം നൽകാനായി ശരീരം ഗ്ലൂക്കോസ് പുറത്തുവിടുന്നതിനാലാണിത്. എന്നാൽ ഇത് പേടിക്കേണ്ട ഒന്നല്ല. ദീർഘകാലാടിസ്ഥാനത്തിൽ വ്യായാമം ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്.

4. അസുഖങ്ങളും അണുബാധകളും

ശരീരം ഒരു അണുബാധയുമായി പൊരുതുമ്പോൾ പ്രതിരോധ സംവിധാനത്തിന് കൂടുതൽ ഊർജം ആവശ്യമായി വരുന്നു. ഇതിനായി ശരീരം രക്തത്തിലേക്ക് കൂടുതൽ ഗ്ലൂക്കോസ് വിടുന്നു. അതുകൊണ്ടാണ് പനിയോ മറ്റ് അസുഖങ്ങളോ ഉള്ളപ്പോൾ പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് കൂടുതലായി കാണപ്പെടുന്നത്.

 

 

5. ഹോർമോൺ വ്യതിയാനങ്ങൾ

സ്ത്രീകളിൽ ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ പ്രോജസ്റ്ററോൺ ഹോർമോൺ വർധിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകാറുണ്ട്. അതുപോലെ ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ കുറയുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here