സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പല്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും. ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്യാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രണ്ടാഴ്ചയായി ഹോര്‍മൂസ് കടലിടുക്കിന് സമീപത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 28 കപ്പലുകളില്‍ ഒന്ന് സുരക്ഷിതമായി യാത്ര തിരിച്ച് കഴിഞ്ഞതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാനായത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിനെ തുടര്‍ന്ന് മേഖലയില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് പ്രത്യേക ഇളവ് നല്‍കാന്‍ ഇറാന്‍ തയ്യാറായത്. പല രാജ്യങ്ങളില്‍ നിന്നായുള്ള നൂറുകണക്കിന് കപ്പലുകള്‍ മേഖലയില്‍ ആഴ്ചകളായി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണമുണ്ടായി. 2,500 ഓളം മറീന്‍ സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയക്കും. സൗദി അറേബ്യയില്‍ വിവിധയിടങ്ങളിലായി നടന്ന മിസൈല്‍ – ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ പ്രതിരോധ സേന പരാജയപ്പെടുത്തി. ഖത്തറില്‍ ചില പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കുവൈറ്റില്‍ പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ബഹ്റൈനില്‍ 2 തവണ സൈറണ്‍ മുഴങ്ങി. യുഎഇയില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 141 ആയി. സംഘര്‍ഷബാധിത മേഖലയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ് അറിയിച്ചു.





