മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ്‍; ആദ്യ അങ്കത്തില്‍ തന്നെ ചെന്നെെ കളത്തിലിറങ്ങാന്‍ സാധ്യത,

0
5

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ്‍ ചെന്നെെ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറി എന്നത് തന്നെയാണ് 2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം. സഞ്ജു ആദ്യമായി ചെന്നെെ ടീമിന് വേണ്ടി കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്‍ ഉദ്ഘാടന ദിവസത്തില്‍ തന്നെ സഞ്ജുവിനെ മഞ്ഞക്കുപ്പായത്തില്‍ കാണാനാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  • ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നെെ കളിക്കുമെന്ന് സൂചന
  • ചാമ്പ്യന്‍മാരായ ആര്‍സിബിയായിരിക്കും എതിരാളികള്‍
  • സഞ്ജു മഞ്ഞക്കുപ്പായത്തില്‍ കളിക്കുന്നത് കാണാന്‍ കാത്തിരുന്ന് ആരാധകര്‍
2026 ഐപിഎല്‍ സീസണ് മാര്‍ച്ച് 28-നാണ് തുടക്കമാകുന്നത്. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു ചെന്നെെ സൂപ്പര്‍ കിങ്സിനെ നേരിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാധാരണയായി മുന്‍ വര്‍ഷത്തെ കിരീട ജേതാക്കള്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ കളിക്കാന്‍ ഇറങ്ങാറുണ്ട്.

ചരിത്രത്തിലാദ്യമായി ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ഇത്തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങുമ്പോള്‍ ആരാധക പിന്തുണ ഏറെയുള്ള ചെന്നെെ സൂപ്പര്‍ കിങ്സിനെ തന്നെ എതിരാളികളായി സംഘാടകര്‍ നിശ്ചയിക്കാനാണ് സാധ്യത. കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നെെ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കങ്ങലിലാണ്. 2025 ഐപിഎല്‍ ഫൈനലില്‍ പരാജയപ്പെട്ട പഞ്ചാബ് കിങ്സിന്‍റെ ആദ്യ മത്സരം മാര്‍ച്ച് 29-ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാര്‍ച്ച് 28ന് തന്നെ സഞ്ജു സാംസണ്‍ ആദ്യമായി മഞ്ഞക്കുപ്പായത്തില്‍ കളിക്കുന്നത് കാണാന്‍ വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്നു സഞ്ജു സാംസണ്‍. 2025 സീസണ്‍ അവസാനിച്ചതിന് ശേഷമാണ് ടീം വിടണമെന്ന ആഗ്രഹം സഞ്ജു രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്‍റിനെ അറിയിച്ചത്. യുവതാരങ്ങളില്‍ ചിലര്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍സി ആഗ്രഹിച്ചിരുന്നുവെന്നും അതാണ് സഞ്ജു പിന്‍മാറാന്‍ കാരണമായതെന്നും താരത്തിന്‍റെ പിതാവ് വിശ്വനാഥ് സാംസണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സഞ്ജു സാംസണ്‍ ടീമിലെത്തിയതോടെ ചെന്നെെ സൂപ്പര്‍ കിങ്സ് കഴിഞ്ഞ സീസണില്‍ നേരിട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടോപ് ഓര്‍ഡറില്‍ പക്വതയോടെ ബാറ്റ് വീശുന്നതിനൊപ്പം വെടിക്കെട്ട് നടത്താനുള്ള സഞ്ജുവിന്‍റെ മികവ് ചെന്നെെ ടീമിന് ഒരു മുതല്‍ക്കൂട്ടായി മാറും. വിക്കറ്റ് കീപ്പിങ് റോളില്‍ ധോണിയുടെ പിന്‍ഗാമിയാകാനും ബാറ്റിങ്ങില്‍ കഴിഞ്ഞ സീസണില്‍ ചെന്നെെ നേരിട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സഞ്ജുവിനെക്കൊണ്ട് സാധിക്കുമെന്നാണ് ടീമിന്‍റെ കണക്കുകൂട്ടല്‍.

സഞ്ജുവിന്‍റെ വരവ് ചെന്നെെ ആരാധകരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. കളിക്കളത്തില്‍ ശാന്തനായി ഇടപെടുന്ന, വൈകാരികമായി ആരാധകരെ സൃഷ്ടിക്കാന്‍ കഴിവുള്ള സഞ്ജു സാംസണ്‍ ചെന്നെെ ടീമിന്‍റെ സംസ്കാരത്തിന് ഏറ്റവും അനുയോജ്യനായ താരമായാണ് കണക്കാപ്പെടുന്നത്. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നെെ ടീം നേരത്തെയും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ പുതിയ സീസണില്‍ സഞ്ജുവിനെ ചുറ്റിപ്പറ്റിയായിരിക്കും ചെന്നെെ ടീമിന്‍റെ തന്ത്രങ്ങളും പദ്ധതികളുമെല്ലാം.

എന്തായാലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സഞ്ജു ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങുന്നത് കാണാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. ഉദ്ഘാടന ദിവസം തന്നെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ സഞ്ജു കളത്തിലിറങ്ങാനാണ് സാധ്യത. ടി20 ലോകകപ്പില്‍ ഓപ്പണറായി മിന്നിച്ചതോടെ ചെന്നെെ ടീമിലും ഓപ്പണിങ് റോള്‍ തന്നെ സഞ്ജുവിന് ലഭിച്ചേക്കും. ഐപിഎല്ലിന് മുമ്പുള്ള ചെന്നെെ ടീമിന്‍റെ പരിശീലന ക്യാമ്പ് മാര്‍ച്ച് 22ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ക്യാമ്പിന് മുന്നോടിയായി സഞ്ജു ചെന്നെെ ടീമിനൊപ്പം ചേരാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here