തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. എൻജിനുകളിൽ ഒന്നിൽ എണ്ണമർദ്ദം കുറവാണെന്ന മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. എയർബസ് എ 321 വിഭാഗത്തിൽപ്പെട്ട എഐ-830 വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നു രാവിലെ അഞ്ചരയ്ക്കു പുറപ്പെട്ട വിമാനമാണ് തകരാര്‍ മൂലം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ രണ്ടാമത്തെ എൻജിനിൽ ഓയിൽ അളവ് കുറവാണെന്നും പ്രഷർ സീറോ ആണെന്നും കോക്പിറ്റിൽ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. എൻജിൻ പ്രവർത്തിക്കുന്നത് തുടരുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ പൈലറ്റുമാർ ഉടൻ തന്നെ എൻജിൻ ഓഫ് ചെയ്യുകയും ‘പാൻ-പാൻ’ (PAN-PAN) അടിയന്തര സന്ദേശം എയർ ട്രാഫിക് കൺട്രോളിന് നൽകുകയും ചെയ്തു. ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ മുൻഗണനാക്രമത്തിൽ ലാൻഡിങ് അനുവദിക്കാനാണ് ഇത്തരമൊരു സന്ദേശം നൽകുന്നത്.
എടിസിയുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ലാൻഡിങ് പൂർത്തിയാക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ലാൻഡിങ്ങിന് ശേഷം വിമാനം സാങ്കേതിക പരിശോധനകൾക്കായി മാറ്റിയെന്ന് തിരുവനന്തപുരം അദാനി എയര്‍പോര്‍ട്ട് പിആര്‍ഒ മഹേഷ് ഗുപ്‌തന്‍ ഇ ടിവി ഭാരതിനോട് പറഞ്ഞു. എൻജിനിലുണ്ടായ എണ്ണച്ചോർച്ചയാണോ തകരാറിന് കാരണമെന്ന് എയർലൈൻ എൻജിനീയർമാർ പരിശോധിച്ചു വരികയാണ്.





