2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി കൊച്ചിയിൽ തുടക്കം കുറിക്കും. രാവിലെ 11.30-ഓടെ അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം കൊച്ചി നാവികസേനാ ബേസിലെ ഹെലിപാഡിലെത്തും. ഏകദേശം 12.30-ഓടെ മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30-ഓടെ കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എത്തുന്ന അദ്ദേഹം 10,800 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊർജം പകരുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് ഈ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കൂറ്റൻ റാലിയിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയില്ലെങ്കിലും സാധ്യതാ മണ്ഡലങ്ങളില്‍ ബിജെപി നേതാക്കള്‍ ഇതിനകം തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മാറ്റം തുടങ്ങാം മോദിക്കൊപ്പമെന്ന് ബിജെപി
കേരളത്തിൻ്റെ റെയിൽവേ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് മോദി സർക്കാർ സൃഷ്ടിക്കുന്നതെന്ന് കേരളത്തിലെ ബിജെപി. അമൃത് ഭാരത് സ്റ്റേഷനിലൂടെ റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്. കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം നവീകരിച്ച കുറ്റിപ്പുറം, ഷോർണൂർ ജംഗ്ഷൻ, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും, പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫും നിർവ്വഹിക്കും. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വൈദ്യുതീകരിച്ച ഷൊർണൂർ – നിലമ്പൂർ റോഡ് പാതയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം കൊച്ചി നാവികസേനാ ബേസിലെ ഹെലിപാഡിലെത്തും.
“മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല” രാജീവ് ചന്ദ്രശേഖര്‍
പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കണ്ടേതില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് റിയാസ് എന്ന് ചൂണ്ടികാട്ടിയപ്പോള്‍ ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ട് മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ വിയോജിപ്പ് അറിയിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. “തെരഞ്ഞെടുപ്പിന് മുന്‍പ് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണിത്. നാടിന് വേണ്ടിയാണ് എല്ലാ പദ്ധതികളും ഇന്ന് പ്രഖ്യാപിക്കാൻ പോകുന്നത്. എന്നാൽ, എങ്ങനെയെങ്കിലും വിവാദം മനപ്പൂര്‍വം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം. ഏതൊക്കെ മന്ത്രിമാര്‍ വരണമെന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്” അദ്ദേഹം പറഞ്ഞു.







