ആരോഗ്യകരമായ ജീവിതശൈലിയിൽ ഭക്ഷണക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരാകാറില്ല. എന്നാൽ, നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് മഗ്നീഷ്യം. ഹൃദയാരോഗ്യത്തിന് മഗ്നീഷ്യം എത്രത്തോളം അത്യന്താപേക്ഷിതമാണെന്നും, ഈ ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു സൂപ്പർ പഴത്തെക്കുറിച്ചും അറിയാം.
നമുക്കെല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്ന ഏത്തപ്പഴം ആണ് മഗ്നീഷ്യത്തിന്റെ കലവറയായി അറിയപ്പെടുന്നത്. പൊട്ടാസ്യത്തിന്റെ ഉറവിടം എന്ന നിലയിലാണ് ഏത്തപ്പഴത്തെ പലരും കാണുന്നതെങ്കിലും, ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദയ പേശികളുടെ ആരോഗ്യത്തിന് നൽകുന്ന പിന്തുണ ചെറുതല്ല.
1. ഉയർന്ന അളവിലുള്ള പൊട്ടാസ്യം
രക്തസമ്മർദം നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഹൃദയാരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ അളവിൽ പൊട്ടാസ്യം കഴിക്കുന്നത് വളരെ പ്രധാനമാണ്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ ആഘാതം കുറയ്ക്കുകയും ഹൃദയരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായ ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ഏത്തപ്പഴം. ഒരു ഇടത്തരം വലിപ്പമുള്ള പഴത്തിൽ ഏകദേശം 422.4 എംജി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
2. മഗ്നീഷ്യത്താൽ സമ്പുഷ്ടം
ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന പ്രധാന ധാതുവായ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് ഏത്തപ്പഴം. ഹൃദയമിടിപ്പ് കൃത്യമായും സ്ഥിരമായും നിലനിർത്തുന്നതിന് അത്യാവശ്യമായ ഹൃദയപേശികളുടെ സങ്കോചവും വികാസവും ഇത് ഉറപ്പാക്കുന്നു.
3. ഉയർന്ന അളവിലുള്ള നാരുകൾ
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ , ദഹനപ്രക്രിയയ്ക്കിടെ കൊളസ്ട്രോളുമായി ഒന്നായി അവ രക്തത്തിൽ കലരുന്നതിന് മുൻപ് തന്നെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ധമനികളിൽ പ്ലേക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.
4. വൈറ്റമിൻ ബി 6 ഹോമോസിസ്റ്റീൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
ഏത്തപ്പഴം വൈറ്റമിൻ ബി 6-ന്റെ മികച്ച ഉറവിടമാണ്. ഇത് ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തിൽ ഹോമോസിസ്റ്റീന്റെ അളവ് കൂടുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കും.
5. ശക്തമായ ആന്റിഓക്സിഡന്റുകൾ
വൈറ്റമിൻ സി, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഏത്തപ്പഴത്തിൽ ധാരാളമുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസും ശരീരത്തിലെ വിട്ടുമാറാത്ത വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഇവ രണ്ടും ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളാണ്.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ വിലകൂടിയ മരുന്നുകളേക്കാൾ ഉപരിയായി, നാം കഴിക്കുന്ന ലളിതമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ദിവസവും ഒരു ഏത്തപ്പഴം ശീലമാക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് നൽകുന്ന വലിയൊരു കരുതലാകാം.








