ന്യൂഡൽഹി: ടെലിവിഷൻ വാർത്താ ചാനലുകളുടെ റേറ്റിംഗ് (TRP) റിപ്പോർട്ട് ചെയ്യുന്നത് ഉടൻ നിർത്തിവെക്കാൻ റേറ്റിംഗ് ഏജൻസിയായ ബാർക്കിനോട് (Broadcast Audience Research Council) കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. നാല് ആഴ്ചത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവ് വരുന്നത് വരെയോ റേറ്റിംഗ് പുറത്തുവിടരുതെന്നാണ് പുറപ്പെടുവിച്ച നിർദ്ദേശം.
ഇസ്രായേൽ-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ചില വാർത്താ ചാനലുകൾ അനാവശ്യമായ പരിഭ്രാന്തി പരത്തുന്ന രീതിയിലും വസ്തുതാവിരുദ്ധമായ ഊഹാപോഹങ്ങൾ കലർത്തിയും വാർത്തകൾ നൽകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഇത്തരം റിപ്പോർട്ടുകൾ പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സംഘർഷബാധിത പ്രദേശങ്ങളിൽ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉള്ളവരിലും അവിടെ താമസിക്കുന്നവരിലും വലിയ ഭീതിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
“നിലവിലെ സംഘർഷങ്ങൾക്കിടയിൽ ചില വാർത്താ ചാനലുകൾ അനാവശ്യ സെൻസേഷണലിസവും ഊഹാപോഹങ്ങളും കലർന്ന ഉള്ളടക്കവും പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.” എന്നാണ് വാർത്താ വിനിമയ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
മന്ത്രാലയത്തിന്റെ നയരൂപീകരണ മാർഗ്ഗനിർദ്ദേശങ്ങളിലെ ക്ലോസ് 24.2 പ്രകാരം, സർക്കാർ നൽകുന്ന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ ഏജൻസി ബാധ്യസ്ഥരാണ്. ഇത് മുൻനിർത്തി പൊതുതാൽപ്പര്യം പരിഗണിച്ചാണ് വാർത്താ ചാനലുകളുടെ ടിആർപി റിപ്പോർട്ടുകൾ തടഞ്ഞുവെക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് ടെലിവിഷൻ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനുമുമ്പ് 2020-ൽ ഡാറ്റാ കൃത്രിമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും വാർത്താ ചാനലുകളുടെ റേറ്റിംഗ് മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു.






