ആലപ്പുഴ: കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം നാടിന് സമർപ്പിക്കപ്പെടുമ്പോൾ, വൈകാരികമായ ഒരു കുറിപ്പിലൂടെ ശ്രദ്ധേയനാവുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. പെരുമ്പളം നിവാസികളുടെ ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് അറുതിയാകുമ്പോൾ, ഇത് വെറുമൊരു വികസനമല്ല, മറിച്ച് ഒരു ജനതയുടെ അതിജീവനമാണെന്ന് മമ്മൂട്ടി ഓർമ്മിപ്പിക്കുന്നു.
“രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്… ദൂരമല്ല… ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ… സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ… ഒരു വിവാഹാലോചന വന്നാൽ പോലും ‘അക്കരെ’ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ… ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്. എന്റെ നാടായ ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ… ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!” എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.
ഇന്ന് രാവിലെ 11.00 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കുന്നത്. പാലം ഉദ്ഘാടനം കഴിഞ്ഞ ഉടൻ തന്നെ ദ്വീപിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ മൂന്ന് സർവീസുകളുണ്ടാകും. വൈറ്റില, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേയ്ക്കുള്ള ഒർഡിനറി സർവീസുകളാണിവ. താമസിയാതെ സർവീസുകളുടെ എണ്ണം വർധിപ്പിക്കും.
പാലത്തിന്റെ പ്രത്യേകതകൾ
106 കോടി രൂപ ചെലവിൽ കിഫ്ബി വഴി നിർമ്മിച്ച പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയനാണ് 2019ൽ തറക്കല്ലിട്ടതും ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതും. 1.4 കിലോമീറ്ററിലധികം നീളമുള്ള ഈ പാലം പെരുമ്പളം ദ്വീപിനെ വടുതലയുമായും പ്രധാന കരയുമായും ബന്ധിപ്പിക്കുന്നു. പാലത്തിൽ കാൽനടയാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ സുരക്ഷിതമായ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. കായലിലൂടെയുള്ള ജലഗതാഗതത്തിന് യാതൊരു തടസവുമുണ്ടാകാത്ത വിധം 55 മീറ്റർ നീളമുള്ള 3 മനോഹരമായ ബോ സ്ട്രിംഗ് ആർച്ച് സ്പാനുകളും 35 മീറ്റർ നീളമുള്ള 27 സ്പാനുകളും ഉണ്ട്.
വള്ളങ്ങളെയും ബോട്ടുകളെയും ജങ്കാർ സർവീസുകളെയും മാത്രം ആശ്രയിച്ചിരുന്ന ദ്വീപ് നിവാസികൾക്ക് ഈ പാലം തുറക്കുന്നത് വലിയ ആശ്വാസമാണ്. ദീർഘനാളായുള്ള ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനും ഇതോടെ അവസാനമാകും.
ചേർത്തല-അരൂക്കുറ്റി റോഡിനെയും വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് ഈ പാലം വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ ജലപാതയായതിനാൽ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസ്സമില്ലാതെ കടന്നുപോകുന്നതിന് പാലത്തിന്റെ നടുവിൽ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കേരളത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം നിർമ്മിച്ചിരിക്കുന്നത്.







