ന്യൂഡൽഹി: യുഎസ് അന്തർവാഹിനി ടോർപ്പിഡോ ആക്രമണത്തിൽ ബുധനാഴ്‌ച (മാർച്ച് 04) മുങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയ്ക്കായി തെരച്ചിൽ. ശ്രീലങ്ക – ഇന്ത്യൻ നാവികസേനകൾ സംയുക്തമായാണ് ഇറാൻ യുദ്ധക്കപ്പലിനായി തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഇന്ത്യൻ നാവികസേന ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷക് എന്നീ കപ്പലുകളെ സമുദ്ര പട്രോളിങ് വിമാനങ്ങൾക്കൊപ്പം വിന്യസിപ്പിച്ചാണ് രക്ഷാപ്രവർത്തനം.
മാർച്ച് 4ന് പുലർച്ചെയാണ് ഐആർഐഎസ് ദേനയിൽ നിന്ന് ദുരന്ത സന്ദേശം ലഭിച്ചതെന്നും ശ്രീലങ്കൻ നേവിയാണ് ഇതുസംബന്ധിച്ച വിവരം നൽകിയതെന്നും ഇന്ത്യൻ നാവികസേന വിശദീകരിച്ചു. ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെടുകയും നിരവധി നാവികർ കൊല്ലപ്പെടുകയും ചെയ്‌തെന്ന് റിപ്പോർട്ടുകൾ വന്നു. യുഎസ് അന്തർവാഹിനി ടോർപ്പിഡോയിൽ ഇടിച്ചായിരുന്നു സംഭവമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
‘ശ്രീലങ്കയോടടുത്ത മേഖലയായ ഗാലെയിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വച്ചാണ് അപകടമുണ്ടായത്. വിവരം ലഭിച്ചതിനെത്തുടർന്ന്, ശ്രീലങ്കയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി തെരച്ചിൽ ആരംഭിച്ചു’ ഇന്ത്യൻ നാവികസേനയുടെ പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു ദീർഘദൂര സമുദ്ര പട്രോളിങ് വിമാനത്തിലാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം തുടങ്ങിയത്.
‘ശേഷം ഇന്ത്യൻ നാവികസേന ഉടൻ തന്നെ എസ്എആർ (സിറ്റുവേഷൻ ആക്‌ഷൻ റിസൾട്ട്) ശ്രമങ്ങൾ ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ഐഎൻഎസ് തരംഗിണി മാർച്ച് 4 തെരച്ചിൽ മേഖലയിൽ എത്തി. തെരച്ചിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി ഐഎൻഎസ് ഇക്ഷാകും കൊച്ചിയിൽ നിന്ന് എത്തി. കപ്പൽ മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ ഉദ്യോഗസ്ഥർക്കായുള്ള തെരച്ചിൽ പ്രദേശത്ത് തുടരുന്നു. ശ്രീലങ്ക – ഇന്ത്യ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്’ പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
സൈനിക പ്രചാരണത്തിൻ്റെ ഭാഗമായി യുഎസ് നാവികസേനയുടെ ഒരു അന്തർവാഹിനി കപ്പലിനെ ടോർപ്പിഡോ ചെയ്‌തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യാപാര കപ്പലുകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ഏദൻ ഉൾക്കടലിലെ യുദ്ധക്കപ്പലുകൾ സഹായിക്കുന്നുണ്ടെന്ന് ഇന്ത്യൻ പ്രതിരോധ സേന പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ചേർന്നു. തിങ്കളാഴ്‌ച കൂടിയ യോഗത്തിൽ പങ്കെടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ സായുധ സേനയുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്‌തു. ഫെബ്രുവരി 28ന് ഇറാനിൽ നടന്ന വ്യോമാക്രമണങ്ങളെക്കുറിച്ചും തുടർന്ന് ഗൾഫ് രാജ്യങ്ങളിലുണ്ടാകുന്ന നിരവധി ആക്രമണങ്ങളെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്‌തതായി പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യൻ പ്രവാസി സമൂഹത്തിൻ്റെ സുരക്ഷയിലും അവർ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ, പ്രാദേശിക സുരക്ഷയ്ക്കും സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവയും യോഗത്തിൽ അവലോകനം ചെയ്‌തു. ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന് പ്രായോഗിക നടപടികൾ സ്വീകരിക്കാൻ സിസിഎസ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും നിർദേശിച്ചു.




