മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഇന്ന് കൊച്ചിയിൽ

0
5

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഇന്ന് സംസ്ഥാനത്തെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വൈകിട്ട് 5.30ന് അദ്ദേഹം കൊച്ചിയിലാണ് എത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനൊപ്പം എസ്ഐആർ നടപടികൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുകയെന്നതും അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ഇന്ന് പ്രത്യേക ഔദ്യോഗിക പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ലാത്ത കമ്മിഷണർ എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും. സന്ദർശനത്തിൻ്റെ രണ്ടാം ദിനമായ നാളെ രാവിലെ മുതൽ ഉച്ചവരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം വിശദമായ ചർച്ചകൾ നടത്തും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികൾക്കുള്ള ആശങ്കകളും അവരുടെ നിർദേശങ്ങളും യോഗത്തിൽ അദ്ദേഹം നേരിട്ട് ചോദിച്ചറിയും.

സന്ദർശനത്തിൻ്റെ അവസാന ദിവസമായ മറ്റന്നാൾ (ഏഴാം തീയതി) രാവിലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നിർണായക കൂടിക്കാഴ്ചകൾ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) എന്നിവർക്ക് പുറമെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്തെ ക്രമസമാധാന നിലയും തെരഞ്ഞെടുപ്പ് സജ്ജീകരണങ്ങളും ഈ യോഗത്തിൽ വിശദമായി വിലയിരുത്തും. അതിർത്തി ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ, അന്തർസംസ്ഥാന മദ്യക്കടത്ത്, കള്ളപ്പണം ഒഴുകുന്നത് തടയാനുള്ള പ്രത്യേക പരിശോധനകൾ, ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണം എന്നിവയും ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായുള്ള യോഗത്തിൽ ചർച്ചയാകും. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സായുധ സേനയെ സംസ്ഥാനത്ത് വിന്യസിക്കുന്ന കാര്യവും കമ്മിഷൻ്റെ പരിഗണനയിലുണ്ട്.

വോട്ടർപട്ടിക കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾക്ക് കമ്മിഷൻ വലിയ ഊന്നൽ നൽകും. ഇരട്ടവോട്ടുകൾ ഒഴിവാക്കാനും പതിനെട്ട് വയസ്സ് തികഞ്ഞ പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താനുമുള്ള തീവ്രശ്രമങ്ങൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുഖേന വിലയിരുത്തും. വോട്ടർമാർക്ക് പണമോ മറ്റ് പ്രലോഭനങ്ങളോ നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്ന നിയമവിരുദ്ധ നടപടികൾ തടയുന്നതിനുള്ള കർശന ജാഗ്രതാ നിർദേശങ്ങൾ പൊലീസിനും ജില്ലാ കലക്ടർമാർക്കും നൽകും. മുൻകാലങ്ങളിൽ സംഘർഷ സാധ്യതയുണ്ടായിരുന്ന പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ മൈക്രോ ഒബ്സർവർമാരെ നിയമിക്കാനും മുഴുവൻ സമയ വെബ്കാസ്റ്റിങ് സംവിധാനങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമെടുക്കും.

വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് മെഷീനുകളുടെയും സുരക്ഷാ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ നിർദേശം നൽകും. ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികളുടെ പുരോഗതിയും കമ്മിഷൻ നേരിട്ട് വിലയിരുത്തും. ഹരിത ചട്ടം കർശനമായി പാലിച്ച്, പൂർണമായും പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെടും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യുന്നതിനായി ബൂത്തുകളിൽ ഒരുക്കേണ്ട പ്രത്യേക സൗകര്യങ്ങളായ റാംപുകൾ, വീൽ ചെയറുകൾ, കുടിവെള്ളം തുടങ്ങിയവ ഉറപ്പാക്കുന്ന കാര്യവും യോഗങ്ങളിൽ പ്രധാന ചർച്ചയാകും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷം ശനിയാഴ്ച കൊച്ചിയിൽ വച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ മാധ്യമങ്ങളെ കാണും. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് ശേഷമുള്ള മറുപടികളും കൂടുതൽ വിശദീകരണങ്ങളും ഈ വാർത്താസമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് കമ്മിഷണറുടെ ഈ സന്ദർശനം. എല്ലാ മുന്നൊരുക്കങ്ങളും തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ കമ്മിഷൻ ഡൽഹിയിലേക്ക് മടങ്ങുകയുള്ളൂ. കേരളത്തിലെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതോടെ അടുത്ത ആഴ്ചയോടെ തന്നെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് നിലവിലെ സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here