സ്ട്രോക്ക്, പാർക്കിൻസൺസ് രോഗികൾക്ക് ഇനി റോബോട്ടിക് കൈകളുടെ കരുത്തിൽ ചലിക്കാം

0
13

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും നാഡീരോഗ ബാധിതർക്കും പ്രതീക്ഷയുടെ പുതിയ വാതിൽ തുറന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക് സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്‌സ്. സ്ട്രോക്ക്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ മൂലം കൈകളുടെയും തോളുകളുടെയും ചലനശേഷി നഷ്ടപ്പെട്ടവരെ സഹായിക്കാൻ അത്യാധുനികമായ ‘ജി-ആം’ (G-ARM) റോബോട്ടിക് സംവിധാനമാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

അരയ്ക്ക് മുകളിൽ ഇരു കൈകൾക്കും ഒരേസമയം ചലനശേഷി നൽകാൻ സഹായിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ റോബോട്ടിക് ചികിത്സാ സംവിധാനമാണിതെന്ന് ജെൻ റോബോട്ടിക്സ് അവകാശപ്പെടുന്നു. വെറും വ്യായാമങ്ങൾക്കപ്പുറം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കരുത്തിൽ ഗെയിമുകൾ കളിക്കുന്നത് പോലെ ആസ്വദിച്ച് ചികിത്സ നടത്താം എന്നതാണ് ഇതിൻ്റെ പ്രത്യേകത. 2026 ഏപ്രിലിൽ പുറത്തിറങ്ങുന്ന ഈ ഉപകരണം ഫിസിയോതെറാപ്പി രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്.

രോഗികളുടെ ചലനശേഷി, ഏകോപനം, സ്വയം പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംവിധാനമാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്. കൈ, കൈപ്പത്തി എന്നിവയുടെ ചലനനിയന്ത്രണത്തിലെ ലഘു തകരാറുകൾ പരിഹരിച്ച് ചലനവും ഏകോപനവും വീണ്ടെടുക്കാൻ ഈ സംവിധാനം രോഗികളെ സഹായിക്കുന്നു. ആശുപത്രികളിലും ഫിസിയോതെറാപ്പി സെൻ്ററുകളിലും ഉപയോഗിക്കാനാണ് ജി ആം (G-ARM) രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്ട്രോക്ക്, തലേച്ചോറിന് സംഭവിക്കുന്ന ഗുരുതര പരിക്ക് എന്നിവമൂലം ചലനശേഷി നഷ്ടപ്പെട്ടവർ, നാഡീരോഗങ്ങൾ, രക്തക്കുഴലിനുണ്ടാകുന്ന രോഗങ്ങൾ എന്നിവ മൂലമോ ജനനത്തിൽ തന്നെ തലച്ചോറിനുള്ള പരിക്ക് കൊണ്ടോ ചലനശേഷി നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാനുള്ള ചികിത്സയെയാണ് ഈ ഉപകരണം സഹായിക്കുക. ഏകദേശം 75 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഈ ഉപകരണത്തില്‍ രോഗിയുടെ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാവുന്ന ഒരു റോബോട്ടിക് കൈയും ഉറപ്പുള്ളതും എളുപ്പത്തിൽ നീക്കാവുന്നതുമായ അടിത്തറയിൽ ഘടിപ്പിച്ച സഹായ ഉപകരണമായ ഓർത്തോസിസും(ORTHOSIS) ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജെൻ റോബോട്ടിക്‌സ് സിഇഒ വിമൽ ഗോവിന്ദ് ഇ ടിവി ഭാരതിനോട് പറഞ്ഞു.

ക്രമബദ്ധമായും ആവർത്തിച്ചുമുള്ള വ്യായാമങ്ങളിലൂടെ രോഗികൾക്ക് കൈകാലുകളുടെ ചലനം മെച്ചപ്പെടുത്താനും സ്വയം പ്രവർത്തിക്കാനുള്ള കഴിവ് വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. തോൾ, കൈമുട്ട്, കൈത്തണ്ട, കൈക്കുഴ, വിരലുകൾ എന്നീ ഭാഗങ്ങളെ എകോപിപ്പിച്ചുള്ള ചലനം ഈ ഉപകരണം വഴി സാധ്യമാകുന്നു. ചലന ശേഷി നഷ്ടപ്പെട്ട രോഗിയുടെ കൈ സാധാരണ നിലയിൽ ചലിപ്പിക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.

ജി ആം (Special Arrangement)

പ്രവര്‍ത്തന രീതി

നാല് തരത്തിലാണ് കൈയുടെ ഭാഗങ്ങൾ ജി ആമിൻ്റെ സഹായത്തോടെ ചലിപ്പിക്കാനാവുക. ഇതിന് പുറമേ ഭാഗങ്ങൾ കൃത്യമായി ചലിക്കുന്നുണ്ടോ എന്നറിയാൻ സെൻസർ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനവും ജി ആമിൽ ഉൾപ്പെടുന്നു ഉൾപ്പെടുന്നു. കൈയും ഭുജവും എങ്ങനെ ചലിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഏഴ് പ്രധാന കാര്യങ്ങൾ ഈ റോബോട്ടിക്ക് സംവിധാനം അളന്ന് രേഖപ്പെടുത്തി വെയ്ക്കും. തോളുകൾ, കൈക്കുഴ കൈത്തണ്ട എന്നിവയുടെ ചലനം, എവിടയൈങ്കിലും പിടിക്കാനുള്ള വിരലുകളുടെ ശേഷിയും സംബന്ധിച്ച വിവരങ്ങളാണ് ഇത് രേഖപ്പെടുത്തുന്നത്.

രോഗിക്ക് എത്രമാത്രം സ്വയം ചലിക്കാനാകുന്നുവെന്ന് അനുസരിച്ച് മൂന്ന് രീതികളിലായാണ് ചികിത്സ നൽകുന്നത്. രോഗി തന്നെ ചെയ്യുന്ന വ്യായാമങ്ങൾ, ഉപകരണത്തിൻ്റെ സഹായത്തോടെ ചെയ്യുന്നവ, പൂർണമായി ഉപകരണം തന്നെ ചലിപ്പിക്കുന്നവ എന്നിങ്ങനെയാണ് ഇവയെ തരംതിരിച്ചിട്ടുള്ളത്. നിർമിത ബുദ്ധിയിൽ (AI) അധിഷ്ഠിതമായ പരിശീലന സംവിധാനം രോഗികളുടെ ചലന രീതികൾ പരിശോധിക്കുകയും തെറ്റുകൾ തിരുത്താൻ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

ഗെയിം കളിക്കുന്നത് പോലെ തോന്നുന്ന വ്യായാമങ്ങളാണ് ചികിത്സാമുറകളായി ഇതിലുള്ളത്. ജി ആമിൻ്റെ സ്‌ക്രീനിൽ തെളിയുന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കൈ നീട്ടുക, പിടിക്കുക, വിട്ടുകൊടുക്കുക, ചില വസ്തുക്കൾ നീക്കിവെയ്ക്കുക തുടങ്ങിയ ലക്ഷ്യാധിഷ്ഠിതമായ ചലനങ്ങളാണ് രോഗികൾ നടത്തുന്നത്. വ്യായാമത്തിൽ ആസ്വദിച്ച് പങ്കെടുത്തുകൊണ്ട് തന്നെ രോഗിയുടെ കൈകാലുകളുടെ ചലനം പുനരധിവസിപ്പിക്കാനും ചലന ഏകോപനം മെച്ചപ്പെടുത്താനും ക്ഷമത വർധിപ്പിക്കാനും ഈ സംവിധാനം സഹായകരമാണ്.

രോഗിയുടെ ചലന പരിധി, എത്ര തവണ വ്യായാമം ചെയ്തു, വേഗം, പുരോഗതി തുടങ്ങിയ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തും. രോഗിയുടെ പ്രകടന വിവരം ഗ്രാഫിക്കൽ റിപ്പോർട്ടുകളുടെ രൂപത്തിൽ ഫിസിയോതെറാപ്പിസ്റ്റിനും ഡോക്ടർമാർക്കും കാണാനാകുമെന്ന് മാത്രമല്ല ഓരോ സെഷൻ്റെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ പിന്നീട് നോക്കാൻ കഴിയുന്ന തരത്തിൽ ഇതിൽനിന്ന് അയച്ച് നൽകാനും കഴിയും.

അരയ്ക്ക് മുകളിൽ ചലനശേഷി മെച്ചപ്പെടുത്തുന്ന സംവിധാനം ലോകത്തിൽ ആദ്യം

മനുഷ്യരുടെ അരയ്ക്ക് മുകളിൽ ചലനശേഷി വീണ്ടെടുക്കാനും രണ്ട് കൈകളും ചലിപ്പിക്കാനും ഉപയോഗിക്കുന്ന സംവിധാനം ലോകത്ത് ആദ്യമാണെന്ന് സിഇഒ വിമൽ ഗോവിന്ദ് ഇടിവി ഭാരതിനോട് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ മാത്രമാണ് ഇത്തരം ഉപകരണം നിർമിക്കുന്നത്. എന്നാൽ അവിടെ നിർമിക്കപ്പെടുന്ന ഉപകരണം വഴി ഒരു കൈ മാത്രമാണ് ചലിപ്പിക്കാനാവുക. ജെൻറോബോടിക്‌സിൻ്റെ ജി ആം(G-ARM) വഴി രണ്ട് കൈകളും ചലിപ്പിക്കാനാവും. ഈ ഉപകരണത്തിൻ്റെ ലോഞ്ചിങ് 2026 ഏപ്രിലിൽ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജെൻറോബോട്ടിക്‌സ് ഇന്നോവേഷൻ

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റോബോട്ടിക് സ്റ്റാർട്ടപ്പാണ് ജെൻ റോബോട്ടിക്‌സ് (Genrobotic Innovations). അഴുക്കുചാലുകളും മാൻഹോളുകളും വൃത്തിയാക്കാൻ മനുഷ്യർ ഇറങ്ങുന്നത് ഒഴിവാക്കാൻ വികസിപ്പിച്ച ബാന്‍ഡിക്കൂട്ട് (Bandicoot) റോബോട്ടിലൂടെയാണ് ഇവർ ശ്രദ്ധേയരായത്. മാലിന്യ നിർമാർജനം, ആധുനിക റോബോട്ടിക്‌സ്, എഐ (AI) സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ഉപകരണങ്ങളിൽ ഇവർ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. പക്ഷാഘാത പരിചരണത്തിനായി ജെൻ റോബോട്ടിക്‌സ് വികസിപ്പിച്ച അഡ്വാൻസ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി-ഗെയ്റ്ററിന് മെഡിക്കോൾ മേഡ് ഇൻ ഇന്ത്യ ഇന്നൊവേഷൻ 2023 ഗോൾഡൻ അവാർഡ് ലഭിച്ചിരുന്നു. വ്യവസായത്തിലെ നൂതന സാങ്കേതിക കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനാണ് മെഡിക്കോൾ മേഡ് ഇൻ ഇന്ത്യ ഇന്നൊവേഷൻ പുരസ്‌കാരം നൽകുന്നത്.

ജെൻറോബോട്ടിക്‌സിൻ്റെ ഉപകരണങ്ങൾ

ബാന്‍ഡിക്കൂട്ട് (Bandicoot): ലോകത്തിലെ ആദ്യത്തെ മാൻഹോൾ ക്ലീനിങ് റോബോട്ടാണിത്. ഇത് മാനുവൽ സ്‌കാവഞ്ചിങ് പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു.വിൽബോർ (Willboar): തോടുകളും കനാലുകളും വൃത്തിയാക്കാനുള്ള റോബോട്ട്.ജി-ഗെയ്റ്റർ (G-Gaiter): പക്ഷാഘാതം പോലുള്ള ചലനശേഷി നഷ്ടമായവർക്ക് വീണ്ടും നടക്കാൻ പരിശീലനം നൽകുന്ന മെഡിക്കൽ റോബോട്ട്.ജി സ്‌പൈഡർ (G-Spider): എഐ അധിഷ്ഠിതമായി അഴുക്കുചാലുകൾ വൃത്തിയാക്കുന്ന സംവിധാനം.

അംഗീകാരങ്ങൾ

ഫോബ്സ് (Forbes) പട്ടികയിൽ ഇടംനേടുകയും കേന്ദ്ര സർക്കാരിൻ്റെ മികച്ച എഐ സ്റ്റാർട്ടപ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിൽ മാനുഷികമായ ഇടപെടലുകൾ കുറച്ച് സുരക്ഷിതമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ജെൻ റോബോട്ടിക്‌സ് മുൻപന്തിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here