തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ ഡാറ്റാച്ചോർച്ചയിൽ ഹൈക്കോടതിവിധി തിരിച്ചടിയായതോടെ ജീവനക്കാർക്കിടയിൽ ഇനി ഫോണിലൂടെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കാനാവില്ല. ജീവനക്കാരുടെ ഫോൺ നമ്പർ ഉപയോഗിച്ച് വാട്‌സാപ്, ടെക്‌സ്റ്റ് മെസേജ്, ടെലഗ്രാം എന്നിവ വഴി ജീവനക്കാർക്കിടയിൽ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ വിലക്കിട്ടാണ് കോടതി ഇടക്കാല വിധിപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതിന് പുറമേ കേസ് അടുത്ത തവണ പരിഗണിക്കുന്നതിന് മുമ്പ് വിശദീകരണം നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്‌വെയറിൽ നിന്നും ഇത്രയധികം ഡേറ്റ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്നതിൽ സർക്കാർ കൃത്യമായി മറുപടി നൽകേണ്ടി വരും. ഡിഎ, ഡിആർ സംബന്ധിച്ച സന്ദേശങ്ങൾ എവിടെ നിന്നാണ് അയച്ചതെന്നും ഇതിൽ സ്വകാര്യ പിആർ കമ്പനികൾക്ക് പങ്കുണ്ടോയെന്നും സർക്കാർ വിശദീകരിക്കേണ്ടി വരും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായാണോ ഇത്തരം സന്ദേശങ്ങൾ അയയ്ക്കപ്പെട്ടതെന്ന ജീവനക്കാരുടെ സംശയവും സർക്കാരിന് ദൂരികരിക്കേണ്ടി വരും. നിലവിൽ സ്വകാര്യ പിആർ സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ ഡാറ്റ കൈമാറിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ചുള്ള സുരക്ഷയും ചോദ്യചിഹ്നമാവും.
സർക്കാർ ഔദ്യോഗിക ആവശ്യത്തിനായി ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ മറ്റ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടത്തിൻ്റെ ലംഘനമാണിതെന്നും ജീവനക്കാരുടെ അറിവോ സമ്മതമോ കൂടാതെയാണ് ഡാറ്റ ഉപയോഗിക്കപ്പെട്ടതെന്നും കോടതി പറഞ്ഞതും സർക്കാരിന് വിനയാവും. 2023-ലെ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമമനുസരിച്ച് (DPDP Act), ഒരു പ്രത്യേക ആവശ്യത്തിനായി ശേഖരിക്കുന്ന ഡാറ്റാ മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ ഡാറ്റ ദുരുപയോഗത്തിൻ്റെ ഗൗരവവും വർധിക്കും.
സംസ്ഥാന സർക്കാർ അനുവദിച്ചിട്ടും തങ്ങളുടെ ഡിഎ ലഭിക്കാതിരുന്നപ്പോൾ ഉടൻ ലഭിക്കുമെന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ഒരു മെസേജും കണ്ടില്ലെന്ന് ഹർജി നൽകിയ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ കൂടിയായ അനിൽ കുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നും അതിനേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും ഹർജി സമർപ്പിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ഇ ടിവി ഭാരതിനോട് വ്യക്തമാക്കി.
സമരവും കാംപെയിനും സംഘടിപ്പിക്കും
സർക്കാരിൻ്റെ അപക്വമായ നടപടികൾക്കെതിരെ ഓഫീസുകൾക്കുള്ളിലും പുറത്തും സമര പരിപാടികളും കാംപെയിനുകളും സംഘടിപ്പിക്കുമെന്നും കേസിൽ എൻജിഒ അസോസിയേഷൻ കക്ഷി ചേരുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിൻ്റ് ജാഫര്‍ഖാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.








