തിരുവന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയില്‍. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കര്‍ സഭയെ അഭിംബോധന ചെയ്യുന്നതോട സമ്മേളനത്തിന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ഊന്നി ആയിരിക്കും പ്രസംഗം. രാവിലെ സഭയിലെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രി വി ഡി സതീശനും പാര്‍ലമെൻ്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. പുതുതായി രൂപകരിച്ച വയോജന വകുപ്പിൻ്റെ ഭവി പ്രവര്‍ത്തനങ്ങളും നയപ്രഖ്യാപനത്തിന് വ്യക്തമാക്കും. റദ്ദാക്കിയ സിൽവർ ലൈനിനു പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതും കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ച്ച, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ, പിന്നോക്ക വിഭാങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണ എന്നീ വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. വരും ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദ പ്രമേയ ചര്‍ച്ചകളാകും നിയസഭയില്‍ നടക്കുക.
നിയമസഭയിലെ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിക്കും. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസെന്റിനെ നിയമിക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ടി. അസഫ് അലിക്ക് ലോകായുക്ത സ്പെഷ്യൽ അറ്റോർണി, കേരള സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ അധിക ചുമതലകൾ കൂടി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
എന്താണ് നയപ്രഖ്യാപനം
ഒരു പുതിയവര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ നയം എന്താണ് എന്ന് കൃത്യമായി വ്യക്തമാക്കുന്ന ഒന്നാണ് നയപ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപനം ഗവര്‍ണറാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പുതിയ വര്‍ഷത്തിലെ ആദ്യ നിമയസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിവസമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവതരിപ്പിക്കുന്നത്.
മുന്‍ വര്‍ഷത്തെ സര്‍ക്കാരിൻ്റെ നേട്ടങ്ങളും പദ്ധതികളും നയപ്രഖ്യാപനത്തിലുണ്ടാകും. അതോടൊപ്പം വരും വര്‍ഷത്തിലേക്കുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പദ്ധതികളും സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള സൂചനകളുമാണ് നയപ്ര്യാപനത്തില്‍ ഉണ്ടാകുന്നത്. പോയ വര്‍ഷം കേന്ദ്ര സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ ജനദ്രോഹ നടപടികളും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കും.








