ഇന്ത്യയ്‌ക്കുമേല്‍ ചുമത്തിയ താരിഫ് കുറച്ചു, വമ്പൻ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്; പ്രതികരിച്ച് മോദി

0
22

കനത്ത താരിഫുകളെച്ചൊല്ലി ഉലഞ്ഞുനിന്ന ഇന്ത്യ-യുഎസ് ബന്ധത്തിൽ മഞ്ഞുരുകുന്നതിൻ്റെ സൂചനയായാണ് അമേരിക്ക താരിഫ് കുറച്ച പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

വാഷിങ്‌ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദിയുമായി ഫോണില്‍ സംസാരിച്ചതായും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനും പകരം യുഎസ്, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനും അദ്ദേഹം സമ്മതിച്ചതായി ട്രംപ് പറഞ്ഞു. അതേസമയം, യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ മേൽ ചുമത്തിയിട്ടുള്ള അധിക 25 ശതമാനം താരിഫ് നിലനിൽക്കും.

പ്രധാനമന്ത്രി മോദിയോടുള്ള “സൗഹൃദത്തിൻ്റെയും ബഹുമാനത്തിൻ്റെയും” സൂചനയായാണ് താരിഫ് കുറച്ചതെന്ന് ട്രംപ് വിശേഷിപ്പിച്ചു. “മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്തും അദ്ദേഹത്തിൻ്റെ അഭ്യർത്ഥനപ്രകാരവും, അമേരിക്കയും ഇന്ത്യയും തമ്മിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു വ്യാപാര കരാറിൽ ഞങ്ങൾ ഏർപ്പെട്ടിരിക്കുന്നു. ഇതിലൂടെ യുഎസ് ഈടാക്കുന്ന താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇന്ന് രാവിലെ ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. അദ്ദേഹം തൻ്റെ വലിയ സുഹൃത്തുക്കളിൽ ഒരാളും തൻ്റെ രാജ്യത്തെ ശക്തനും ആദരണീയനുമായ നേതാവുമാണ്. വ്യാപാരത്തെക്കുറിച്ചും റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും തങ്ങൾ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും യുഎസിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ വാങ്ങാനും അദ്ദേഹം സമ്മതിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

പ്രതികരിച്ച് മോദി

താരിഫ് കുറച്ചെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇതിനോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. “എൻ്റെ പ്രിയ സുഹൃത്ത് പ്രസിഡൻ്റ് ട്രംപുമായി ഇന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ‘മേഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾക്ക് ഇനി 18 ശതമാനം കുറഞ്ഞ താരിഫ് ലഭിക്കുമെന്നതിൽ അതിയായ സന്തോഷമുണ്ട്. ഈ മനോഹരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് വേണ്ടി പ്രസിഡൻ്റ് ട്രംപിന് വലിയ നന്ദി അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളും ജനാധിപത്യ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ അത് ജനങ്ങൾക്ക് ഗുണകരമാവുകയും വലിയ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യും” മോദി കുറിച്ചു.

ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും പ്രസിഡൻ്റ് ട്രംപിൻ്റെ നേതൃത്വം അത്യാവശ്യമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി പിന്തുണയ്ക്കുന്നു. നമ്മുടെ പങ്കാളിത്തം അഭൂതപൂർവമായ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.

ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച 70,000 ഇന്ത്യൻ സൈനികരുടെ സ്മരണാർത്ഥം നിർമ്മിച്ച 42 മീറ്റർ ഉയരമുള്ള ഇന്ത്യ ഗേറ്റിനെ ട്രംപ് പുകഴ്ത്തി. ഇന്ത്യയുടെ മനോഹരമായ ട്രയംഫൽ ആർച്ച്. നമ്മുടേതായിരിക്കും ലോകത്തിലെ ഏറ്റവും വലുതെന്ന് ഇന്ത്യ ഗേറ്റിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പാരീസിലെ ആർക് ഡി ട്രയംഫിന് സമാനമായ ഒരു ആർച്ച് നിർമ്മിക്കുന്നത് തൻ്റെ ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.

“200 വർഷമായി അവർക്ക് ഒരു ആർച്ച് നിർമ്മിക്കണമെന്നുണ്ടായിരുന്നു. ലോകത്തെ 57 നഗരങ്ങളിൽ അവയുണ്ട്. വാഷിംഗ്ടൺ ഡി.സി.യിൽ മാത്രമില്ല. വാഷിംഗ്ടണിൽ നിർമ്മിക്കുന്ന ആർച്ച് ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരിക്കും,” അദ്ദേഹം പറഞ്ഞു. ഇതിൻ്റെ നിർമ്മാണത്തിനായി ഒരു സമിതി രൂപീകരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നമ്മൾ ഏറ്റവും വലുതും ശക്തവുമായ രാജ്യമാണ്. ലോകത്തെ ഏറ്റവും വലിയ ആർച്ച് ആയിരിക്കണം അതെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിങ്കളാഴ്ച സംസാരിച്ചതായി ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ എക്സിൽ അറിയിച്ചിരുന്നു. എന്നാൽ ചർച്ചയുടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയിരുന്നില്ല. “കാത്തിരിക്കൂ” എന്ന് മാത്രമാണ് അദ്ദേഹം കൂട്ടിച്ചേർത്തത്. അതേസമയം, കനത്ത താരിഫുകളെച്ചൊല്ലി ഉലഞ്ഞുനിന്ന ഇന്ത്യ-യുഎസ് ബന്ധത്തിൽ മഞ്ഞുരുകുന്നതിൻ്റെ സൂചനയായാണ് അമേരിക്ക താരിഫ് കുറച്ച പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here