അനധികൃതമായി മയക്കുമരുന്നുകള്‍ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയാന്‍ ഇരുരാജ്യങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായി.
വാഷിങ്ടണ്‍: മയക്കുമരുന്ന് കടത്തും മയക്ക് മരുന്ന് ഭീകരതയും തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പരസ്‌പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ ധാരണ. ഈ മാസം ഇരുപതിനും 21നും വാഷിങ്ടണില്‍ അമേരിക്ക-ഇന്ത്യ മയക്കുമരുന്ന് നയ നിര്‍വാഹക കര്‍മ്മ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നതായും കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്‌താവനയില്‍ അറിയിച്ചു.
ദേശീയ മയക്കുമരുന്ന് നിയന്ത്രണ നയ മേധാവി സാറാ കാര്‍ട്ടറാണ് യോഗം ഉദ്ഘാടനം ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും സുരക്ഷാ സഹകരണം ശക്തമാക്കുന്നതിലും മയക്കുമരുന്ന് ഭീകരത തുടച്ച് നീക്കുന്നതിലും പ്രതിജ്ഞാബദ്ധരാണെന്ന് സാരാ കാര്‍ട്ടര്‍ ചൂണ്ടിക്കാട്ടി.മയക്കുമരുന്ന് പ്രതിസന്ധി ഇപ്പോള്‍ ദേശീയ മുന്‍ഗണനാ വിഷയമാണെന്നും അവര്‍ പറഞ്ഞു.
കുടുംബങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം നല്ല വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ എക്‌സിക്യൂട്ടൂീവ് കര്‍മ്മസമിതി ലക്ഷ്യമിടുന്നതായി അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് കത്ര പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്തെന്ന വലിയ ഭീഷണി നേരിടാന്‍ ഇന്ത്യ ഏറെ പ്രാധാന്യം നല്‍കുന്നു. അനധികൃത മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്‌തുക്കള്‍ ഇവരുടെ കൈകളിലെത്തിച്ചേരുന്നത് തടയല്‍ അടക്കമുള്ള നടപടികളാണ് ഉദ്ദേശിക്കുന്നത്.
നല്ല വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അനധികൃതമായതിനെ തടയുകയും ചെയ്യും. അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്‌ടിങ് ഒന്‍ഡിസിപി ഡെപ്യട്ടി ഡയറക്‌ടര്‍ ഡെബ്ബി സെഗ്വിന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ മോണിക ആശിഷ് ബത്ര തുടങ്ങിയവര്‍ സംഘത്തിന് നേതൃത്വം നല്‍കും. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തുമെന്ന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുന്നു.
മയക്കുമരുന്ന് നിര്‍മ്മാണവും വ്യാപനവം ഇരുരാജ്യങ്ങളിലെയും ജനതയെ ബാധിക്കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുസര്‍ക്കാരുകളുടെയും പൂര്‍ണപിന്തുണയും മയക്കുമരുന്ന് വിരുദ്ധ പോരാട്ടങ്ങള്‍ക്കുണ്ട്. മയക്കുരുന്ന് ഭീഷണി നേരിടാന്‍ എല്ലാ ഔദ്യോഗിക ഏജന്‍സികളുടെയും പിന്തുണയും ആവശ്യമാണന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഔഷധ വിതരണ ശൃംഖലയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഇവര്‍ഊന്നിപ്പറഞ്ഞു.
ആഗോള മയക്കുമരുന്ന് വെല്ലുവിളിയെ നേരിടാനുള്ള പങ്കാളിത്ത പ്രതിബദ്ധതയുടെ പ്രതീകമായിരുന്നു ചര്‍ച്ചകളെന്ന് ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷയും പൊതുജനാരോഗ്യവും സംരക്ഷിക്കാനുള്ള വിശാലമായ പരിശ്രമങ്ങളാണ് ഇതെന്നും അവര്‍ പറഞ്ഞു.
സിന്തറ്റിക് മയക്കുമരുന്നും രാസവസ്‌തുക്കളുടെ ദുരുപയോഗങ്ങളും ലോകത്തെയാകെ വെല്ലുവിളിയിലാഴ്‌ത്തുന്ന വേളയിലാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്. ഭീകര വിരുദ്ധ പോരാട്ടങ്ങളും ക്രമസമാധാന മേഖലയും ഇവരുടെ പ്രവര്‍ത്തന പരിധിയില്‍ വരും. മയക്കുമരുന്ന് വിരുദ്ധ പോരാട്ടം പങ്കാളിത്തത്തിലെ ഒരു സുപ്രധാന വിഷയമായിരിക്കുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഭീകരതക്കുമായി മയക്കുമരുന്ന് ശൃംഖലകള്‍ അതിര്‍ത്തികളില്‍ വ്യാപകമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.






