ഇങ്ങനെ പോയാൽ 2040 ആകുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങൾ ഇരട്ടിയാകും; കാരണം പ്ലാസ്റ്റിക് ഉപയോഗം,

0
36

ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലി’ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്കുകളാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതെന്നും പഠനം വിശദമാക്കുന്നു. പ്ലാസ്റ്റിക് ഉത്‌പാദനത്തിൽ ഗണ്യമായ കുറവ് വരുത്തണമെന്ന ആവശ്യവുമായി പഠനം.

ന്യൂഡൽഹി: പ്ലാസ്റ്റിക് മാലിന്യ നിർമാർജനവും സംസ്‌കരണവുമെല്ലാം കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷങ്ങളാണ്. എന്നിട്ടും ഒരു പരിധിയിൽ കവിഞ്ഞ് പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാനും സംസ്‌കരിക്കാനും ലോകത്തിലെ ജനങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരും നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇങ്ങനെ പോയാൽ 2040 ആകുന്നതോടെ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഇരട്ടിയാകുമെന്ന കണ്ടെത്തലുമായി ലാൻസെറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ക്രമാതീതമായ വർധനവും അശാസ്ത്രീയമായ സംസ്‌കരണവും മൂലം ഹരിതഗൃഹ വാതകങ്ങൾ പുറം തള്ളുന്നതില്‍ വർധനവുണ്ടാകുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതു വഴി വായു മലിനീകരണത്തിൻ്റെ തോത് വർധിക്കുകയും വ്യവസായ ശാലകളിൽ നിന്നും പുറം തള്ളുന്ന വിഷലിപ്‌തമായ പുക വായുവിൽ കലരുകയും ഇത് ശ്വസിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഇരട്ടിയാകുന്നതിന് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേർണലി’ലാണ് പഠനം ഗൗരവമേറിയ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിൻ്റെ ആഗോള ഉൽപ്പാദനം വർധിക്കാനിടയില്ലെന്നും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്കുകളാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതെന്നും പഠനം വിശദമാക്കുന്നു.

പ്ലാസ്റ്റിക്കിൻ്റെ അമിതമായ ഉപയോഗം മനുഷ്യരാശിക്ക് തന്നെ അപകടമാണെന്നും മനുഷ്യൻ്റെ ആരോഗ്യത്തിന് മേൽ പ്ലാസ്റ്റിക് ഉപയോഗം ഏൽപ്പിച്ച ആഘാതത്തിൻ്റെ വ്യാപ്‌തി പരിശോധിച്ചു വരികയാണെന്നും ഫ്രാൻസിലെ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക് മൂലം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് എങ്ങനെ?

പ്ലാസ്റ്റിക് ഉത്പന്നങ്ങളിലുള്ള അസംസ്‌കൃത വസ്‌തുക്കൾ ചിലപ്പോൾ വിഷലിപ്‌തമായതാവാം. ഇവ കത്തിക്കുമ്പോഴോ മണ്ണിൽ കുഴിച്ചിടുമ്പോഴോ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇവ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനം കണ്ടെത്തുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കലർന്ന മണ്ണും വായുവും വെള്ളവും ഉപയോഗിക്കുന്നത് വഴി ആരോഗ്യ പ്രശ്‌നങ്ങൾ വർധിക്കാൻ കാരണമാകുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവ കാരണം നവജാത ശിശുക്കൾക്കും ഗർഭസ്ഥ ശിശുക്കൾക്കും ഉൾപ്പെടെ ശാരീരിക, ബൗദ്ധിക വെല്ലുവിളികൾ ഉണ്ടാകാനും സാധ്യതയെന്നും പഠനം വ്യക്തമാക്കുന്നു.

എന്താണ് പ്രതിവിധി?

പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുകയാണ് ഏക പ്രതിവിധിയെന്ന് പഠനം പറയുന്നു. പ്ലാസ്റ്റിക് ഉത്‌പാദനത്തിൽ ഗണ്യമായ കുറവ് വരുത്തണമെന്നും പഠനം ആവശ്യപ്പെടുന്നു. പ്ലാസ്റ്റിക് ഉത്‌പാദനം കുറയ്ക്കാനായി 175 ലധികം രാജ്യങ്ങളുമായി ആഗോള ഉടമ്പടി വികസിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും ഇതേ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here