കേരളത്തില്‍ ബിജെപി ഭരണത്തിന് അടിത്തറയിട്ടു കഴിഞ്ഞെന്ന് മോദി

0
28

തിരുവനന്തപുരത്തെ സേവിക്കാന്‍ ബിജെപിക്ക് അവസരം നല്‍കിയതിന് ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. നന്ദി തിരുവന്തപുരം. കേരളത്തില്‍ ബിജെപി ഭരണത്തിന് അടിത്തറയിട്ടു കഴിഞ്ഞെന്ന് മോദി

തിരുവനന്തപുരം: ഗുജറാത്തില്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റി ഭരണത്തില്‍ തുടങ്ങി തുടര്‍ച്ചയായി ഗുജറാത്ത് ബിജെപി ഭരിക്കുന്നപോലെ കേരളത്തിലും ഒരു നഗരം പിടിച്ചു ബിജെപി തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനത്തു തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

1987 നു മുന്‍പ് ഗുജറാത്തില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം ഏറ്റു വാങ്ങിയിരുന്ന പാര്‍ട്ടിയായിരുന്നു ബിജെപി. എന്നാല്‍ 1987 ല്‍ അഹമ്മദാബാദ് നഗരത്തിൻ്റെ ജനങ്ങളെ സേവിക്കാനുള്ള അവസരം അവിടുത്തെ ജനങ്ങള്‍ ബിജെപിക്കു നല്‍കി. ജനങ്ങള്‍ ബിജെപിയുടെ പ്രവര്‍ത്തനം വിലയിരുത്തി. അങ്ങനെയാണ് ഇന്ന് തുടര്‍ച്ചയായി ഗുജറാത്ത് ഭരിക്കാനുള്ള അവസരം അവിടുത്തെ ജനങ്ങള്‍ ഭാരതീയ ജനതാപാര്‍ട്ടിക്കു നല്‍കിയത്. അതു പോലെ കേരളത്തിലും ഒരു നഗരത്തില്‍ നിന്നു നാം തുടങ്ങുകയാണ്. തിരുവനന്തപുരത്തെ ബിജെപി വിജയം ഐതിഹാസികമാണ്. അതിൻ്റെ പ്രകമ്പനം ഇന്ന് രാജ്യത്താകെ അലയടിക്കുകയാണ്. തിരുവനന്തപുരത്തെ സേവിക്കാന്‍ ബിജെപിക്ക് അവസരം നല്‍കിയതിന് ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. നന്ദി തിരുവന്തപുരം. കേരളത്തില്‍ ബിജെപി ഭരണത്തിന് അടിത്തറയിട്ടു കഴിഞ്ഞെന്ന് മോദി പറഞ്ഞു.

നമസ്‌കാരം തിരുവനന്തപുരം എന്നു പറഞ്ഞാണ് മോദി പ്രസംഗത്തിനു തുക്കമിട്ടത്. ശ്രീ പത്മനാഭൻ്റെ പരിപാവനമായ ഈ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞത് തൻ്റെ സൗഭാഗ്യമാണ്. ശ്രീനാരായണ ഗുരുവിൻ്റെ അറിവിനു മുന്നില്‍ മഹാത്മാ അയ്യന്‍കാളിയുടെ മാര്‍ഗ ദര്‍ശനത്തിനു മുന്നില്‍ മന്നത്തു പത്മനാഭൻ്റെ നിസ്വാര്‍ഥ സേവനത്തിനു മുന്നില്‍ നമസ്‌കരിക്കുന്നു. എല്‍ഡിഎഫ്, യുഡിഎഫ് അഴിമതി ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനുള്ള നിശ്ചയ ദാരഢ്യം കൂടിയാണ് തിരുവനന്തപുരത്തെ വിജയം. ഭാരതീയ ജനതാപാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. താന്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ അവരുടെ സ്‌നേഹം പല തരത്തില്‍ പ്രകടിപ്പിക്കാറുണ്ട്. അത് ചിത്രങ്ങളായിട്ടാകാം അല്ലെങ്കില്‍ മറ്റു വിധത്തിലാകാം. എന്നാല്‍ അതിനെയെല്ലാം ഡ്രാമയാണെന്നു പറഞ്ഞു റീലുകളുണ്ടാക്കി അപമാനിക്കുന്നവരും ഈ രാജ്യത്തുണ്ട്. നിങ്ങള്‍ അതു ചെയ്‌തോളൂ. പക്ഷേ അത്തരത്തില്‍ റീലുകള്‍ നിര്‍മിക്കുന്നവരുടെ പതിന്‍മടങ്ങ് ഇരട്ടി ജനങ്ങള്‍ എനിക്ക് സ്‌നേഹം നല്‍കുന്നുണ്ട്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി എല്‍ഡിഎഫും യുഡിഎഫും തിരുവനന്തപുരത്തെ ജനങ്ങളോട് അനീതിയാണ് ചെയ്യുന്നത്. ഇവരുടെ അഴിമതി മൂലം തിരുവനന്തപുരം അടിസ്ഥാന മേഖലയില്‍ പോലും പിന്നോട്ടു പോയി. എന്നാല്‍ ആ കാലം പോയി. വികസിത തിരുവനന്തപുരം എന്ന പരിശ്രമത്തിനു തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരത്തെ ജനങ്ങളോടു തനിക്കു പറയാനുള്ളത് മാറാത്തത് ഇനി മാറും എന്നാണ്. ഇതു വരെ മാറാതിരുന്നത് ഇപ്പോള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തിനാകെ മാതൃകയായി തിരുവനന്തപുരം മാറുമെന്ന് വിശ്വസിക്കാം. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിൻ്റെ പരിശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്ന ഉറപ്പും പ്രധാനമന്ത്രി ചടങ്ങില്‍ നല്‍കി.

തിരുവനന്തപുരത്തെ ഭരണം ബിജെപിക്കു നല്‍കിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയെ എത്തിക്കുമെന്ന വാഗ്ദാനം ബിജെപി നിറവേറ്റിയിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. അതേ സമയം ഫെബ്രുവരിയില്‍ ചില കോണ്‍ക്ലേവുകള്‍ നടത്തിയും കോര്‍പ്പറേഷൻ്റെ വികസന സെമിനാറിനു ശേഷവും തയ്യാറാക്കുന്ന വികസന രേഖ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. വി വി രാജേഷിനെ പ്രധാനമന്ത്രി ചടങ്ങില്‍ ആശ്ലേഷിക്കുകയും അദ്ദേഹത്തിൻ്റെ കൈപിടിച്ചുയര്‍ത്തി സദസിനെ അഭിവാദ്യം ചെയ്യുകയും ചെയ്തു. രാജീവ് ചന്ദ്രശേഖരനും എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിക്ക് അയ്യപ്പ വിഗ്രഹം സമ്മാനിച്ചു. മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും പ്രധാനമന്ത്രിക്ക് ഉപഹാരങ്ങള്‍ കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here