അജന്ത എല്ലോറ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരമായ പത്മപാണി പുരസ്കാരം ഈ വർഷം സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്ക് ലഭിക്കും . 11-ാമത് അജന്ത എല്ലോറ ചലച്ചിത്രോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി 1 വരെ മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് നടക്കുക.
എആഎഫ്‌എഫ് ഓര്‍ഗസൈനിംഗ് കമ്മിറ്റി ചെയര്‍മാന്‍ നന്ദ്കിഷോര്‍ കഗ്ലിവാള്‍, ചീഫ് മെന്‍റര്‍ അങ്കുഷ്റാവു കദം, ഓണണറി ചെയര്‍മാനും സംവിധായകനുമായ അശുതോഷ് ഗൊവാരിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പത്മപാണി പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.
ഈ വര്‍ഷത്തെ പത്മപാണി അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയില്‍ അശുതോഷ് ഗൊവാരിക്കറെ കൂടാതെ പ്രശസ്ത നിരൂപക ലതിക പദ്ഗാവോങ്കര്‍, സുനില്‍ സുക്തന്‍കര്‍, ചന്ദ്രകാന്ത് കുല്‍ക്കര്‍ണി എന്നിവരും ഉണ്ടായിരുന്നു. അവാര്‍ഡ് ശില്‍പത്തിനൊപ്പം പ്രശസ്തിപത്രവും രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. ഗാനരചയിതാവ് ജാവേദ് അക്തർ, മുതിർന്ന സംവിധായകനും എഴുത്തുകാരനുമായ സായ് പരഞ്ജ്പി, നടൻ ഓം പുരി തുടങ്ങിയ പ്രമുഖർ മുൻകാലങ്ങളിൽ അവാർഡ് ജേതാക്കളായി.
അഞ്ച് പതിറ്റാണ്ടിലേറെയായി സംഗീത രംഗത്ത് തിളങ്ങി നിൽക്കുന്ന ഇളയരാജ 1,500-ലധികം സിനിമകൾക്കായി 7,000-ത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിലെ അദ്ദേഹത്തിന്റെ രചനകൾ സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിന് ശാശ്വതമായ സ്ഥാനം നേടിക്കൊടുത്തു. എട്ട് ദിവസത്തെ മേളയിൽ ഏകദേശം 70 സിനിമകൾ പ്രദർശിപ്പിക്കും.







