ആശുപത്രി ഇനി വീട്ടിലെത്തും; എഐ കരുത്തിൽ ‘അരോഗ്’ സ്‌റ്റാര്‍ട്ടപ്പുമായി കോഴിക്കോട്ടെ യുവാക്കള്‍

0
33

കോഴിക്കോട്: ആശുപത്രിയിലെ നീണ്ട വരികളിൽ കാത്തുനിന്ന് മടുക്കേണ്ട. ഇനിമുതൽ ഒരു ക്ലിക്കിലൂടെ ആശുപത്രി സേവനങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും. ചുമയും ജലദോഷവും പനിയും വന്നാൽ ആശുപത്രിയിലേക്ക് ഓടി തളരുകയും വേണ്ട. പകരം മരുന്നും മെഡിക്കൽ സേവനങ്ങളുമെല്ലാം
വീട്ടിലെത്തും. അസുഖം വന്നാൽ വീട്ടിലൊരു ആശുപത്രി എന്ന ആശയവുമായാണ് കോഴിക്കോട്ടെ ഒരുകൂട്ടം ചെറുപ്പക്കാർ “അരോഗ്” സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ചത്. രോഗപ്രതിരോധത്തിനും തുടർ പരിചരണത്തിനുമാണ് അരോഗ് മെഡിക്കോ പ്രൈവറ്റ് ലിമിറ്റഡ് പ്രാധാന്യം നൽകുന്നത്.

സമൂഹമാധ്യമങ്ങൾ വഴിയും ഫോൺ വഴിയും “അരോഗു” മായി ബന്ധപ്പെടുന്നവർക്ക് പരിശോധന നടത്താനുള്ള ലാബ് സൗകര്യം, ഡോക്ടർമാരുടെ വിവിധ സേവനം, മരുന്നുകൾ എന്നിവ ആദ്യഘട്ടത്തിൽ വീട്ടിലെത്തിക്കും. സ്വകാര്യ ക്ലിനിക്കുകളുമായി സഹകരിച്ചാണ് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുന്നത്. രണ്ടാംഘട്ടത്തിൽ ആപ്ലിക്കേഷൻ ഒരുക്കി, എഐ സഹായത്തോടെയാണ് രോഗപ്രതിരോധത്തിനുള്ള വഴിയൊരുക്കുന്നത്. പകർച്ചവ്യാധികളെ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും പ്രവർത്തനം. ഇതുവഴി വ്യക്തികളുടെ ആരോഗ്യസ്ഥിതി ട്രാക്കുചെയ്ത് ഒരുപരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാനാകും.

ഹൃദയാഘാതമുൾപ്പെടെയുള്ള രോഗങ്ങളെ എഐയുടെ സഹായത്തോടെ മുൻകൂട്ടി അറിയാനാകുമെന്ന് സ്റ്റാർട്ടപ്പ് സ്ഥാപകർ പറഞ്ഞു. ആശുപത്രികളിലെ നീണ്ട വരികളിൽനിന്ന് ബുദ്ധിമുട്ടാതിരിക്കാനും മറ്റ് രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കാനും “അരോഗ്” ഗുണപ്രദമാകും.

ഒരു പ്രദേശത്താകെ ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധി പിടിപെട്ടാലും ആവർത്തിച്ചു വരുന്ന രോഗങ്ങളെ കുറിച്ച് മനസ്സിലാക്കാനും ഈ സംവിധാനം സഹായകമാകുമെന്നത് വലിയ നേട്ടമാണ്. കോഴിക്കോട് സ്വദേശികളും വയനാട് എൻജിനിയറിങ് കോളജിലെ വിദ്യാര്‍ഥികളുമായിരുന്ന ടി പി ഫർഹാൻ, മുഹമ്മദ് സുഫിയാൻ, റജ തഷ്‌രീഫ്, അസീം എന്നിവരാണ് “അരോഗി’ൻ്റെ സ്ഥാപകർ.

ആക്ടീവ് കെയർ ആഫ്റ്റർ കെയർ പ്രിവൻ്റീവ് കെയർ

കോളജിൽ നിന്നാണ് ഈ ആശയത്തിന് തുടക്കമിട്ടതെന്ന് സ്ഥാപകരിൽ ഒരാളായ റജ തഷ്‌രീഫ് ഇടിവി ഭാരതിനോട് പറഞ്ഞു. പിന്നീട് അത് ഒരു പ്രൈവറ്റ് കമ്പനിയായി രജിസ്റ്റർ ചെയ്തു. മരുന്നുകൾക്കും ലാബിനത്തിലും 10 ശതമാനം കിഴിവ് നൽകിയാണ് എല്ലാ സൗകര്യങ്ങളും വീട്ടിലെത്തിച്ചു കൊടുക്കുന്നത്. ആക്ടീവ് കെയർ ആഫ്റ്റർ കെയർ പ്രിവൻ്റീവ് കെയർ എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഒരു രോഗബാധിതൻ പത്ത് ദിവസം മരുന്നു കഴിച്ചാൽ ഉടൻ തന്നെ അരോഗ് സിസ്റ്റം ഓട്ടോമാറ്റിക്കായി അവരെ പിന്തുടരും. തുടർനടപടികൾ എന്തൊക്കെയാണ് വേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കി രോഗിക്ക് വേണ്ട നിർദേശം നൽകും. അതിനൊപ്പം ഒരു പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഈ സിസ്റ്റം വഴി അറിയിപ്പുകൾ എത്തും. അത് ആരോഗ്യ വകുപ്പുമായി ചേർന്നാണ് പ്രവർത്തിപ്പിക്കുക. ഒപ്പം രോഗം വന്നാൽ പുറത്തുപോകാൻ പല കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറ്റവും വലിയ കൈത്താങ്ങ് ആയിരിക്കും അരോഗ് എന്നും റജ പറഞ്ഞു.

സാധാരണക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സ്റ്റാർട്ടപ്പിൻ്റെ പ്രധാന ലക്ഷ്യം. പ്രധാനമായും ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമുകളിലൂടെ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, രോഗനിർണയ പരിശോധനകൾ, മരുന്നുകളുടെ വിതരണം എന്നിവ ഇവർ ഏകോപിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ച് രോഗികൾക്ക് കൃത്യമായ ചികിത്സാ നിർദേശങ്ങൾ നൽകാൻ ഇവർ ശ്രമിക്കുന്നു. ഗ്രാമീണ മേഖലകളിലും നഗരങ്ങളിലെ ഇടത്തരക്കാർക്കിടയിലും മികച്ച ആരോഗ്യ പരിരക്ഷ എത്തിക്കാൻ ഇത്തരം സ്റ്റാർട്ടപ്പുകൾ വലിയ പങ്കുവഹിക്കും.

ഫറോക്ക് രാമനാട്ടുകര നഗരസഭകളിലാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫറോക്കിൽ ‘വാട്സ എനർജി’ സിഇഒ അജയ് തോമസിന് മാതൃക നൽകി ആദ്യ സബ്സ്ക്രിപ്ഷൻ ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭാധ്യക്ഷ ചന്ദ്രിക സബ്‌സ്ക്രിപ്ഷൻ മോഡൽ പ്രകാശിപ്പിച്ചു. മറ്റ് തദ്ദേശസ്ഥാപനങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് ബന്ധപ്പെട്ടവരുടെ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here