വേദിയുടെ പ്രവേശന കവാടത്തിൽ സ്വർണ്ണ അക്ഷരങ്ങൾകൊണ്ട് “ഹാപ്പി ന്യൂ ഇയർ മാർ എ ലാഗോ” എന്ന് എഴുതിയ കറുത്ത പരവതാനിയിലൂടെ അതിഥികളെ ട്രംപ് സ്വാഗതം ചെയ്‌തു.
വാഷിങ്ടൺ: ഭൂമിയിലെ സമാധാനമാണ് ഈ വർഷത്തെ പുതുവത്സര ദിന പ്രതിജ്ഞയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ എ ലാഗോ റിസോർട്ടിൽ അതിഥികളെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പുതുവത്സര ദിന പ്രസംഗം.
“സമാധാനം, ഭൂമിയിലെ സമാധാനം. അതാണ് എൻ്റെ പുതുവത്സര ദിന പ്രതിജ്ഞ” എന്ന് ട്രംപ് അതിഥികളോട് പറഞ്ഞു. വെനിസ്വേലയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചോ യുക്രെയ്‌നിനെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്കൊന്നും അദ്ദേഹം പരിപാടിയിൽ മറുപടി നൽകിയില്ല.
പുതുവത്സരാഘോഷത്തിനായി നിരവധി പ്രമുഖർ ട്രംപിൻ്റെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. പാർട്ടി നടക്കുന്ന വേദിയുടെ പ്രവേശന കവാടത്തിൽ സ്വർണ അക്ഷരങ്ങൾ കൊണ്ട് “ഹാപ്പി ന്യൂ ഇയർ മാർ എ ലാഗോ” എന്ന് എഴുതിയ ഒരു കറുത്ത പരവതാനിയിലൂടെ അതിഥികളെ സ്വാഗതം ചെയ്‌തു. ഉയരമുള്ള മെഴുകുതിരികളാൽ ചുറ്റപ്പെട്ട വേദിയിലെ പീഠങ്ങളിൽ സംഗീതജ്ഞർ നിന്നുകൊണ്ട് “ദൈവം രാജ്യത്തെയും ജനങ്ങളെയും അനുഗ്രഹിക്കട്ടെ” എന്ന് ആലപിച്ചു. ഇവിടെ വച്ച് രാജ്യത്തയും ജനങ്ങളെയും അഭിസംബോധന ചെയ്‌തുകൊണ്ട് ട്രംപ് സംസാരിച്ചു.
രാജ്യം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് പ്രശംസിച്ചു. “രാജ്യമെമ്പാടും ഫാക്‌ടറികൾ നിർമിക്കപ്പെടുന്നു. പ്രതീക്ഷിക്കാത്ത വിധം പ്രവചനങ്ങളെക്കാൾ കൂടുതൽ വളർച്ചാ നിരക്കുകൾ കാണാവുന്നതാണ്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം താരിഫ് വരുമാനവും എടുത്തുപറഞ്ഞു. രാജ്യം കൂടുതൽ ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രകടനം, നിക്ഷേപം, താരിഫുകൾ, ദേശീയ സമ്പത്തിലെ ദ്രുതഗതിയിലുള്ള വളർച്ച എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോക ചരിത്രത്തിൽ തന്നെ മറ്റ് രാജ്യങ്ങളെക്കാളും കൂടുതൽ നിക്ഷേപം നമ്മുടെ രാജ്യത്തേക്ക് വരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു രാജ്യമെന്ന നിലയിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. ഇതിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു. ഞങ്ങൾ തിരിച്ചെത്തി. ഞങ്ങൾ ശക്തരാണ് ഇത്ര വേഗത്തിൽ ഇത് സംഭവിക്കുമെന്ന് കരുതിയില്ല. കരുതിയതിലും വളരെ വേഗത്തിലാണ് രാജ്യത്തിൻ്റെ വളർച്ച.’ -ട്രംപ് പറഞ്ഞു. വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ട്രംപ് സംസാരിച്ചു. അധികാരികൾ കോടിക്കണക്കിന് ഡോളറിൻ്റെ നഷ്‌ടം അടുത്തിടെ കണ്ടെത്തി. ഇത് അന്വേഷിക്കുകയും നടപടിയെടുക്കുകയും സഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.
പ്രസംഗത്തിനു ശേഷം വനേസ ഹൊറാബുവേന എന്ന കലാകാരിയെ ട്രംപ് വേദിയിലേക്ക് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും മികച്ച കലാകാരികളിൽ ഒരാളായി അവരെ വിശേഷിപ്പിച്ചു. ഒരു ബാൻഡ് ക്രിസ്ത്യൻ ആരാധനാ ഗാനം ആലപിക്കുന്ന വേളയിൽ, കലാകാരി നൃത്തം ചെയ്‌തുകൊണ്ട് ഒരു ക്യാൻവാസ് വരച്ചു. യേശുവിൻ്റെ ഛായാചിത്രമായിരുന്നു അത്.
തുടർന്ന് ആ മനോഹര ചിത്രം ട്രംപ് ലേലം ചെയ്യാൻ വച്ചു. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം സെൻ്റ് ജൂഡിനും ഷെരീഫ് വകുപ്പിനും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 100,000 ഡോളറിന് ലേലം ആരംഭിച്ചു. അതിന് കൂടുതൽ മൂല്യം ലഭിക്കുന്നതിനായി ഛായാചിത്രത്തിൽ ചിത്രകാരിയോട് ഒപ്പിടാൻ ആവശ്യപ്പെട്ടു. അതോടെ ചിത്രത്തിൻ്റെ മൂല്യം കൂടുകയും പെയിൻ്റിങ് 2.75 മില്യൺ ഡോളറിന് വിൽക്കുകയും ചെയ്‌തു.
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, വ്യവസായി ഫിൽ റഫിൻ, ഡൊണാൾഡ് ട്രംപ് ജൂനിയർ, റൂഡി ഗ്യുലിയാനി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എന്നിവർ പരിപാടിയിലെ മുഖ്യ അതിഥികളായി പങ്കെടുത്തു. എറിക്, ലാറ ട്രംപ്, ഹുസൈൻ സജ്‌വാനി, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്‌കാവിനോ എന്നിവരും പങ്കെടുത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുത്തവരിൽ ഉൾപ്പെട്ടിരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.






