രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ ‘സെൽഫ് ലോക്ക്ഡൗൺ’ പാലിക്കണമെന്ന് മുഖ്യമന്ത്രി

0
53

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ പശ്ചാത്തലത്തിൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയം ‘സെൽഫ് ലോക്ക്ഡൗൺ’ ആയി കണ്ട് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അന്തരീക്ഷത്തിലെ ആർദ്രത വർദ്ധിക്കുന്നതിനാൽ മറ്റ് ജില്ലകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.വർദ്ധിച്ചുവരുന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സുരക്ഷാ നിർദ്ദേശങ്ങൾ:

രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: കോവിഡ് കാലത്തെ ലോക്ക്ഡൗണിന് സമാനമായി ഈ സമയങ്ങളിൽ അനാവശ്യ യാത്രകളും പുറംജോലികളും ഒഴിവാക്കി വീടിനുള്ളിൽ തന്നെ കഴിയണം. വീടിനുള്ളിലും ജോലിസ്ഥലങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കണം.

വെള്ളവും ഭക്ഷണവും: ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുത്തുന്ന പാനീയങ്ങൾ ഒഴിവാക്കണം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

വസ്ത്രധാരണം: ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം.

പ്രത്യേകം ശ്രദ്ധിക്കേണ്ടവർ: മുതിർന്നവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർ ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം.

പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിൽ പൊതുയോഗങ്ങളോ കായിക പരിപാടികളോ നടത്താൻ പാടില്ല. ഉത്സവങ്ങളോടനുബന്ധിച്ചുള്ള പകൽ പൂരങ്ങൾ, ആനയെഴുന്നള്ളിപ്പുകൾ, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ ചെയ്യണം. തീപിടുത്തങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണം.

മൃഗങ്ങളുടെ സംരക്ഷണം: വളർത്തുമൃഗങ്ങൾക്കും തെരുവ് മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. ചൂട് കൂടുമ്പോൾ മൃഗങ്ങൾ അക്രമാസക്തമാകാൻ സാധ്യതയുള്ളതിനാൽ വന്യമൃഗങ്ങളുടെയും തെരുവ് പട്ടികളുടെയും ആക്രമണമുണ്ടാകാതെ ശ്രദ്ധിക്കണം.

സർക്കാർ ക്രമീകരണങ്ങൾ സജ്ജം

തൊഴിൽ വകുപ്പ് പകൽ സമയത്തെ പുറംജോലികൾ ഒഴിവാക്കി പ്രവൃത്തിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദ്ദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ സൂര്യാഘാതം നേരിടാൻ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കുടിവെള്ള പന്തലുകൾ

യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവർ കുടിവെള്ളവും തണലും ഒരുക്കാൻ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തളർച്ചയോ സൂര്യാഘാത ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ചികിത്സ തേടുക.

പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം?

ചൂട് കൂടുമ്പോൾ പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുക. സഹായത്തിനായി വനംവകുപ്പിന്റെ 3600-ഓളം ‘സർപ്പ’ വോളന്റീയർമാർ സജ്ജമാണ്. സേവനങ്ങൾക്കായി ‘SARPA’ മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

സങ്കീർണ്ണമായ പല പ്രതിസന്ധികളെയും നമ്മൾ ഒന്നിച്ച് അതിജീവിച്ചിട്ടുണ്ട്. ഈ കൊടുംചൂടിനെയും പരസ്പര സഹകരണത്തോടെ നമുക്ക് മറികടക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here