മൂടൽ മഞ്ഞ് വില്ലനായി; രാജധാനി എക്‌സ്‌പ്രസ് തട്ടി ഏഴ് കാട്ടാനകൾ ചരിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

0
49

 

അസമിൽ രാജധാനി എക്‌സ്‌പ്രസ് തട്ടി ഏഴ് കാട്ടാനകൾ ചരിഞ്ഞു. കുന്നുകളിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൻ്റെ ആഘാതത്തിൽ അഞ്ച് കോച്ചുകളും ട്രെയിനിൻ്റെ എഞ്ചിനും പാളം തെറ്റി. പരിക്കേറ്റ യാത്രക്കാരെ മറ്റ് കോച്ചുകളുടെ ഒഴിഞ്ഞ ബെർത്തുകളിൽ താത്ക്കാലികമായി താമസിപ്പിച്ചിട്ടുണ്ടെന്നും റെയിൽവെ അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് ഇന്ന് പുലർച്ചെയോടെ അപകടമുണ്ടായത്. സൈരംഗ്-ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസ് (20507) ആനക്കൂട്ടവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെ 2.17ന് സമീപത്തെ കുന്നുകളിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. ഇതിനിടെയാണ് രാജധാനി എക്‌സ്‌പ്രസ് ആനക്കൂട്ടത്തെ ഇടിച്ച് തെറിപ്പിച്ചതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മൂടൽ മഞ്ഞ് അപകടത്തിന് കാരണമായെന്ന് അധികൃതർ വ്യക്തമാക്കി.

ഏഴ് ആനകൾ സംഭവസ്ഥലത്ത് വച്ച് ചരിഞ്ഞു. ഒരു ആനക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റ ആനക്കുട്ടിക്ക് അടിയന്തര ചികിത്സ ഒരുക്കി. മൃഗഡോക്‌ടർമാരുടെ ഒരു സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചരിഞ്ഞ ആനകളുടെ പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടത്തിവരികയാണ്.

അതേസമയം എൻ‌എഫ്‌ആർ ജനറൽ മാനേജർ, ലുംഡിങ് ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരുടെ മേൽനോട്ടത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും റെയിൽവെ അറിയിച്ചു. പുലർച്ചെ 2.17 ഓടെയാണ് ന്യൂഡൽഹിയിലേക്ക് പോയ ട്രെയിൻ അപകടത്തിൽപ്പെട്ടത് എന്ന് എൻ‌എഫ്‌ആർ വക്താവ് പറഞ്ഞു. ഹൊജായ് ജില്ലയിലെ ചാങ്‌ജുറായ് പ്രദേശത്താണ് സംഭവം നടന്നതെന്ന് നാഗോൺ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ സുഹാഷ് കദം മാധ്യമങ്ങളോട് വ്യക്തമാക്കി.

അപകടത്തെത്തുടർന്ന്, ജമുനാമുഖ്-കാംപൂർ സെക്ഷൻ വഴി കടന്നുപോകേണ്ട ട്രെയിനുകൾ യുപി ലൈൻ വഴി തിരിച്ചുവിട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് മനുഷ്യ-ആന സംഘർഷം വർധിച്ചതായും ആനക്കൂട്ടങ്ങൾ ഈ മേഖലയിൽ ഇടയ്ക്കിടെ ഇറങ്ങുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

ഇതേ ആനക്കൂട്ടം പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നുവെന്നും പ്രദേശവാസികൾ വ്യക്തമാക്കി. യാത്രക്കാരുടെ സഹായത്തിനായി ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ്‌ലൈൻ നമ്പറുകൾ സജീവമാക്കിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കായി 0361-2731621 / 2731622 / 2731623 എന്നീ ഹെൽപ്പ്ലൈൻ നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here