കേരളത്തിൽ റമദാൻ വ്രതം എന്നാണ് ആരംഭിക്കുന്നത്?

0
26

അമാവാസി ആയതിനാൽ ഇന്ന് ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ല. ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. മാസപ്പിറവി നേരിട്ട് കണ്ടാൽ മാത്രമേ ഖാസിമാർ തീരുമാനമെടുക്കൂ.

എറണാകുളം: സംസ്ഥാനത്തെ മുസ്‌ലിങ്ങൾ റമദാൻ വ്രതാനുഷ്ഠാനത്തിനായി ഒരുങ്ങുകയാണ്. ഹിജ്റ കലണ്ടർ പ്രകാരം ഇന്ന് ശഅ്ബാൻ ഇരുപത്തിയൊമ്പതാണ്. ഇന്ന് ചന്ദ്രപ്പിറവി ദൃശ്യമായാൽ നാളെയാണ് സംസ്ഥാനത്ത് വ്രതാനുഷ്ഠാനത്തിന് തുടക്കമാവുക.

എന്നാൽ ശാസ്ത്രീയമായ വിശകലനമനുസരിച്ച് കേരളത്തിൽ ഇന്ന് ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ന് ചന്ദ്രപ്പിറവി കണ്ടില്ലെങ്കിൽ മറ്റന്നാൾ വ്യാഴാഴ്ച റമദാൻ ഒന്നാവുകയും ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിന് തുടക്കമാവുകയും ചെയ്യും. ഫെബ്രുവരി പതിനേഴിലെ കണക്കനുസരിച്ച് ഭൂമിയിൽ നിന്നും 3,86,473 കിലോമീറ്റർ ദൂരത്തിൽ അക്ഷാംശം പതിനാറിലാണ് ചന്ദ്രൻ്റെ ഇന്നത്തെ സ്ഥാനം. കേരളത്തിൽ ഇന്ന് അമാവാസി അഥവാ ന്യൂ മൂൺ ആയതിനാലാണ് ചന്ദ്രപ്പിറവി കാണാൻ സാധ്യത കുറവാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നത്.

കേരളത്തിൽ റമദാൻ വ്രതം എന്നാണ് ആരംഭിക്കുന്നത്? (ETV Bharat)

ഇന്ന് ചന്ദ്രൻ അസ്തമിച്ച ശേഷമാകും കേരളത്തിൽ സൂര്യൻ അസ്തമിക്കുക. ചൊവ്വാഴ്ച രാവിലെ 6.47ന് ഉദിച്ച സൂര്യൻ 6.34നാണ് അസ്തമിക്കുന്നത്. പതിനൊന്ന് മണിക്കൂറും നാൽപ്പത്തിയേഴ് മിനിറ്റും മുപ്പത്തിയാറ് സെക്കൻഡും പകൽ വെളിച്ചമുണ്ടാകും. എന്നാൽ ഇന്ന് ചന്ദ്രൻ അസ്തമിക്കുന്നത് 6.33നാണ്. നിലവിലെ ന്യൂ മൂണിൻ്റെ തെളിച്ചം വെറും 0.1 ശതമാനം മാത്രമാണ്. സൂര്യൻ അസ്തമിച്ച് ഏതാനും മിനിറ്റുകൾ ചന്ദ്രൻ പടിഞ്ഞാറൻ ചക്രവാളത്തിൽ തുടരുകയും ഇല്യൂമിനേഷൻ ശക്തമാവുകയും ചെയ്താൽ മാത്രമേ നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രപ്പിറവി ദർശിക്കാനാകൂ.

കാലാവസ്ഥ നിഗമനങ്ങളും സാധ്യതകളും

ഇന്നത്തെ അന്തരീക്ഷം ഒറ്റപ്പെട്ട മേഘങ്ങളുള്ളതായിരിക്കും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട് തമിഴ്‌നാട് തീരത്തേക്ക് എത്തുന്ന സമയമായതിനാൽ പടിഞ്ഞാറൻ ആകാശത്തും മേഘങ്ങളുണ്ടാകും. ഈ സാഹചര്യത്തിൽ കേരളത്തിലും ഒമാനിലും ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി ഫെബ്രുവരി പത്തൊമ്പതിന് റമദാൻ ഒന്നാകാനാണ് സാധ്യതയെന്ന് മെറ്റ് ബീറ്റ് വെതർ സ്ഥാപകനായ കെ ജംഷാദ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.

അതേസമയം ഭൂമിയിൽ പടിഞ്ഞാറേക്ക് പോകും തോറും ചന്ദ്രപ്പിറവി കാണാനുള്ള സാധ്യതയുണ്ട്. ആഫ്രിക്കയിലും സൗദി അറേബ്യയുടെ പടിഞ്ഞാറ്, മധ്യ മേഖലകളിലും പതിനെട്ടിന് തന്നെ റമദാൻ ഒന്നായേക്കാം. ഒമാനൊപ്പം യുഎഇയിലും ഇത്തവണ റമദാൻ പത്തൊമ്പതിന് ആരംഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മാസപ്പിറവിയും മതപരമായ കാഴ്ചപ്പാടും

ചന്ദ്രപ്പിറവിയുടെ മതപരമായ വീക്ഷണം പരിശോധിക്കുമ്പോൾ, മാസപ്പിറവി ദർശിച്ചാൽ നോമ്പ് അനുഷ്ഠിക്കാനും പെരുന്നാൾ ആഘോഷിക്കാനുമുള്ള പ്രവാചകൻ മുഹമ്മദ് നബിയുടെ വചനമായ ഹദീസ് അനുസരിച്ചാണ് ഖാസിമാർ തീരുമാനങ്ങളെടുക്കുന്നത്. ഇതനുസരിച്ച് ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ പ്രകാരം ചന്ദ്രൻ ഉദിച്ചെന്ന് അറിഞ്ഞാൽ മാത്രം മാസപ്പിറവിയിൽ തീരുമാനമെടുക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാൽ മാത്രമേ ഖാസിമാർ മാസപ്പിറവി പ്രഖ്യാപിക്കുകയുള്ളൂ.

വിശ്വാസയോഗ്യനായ ഒരാൾ ആകാശത്ത് മാസപ്പിറവി കണ്ടതായി അറിയിച്ചാൽ വ്രതാനുഷ്ഠാനം തീരുമാനിക്കും. എന്നാൽ വിശ്വാസയോഗ്യരായ രണ്ട് സാക്ഷികൾ ചന്ദ്രപ്പിറവി കണ്ടുവെന്ന് ഖാസിമാരെ അറിയിച്ചാൽ മാത്രമാണ് പെരുന്നാൾ തീരുമാനിക്കുക. മുൻകാലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഖാസിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും പെരുന്നാൾ ആഘോഷം രണ്ട് ദിവസങ്ങളിലായി നടന്ന ചരിത്രവുമുണ്ട്. ഇത്തരം വലിയ തർക്കങ്ങളിലേക്ക് പോയ സാഹചര്യത്തിൽ ഖാസിമാർക്കിടയിലെ ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിൽ തീരുമാനമെടുത്ത് വരുന്നത്. കണക്കുകൾ മാത്രം അടിസ്ഥാനമാക്കി ചന്ദ്രപ്പിറവിയിൽ തീരുമാനമെടുക്കുന്ന ചില സംഘടനകൾ ഉണ്ടെങ്കിലും അവരുടെ തീരുമാനങ്ങൾക്ക് കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാകാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here