കോഴിക്കോട്: ‘സ്വർണം കട്ടവനാരപ്പാ…’ എന്ന പാട്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തരംഗമാവുകയും തുടർന്ന് കേസിലേക്കെത്തുകയും ചെയ്തതോടെ, അതിന്റെ രചയിതാവായ ജി.പി. കുഞ്ഞബ്ദുള്ള വീണ്ടും ശ്രദ്ധ നേടുകയാണ്.
ഇപ്പോൾ അദ്ദേഹം സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ടി.കെ. ഹംസയുടെ ജീവിതം ആസ്പദമാക്കിയ പുതിയ പാട്ടിന്റെ തിരക്കിലാണ്.
ടി.കെ. ഹംസയുടെ ജീവിതം വരച്ചിടുന്ന ‘ഏറനാടിന്റെ പുണ്യം…’ എന്ന പാട്ട് ഖത്തറിൽ റെക്കോർഡ് ചെയ്തുവെന്നും, ആൽബം ഉൾപ്പെടെ അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുമെന്നും കുഞ്ഞബ്ദുള്ള പറഞ്ഞു.
ശബരിമല വിഷയത്തിൽ മനസ്സു വേദനിച്ചപ്പോൾ എഴുതിയതാണ് ‘പൊറ്റിയെ കേറ്റിയേ’ എന്ന പാരഡിഗാനമെന്നും, അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആവശ്യപ്രകാരം എഴുതിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എഴുത്തിൽ രാഷ്ട്രീയം ഇല്ല’
ടി.കെ. ഹംസ തന്റെ പ്രിയപ്പെട്ട നേതാവാണെന്നും, സി.പി.എമ്മിലും മറ്റ് രാഷ്ട്രീയ പാർട്ടികളിലും ഇഷ്ടമുള്ള നിരവധി നേതാക്കളുണ്ടെന്നും കുഞ്ഞബ്ദുള്ള പറഞ്ഞു. ആറു വർഷത്തോളം ടി.കെ. ഹംസയെ പിന്തുടർന്ന് പഠിച്ച ശേഷമാണ് ആ ജീവിതം പാട്ടാക്കി മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഒരു പാട്ടിലോ പുസ്തകത്തിലോ ഒതുങ്ങുന്നതല്ല ഹംസയുടെ ജീവിതം. മാപ്പിളപ്പാട്ടിനെ ഹൃദയത്തിൽ സൂക്ഷിക്കുകയും അതിനായി ഗവേഷണം നടത്തുകയും ചെയ്ത ഹംസയെ മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് അവതരിപ്പിച്ചത്,” എന്നും കുഞ്ഞബ്ദുള്ള പറഞ്ഞു.
66 വയസു കഴിഞ്ഞ തനിക്ക് ഭീഷണികളോട് ഭയമില്ലെന്നും, പ്രതിപക്ഷ നേതാവടക്കം നിരവധി പേർ വിളിച്ചുവെന്നും, കേസ് വന്നാൽ നേരിടാമെന്ന നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറുഭാഗത്തുനിന്ന് കടുത്ത എതിർപ്പുണ്ടായതായും കുഞ്ഞബ്ദുള്ള പറഞ്ഞു.
“എന്റെ പേരാണോ പ്രശ്‌നം? ശബരിമലയിൽ പോകുന്നവർ പ്രത്യേക മതക്കാരാണോ? ശാസ്താവ് എല്ലാവരുടേതല്ലേ…?” എന്നും അദ്ദേഹം പ്രതികരിച്ചു.








