ഡൽഹിയേക്കാൾ മോശം കൊൽക്കത്ത; വായു മലിനീകരണ തോത് ഉയരുന്നു,

0
54

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വായു മലിനീകരണ തോത് ഡൽഹിയേക്കാൾ ഉയരുന്നു. ജനസാന്ദ്രതയുള്ളതും തിരക്കുള്ളതുമായ പ്രദേശങ്ങളിൽ ഓട്ടോമാറ്റിക് വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കണമെന്ന് ഗ്രീൻ ടെക്നോളജിസ്‌റ്റും പരിസ്ഥിതി പ്രവർത്തകനുമായ സോമേന്ദ്ര മോഹൻ ഘോഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്‌ച്ച മുമ്പ് വായു മലിനീകരണം വർധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.

‘കൃത്യമായ വിലയിരുത്തലിനായി ജനസാന്ദ്രതയുള്ളതും ഗതാഗതക്കുരുക്കുള്ളതുമായ പ്രദേശങ്ങളിൽ കുറഞ്ഞത് 20 ഓട്ടോമാറ്റിക് എയർ ക്വാളിറ്റി മോണിറ്ററുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കണം. നിലവിലുള്ള മോണിറ്ററിങ് സ്‌റ്റേഷനുകൾ ശരിയായ സ്ഥലങ്ങളിൽ അല്ലെ. മൗലാലി, ശ്യാംബസാർ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് ആവശ്യമെ’ന്നും സോമേന്ദ്ര മോഹൻ ഘോഷ് പറഞ്ഞു. മാനുവൽ മെഷീനുകൾക്ക് പകരം ഓട്ടോമാറ്റിക് സ്‌റ്റേഷനുകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള മിക്ക ഓട്ടോമാറ്റിക് സ്‌റ്റേഷനുകളും തിരക്കുകളും മറ്റുമില്ലാത്ത മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇത് യഥാർഥ വായുവിൻ്റെ ഗുണനിലവാരം കണ്ടെത്താൻ സാധിക്കില്ല. ഡിസംബർ ആറിനും 11 നും ഇടയിൽ കൊൽക്കത്തയിൽ ഡൽഹിയേക്കാൾ ഉയർന്ന വായു മലിനീകരണ തോത് രേഖപ്പെടുത്തി. വായു ഗുണനിലവാര സൂചിക 439 എത്തിയത് ജനങ്ങളിൽ ആശങ്ക പടർത്തിയിരിക്കുകയാണ്. അതേസമയം, ഡൽഹിയിൽ അതേ ദിവസം രേഖപ്പെടുത്തിയത് 345 ആയിരുന്നു.

ആശങ്ക പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ സയൻസ് ഫോറം

മലിനീകരണം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും ആരോഗ്യം, തൊഴിൽ, ശിശുക്ഷേമ വകുപ്പുകളോടും പശ്ചിമ ബംഗാൾ സയൻസ് ഫോറം ആവശ്യപ്പെട്ടു. വായു ഗുണനിലവാരം മോശമാകുന്നത് ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പൊതുജനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കണമെന്ന് പശ്ചിമ ബംഗാൾ സയൻസ് ഫോറം വ്യക്തമാക്കി.

പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യത്തിൽ തൊഴിൽ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം. കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ, പ്രായമായവർ എന്നിവരുടെ ആരോഗ്യത്തിന് സർക്കാർ അതീവ പ്രാധാന്യം നൽകണമെന്ന് പ്രസ്‌താവനയിൽ പറയുന്നു. വേഗത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സൗരവ് ചക്രവർത്തി കൂട്ടിച്ചേർത്തു. ഡൽഹിയിലെ ആശുപത്രികളിലേതുപോലുള്ള ഒരു സാഹചര്യം ഇവിടെ കാണാതിരിക്കാൻ പൊതുജനതാത്‌പര്യം മുൻനിർത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here