തിരുവനന്തപുരം: ഒറ്റ ദിവസത്തെ ടിക്കറ്റ് വരുമാനത്തില്‍ 10 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കെഎസ്ആര്‍ടിസി. ഇന്നലെ(ഡിസംബര്‍ 15) ഒറ്റ ദിവസം കെഎസ്ആര്‍ടിസി യുടെ കളക്ഷന്‍ ഇനത്തില്‍ നേടിയത് 10.77 കോടി രൂപയായിരുന്നു.
ടിക്കറ്റിതര വരുമാനമായി ലഭിച്ച 0.76 കോടി രൂപ ഉള്‍പ്പെടെ ഡിസംബര്‍ 15ന് ലഭിച്ചത് 11.53 കോടി രൂപ. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നിടത്തു നിന്നാണ് ഈ കുതിപ്പ്.
കഴിഞ്ഞ വര്‍ഷത്തെ സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ലാതെയുമാണ് കെഎസ്ആര്‍ടിസി ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അറിയിച്ചു. താന്‍ മന്ത്രിയായ ശേഷം നടത്തിയ കാലോചിതമായ പരിഷ്‌കരണങ്ങളിലൂടെയും കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ സ്വയംപര്യാപ്ത പ്രവര്‍ത്തനങ്ങളാണ് കെഎസ്ആര്‍ടിസിയെ ഈ നേട്ടത്തിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഈ നേട്ടത്തില്‍ കെഎസ്ആര്‍ടിസിയെ എത്തിക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്ത എം ഡി പ്രമോജ് ശങ്കറിനെയും ജീവനക്കാരെയും മന്ത്രി അനുമോദിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 8 നാണ് കെഎസ്ആര്‍ടിസി ആദ്യമായി 10 കോടി ക്ലബില്‍ എത്തുന്നത്. അന്ന് നേടിയ 10.19 കോടിയെന്ന കളക്ഷന്‍ റിക്കോര്‍ഡിനെയാണ് ഡിസംബര്‍ 15 ന് മറികടന്നത്. ഡിസംബര്‍ ഒന്നിന് 9.72 കോടി രൂപ കളക്ടഷന്‍ റിക്കോര്‍ഡും ടിക്കറ്റിതര വരുമാനമായ 77.9 കോടിയും ഉള്‍പ്പെടെ 10.5 കോടി രൂപ നേടിയിരുന്നു.
ചിട്ടയായ പ്രവര്‍ത്തനം നടപ്പാക്കിയതിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു.
മികച്ച വരുമാനം നേടുന്നതിന് നല്‍കിയിരുന്ന ടാര്‍ജറ്റ് 35 ഡിപ്പോകള്‍ക്ക് നേടാനായത് മികച്ച വരുമാനം നേടുന്നതിനു കാരണമായെന്നാണ് വിലയിരുത്തല്‍. പുതിയ ബസുകളുടെ വരവും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിറക്കാനായതും സേവനങ്ങളില്‍ കൊണ്ടു വന്ന ഗുണപരമാ മാറ്റങ്ങള്‍ യാത്രക്കാരില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അടുത്തയിടെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് കെഎസ്ആര്‍ടിസി ഡിജിറ്റലാക്കിയിരുന്നു.
ഇതിനു പിന്നാലെ നഷ്ടമുള്ള റൂട്ടുകളില്‍ പരമാവധി സര്‍വ്വീസ് കുറയ്ക്കാനും തീരുമാനിച്ചു. ബസിലെ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്താനുള്ള സംവിധാനം കെഎസ്ആര്‍ടിസി നടപ്പിലാക്കിയിട്ടുണ്ട്. ടിക്കറ്റ് മെഷീനിലെ വിവരങ്ങളുപയോഗിച്ചാണ് യാത്രക്കാരുടെ എണ്ണം മനസിലാക്കുക. ചലോ എന്ന മൊബൈല്‍ ആപ്പു വഴി പൊതുജനങ്ങള്‍ക്ക് ബസ് റൂട്ടുകളും യാത്രക്കാരുടെ എണ്ണവും മനസിലാക്കാനാകും.






